ചിന്മയാനന്ദിനെതിരായ പീഡനക്കേസ്: പരാതി നല്‍കിയ വിദ്യാര്‍ഥിനി അറസ്റ്റില്‍

Web Desk
Posted on September 25, 2019, 12:27 pm

ലഖ്‌നൗ: ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍.

ചിന്‍മയാനന്ദില്‍ നിന്ന് പണം അപഹരിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശ് പോലീസ് മേധാവി ഒപി സിങ് ഇക്കാര്യം സ്ഥിരീകരിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തതെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിനിയെ റിമാന്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. വിദ്യാര്‍ഥിനെ ക്രൂരമായി വലിച്ചിഴച്ചാണ് വീട്ടില്‍ നിന്ന് പോലീസ് കൊണ്ടുപോയത്.
യുവതിയെ പൊലീസ് കഴിഞ്ഞദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയിലേക്ക് പോകുന്നതിനിടെ വഴിയില്‍ തടഞ്ഞ് നാടകീയമായാണ് പെണ്‍കുട്ടിയെ യുപി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനാല്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് വിരുദ്ധമായാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ യുവതി സമീപിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചായതിനാല്‍ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നതിനായി ഷാജഹാന്‍പൂര്‍ കോടതിയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിയെ കസ്റ്റഡിയിലെടുത്തത്.

ചിന്‍മയാനന്ദ് നല്‍കിയ കേസില്‍ യുവതിയുടെ ഒരു സുഹൃത്തിനെയും രണ്ട് ബന്ധുക്കളെയും നേരത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി നല്‍കിയ ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ചിന്‍മയാനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാള്‍ പൊലീസിന് മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു.

ലൈംഗിക പീഡന കേസില്‍ ഇരയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത ഉത്തര്‍ പ്രദേശ് പോലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.