അറസ്റ്റിന് സാധ്യത ; ചിന്മയാനന്ദ് ആശുപത്രിയിൽ

Web Desk
Posted on September 17, 2019, 12:19 pm

ഷാജഹാൻപൂർ: പീഡനക്കേസിൽ ആരോപണവിധേയനായ ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ ആശുപത്രിയിൽ. കഴിഞ്ഞദിവസം പരാതിക്കാരിയായ നിയമവിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ചിന്മയാനന്ദ്  ചികിത്സ തേടിയിരിക്കുന്നത്.

നിരവധി ഡോക്ടർമാർ അടങ്ങിയ സംഘം ഇദ്ദേഹത്തിൻറെ ആശ്രമത്തിലെത്തിയാണ് ചികിത്സ നടത്തിയത്. നേരത്തെ പെൺകുട്ടി 43 വീഡിയോ തെളിവുകൾ ബിജെപി നേതാവിനെതിരെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ഇതോടെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.

ചിന്മയാനന്ദ് ഡയറക്ടറായ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ എസ്എസ് കോളജ് വിദ്യാര്‍ഥിനിയാണ് രണ്ടാഴ്ച മുന്‍പ് ഫേസ്ബുക്കിലൂടെ പീഡന പരാതി ഉന്നയിച്ചത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായി. ഇതോടെ വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതിയാണ് സംഭവം അന്വേഷിക്കാന്‍ എസ്ഐടി രൂപീകരിച്ച് ഉത്തരവിട്ടത്.

മകള്‍ക്ക് ഹോസ്റ്റലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചാണ് കുടുക്കിയതെന്ന് പിതാവ് പറഞ്ഞു. ഇതുപ്രകാരം പ്രത്യേക കുളിമുറിയുണ്ടായിരുന്നു. കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനം തുടര്‍ന്നതോടെ മകള്‍ ഒളികാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും ഇത്തരത്തില്‍ പകര്‍ത്തിയ വിഡിയോകളാണ് എസ്ഐടിക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ചിന്മയാനന്ദയുടെ ആശ്രമം പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം സീല്‍ ചെയ്തിരുന്നു. ചിന്മയാനന്ദയുടെ മുമുക്ഷു ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളും ബിജെപി നേതാവിനെ രക്ഷപെടുത്തുന്നതിന് വേണ്ടിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.