പ്രൊഫ. ഒ ജെ ചിന്നമ്മയെ കേരളമറിയും. മദ്യനിരോധന സമിതി സംസ്ഥാനത്തുടനീളം നടത്തിയ എല്ലാ സമരങ്ങളുടെയും മുന്നില്‍ കരുത്തോടെ നിലയുറപ്പിച്ച വ്യക്തിത്വം. ലഹരിവിരുദ്ധ പ്രവര്‍ത്തകയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ആദ്യമായി അര്‍ഹയായ ആള്‍. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അധ്യാപിക. സാമൂഹ്യക്ഷേമവകുപ്പിന്റെ മഹിളാതിലകം സംസ്ഥാന അവാര്‍ഡും പ്രൊഫ. എം പി മന്മഥന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ മന്മഥന്‍ മാനവസേവാ പുരസ്‌കാരവും ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ട്. മന്മഥന്‍ മാനവസേവാ പുരസ്‌കാരമായി ലഭിച്ച ഒരുലക്ഷം രൂപ മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ക്കാണ് സമര്‍പ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട കോളജ് അധ്യാപനകാലത്ത് മികച്ച അധ്യാപിക എന്ന പേരെടുക്കുക മാത്രമല്ല സാമൂഹ്യപ്രതിബദ്ധതയോടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മദ്യവിരുദ്ധ സംസ്ഥാന വനിതാവിഭാഗം പ്രസിഡന്റ് എന്ന നിലയില്‍ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ ഇന്നും സജീവമാണ്.
കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് മലയാളം വിഭാഗം അധ്യക്ഷനുമായിരുന്ന പ്രൊഫ. ടി എം രവീന്ദ്രന്റെ ജീവിതത്തിലേക്ക് കടന്നപ്പോഴാണ് ചിന്നമ്മയും മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഒരിക്കലും ഉപയോഗിക്കാത്ത പിതാവിന്റെ മകള്‍ എന്ന നിലയില്‍ മദ്യത്തെയും മദ്യപാനത്തെയും ഒരിക്കലും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ അവർക്ക് കഴിയുമായിരുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍ തന്നെയാണ് കടുത്ത മദ്യവിരുദ്ധ പ്രവര്‍ത്തകനെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുന്നതും. സാമൂഹികവും മതപരവുമായ എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്തെറിഞ്ഞ് ഇതര മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്യാനെടുത്ത തീരുമാനം പോലെ തന്നെ ധീരമായ നിലപാടുകളാണ് പില്‍ക്കാലത്ത് ടീച്ചര്‍ ലഹരിക്കെതിരെയും സ്വീകരിച്ചത്. മദ്യവും മറ്റിതര ലഹരി വസ്തുക്കളും പുതിയ തലമുറയെ കാര്‍ന്നു തിന്നുമ്പോള്‍ അതിനെതിരെ സ്‌കൂളുകളിലും കോളജുകളിലും എത്തി ബോധവത്ക്കരണ പരിപാടികളും പൊതുപരിപാടികളും സംഘടിപ്പിക്കാനും ചിന്നമ്മ മുന്‍കൈ എടുക്കുന്നുണ്ട്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ അധ്യാപകരായിരുന്ന ഇരുവരും കലാലയത്തില്‍ തങ്ങളുടെ കടമ പൂര്‍ണമായും നിറവേറ്റിയ ശേഷം മദ്യവിരുദ്ധ പ്രവര്‍ത്തനവുമായി നാടിന്റെ മുക്കിലും മൂലയിലുമെത്തി. തലമുറകളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തുമ്പോള്‍ തന്നെ ലഹരിയുടെ അഗാധതയിലേക്ക് മുങ്ങിത്താഴുന്നവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പരിശ്രമവും പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന് അപ്രതീക്ഷിതമായി കണ്ടുമുട്ടി ഒന്നിച്ചു ജീവിച്ച് ഒട്ടേറെ മനുഷ്യര്‍ക്ക് ആശ്വാസം പകര്‍ന്നുനല്‍കുന്നതാണ് മാഷിന്റെയും ടീച്ചറുടെയും ജീവിതം. മദ്യവിപത്തിനെതിരെയുള്ള സന്ധിയില്ലാ സമരം പോലെ തന്നെ മലയാളി കഴിക്കുന്ന വിഷഭക്ഷണത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ടീച്ചറിപ്പോള്‍. നാമറിയാത്ത ഏതൊക്കെയോ നാടുകളില്‍ നിന്നെത്തുന്ന ധാന്യങ്ങളും പച്ചക്കറികളും മത്സ്യമാംസാദികളും മലയാളികളെ നിത്യരോഗത്തിലേക്കും കൊടുംദുരിതങ്ങളിലേക്കും തള്ളിവിടുന്ന, ഓരോ വീടുകളും ആശുപത്രികള്‍ക്ക് സമാനമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ”നല്ല ഭക്ഷണം നല്ല ആരോഗ്യം” എന്ന സന്ദേശം പകര്‍ന്നുകൊണ്ട് കൃഷിയുടെ പുതിയ പാഠം ഒരുക്കുകയാണ് ചിന്നമ്മ ടീച്ചര്‍.
മണ്ണായ മണ്ണിലെല്ലാം കോണ്‍ക്രീറ്റ് വാരിപ്പൂശിയപ്പോള്‍ കൃഷിചെയ്യാന്‍ മണ്ണില്ലെന്ന് വിലപിക്കുന്ന മധ്യവര്‍ഗ്ഗ മലയാളി ഇവരുടെ വീടിന്റെ മുകള്‍ത്തട്ട് കാണേണ്ടതു തന്നെയാണ്. അവിടെ വിളയാത്ത പച്ചക്കറികളും ഫലവര്‍ഗങ്ങളുമില്ല. ഇത് കൂടാതെ സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലായി വാഴയും കപ്പയും ചേമ്പും ചേനയും തഴച്ചുവളരുന്നു. മാവും പ്ലാവും തെങ്ങും സമൃദ്ധമായി കായ്ക്കുന്നു. തങ്ങളുടെ ആവശ്യത്തിനുള്ളത് മാത്രം എടുത്ത് ബാക്കിയുള്ളവയെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കാനും ടീച്ചര്‍ ശ്രദ്ധിക്കും. പരമാവധിയാളുകള്‍ മണ്ണിന്റെ രുചിയുള്ള ഭക്ഷണം കഴിക്കണമെന്നാണ് ടീച്ചറുടെ ആഗ്രഹം. ആദിവാസി കോളനികളില്‍ അടക്കം മദ്യവിരുദ്ധ സന്ദേശങ്ങളെത്തിക്കുകയും അവരെയും മദ്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ അണിനിരത്തുകയുമാണിപ്പോള്‍. ആദിവാസി ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളും ദുരിതങ്ങളും കണ്ടറിഞ്ഞ് സഹായങ്ങളെത്തിക്കാനും ടീച്ചര്‍ ശ്രമിക്കാറുണ്ട്.
English summary:chinnamma teacher story
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.