പാളം മുറിച്ച് കടക്കരുത്, ട്രെയിനിന്റെ വാതിലിൽ തൂങ്ങി യാത്ര ചെയ്യരുത്’; മുന്നറിയിപ്പുമായി ചിന്നപ്പൊണ്ണ്

Web Desk
Posted on November 19, 2019, 6:16 pm

ചെന്നൈ: റെയില്‍വേ സ്റ്റേഷനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ ഉപയോഗിക്കാതെ എളുപ്പത്തിന് പാളം മുറിച്ചുകടക്കലുകളും ട്രെയിനിന്റെ വാതിലില്‍ തൂങ്ങിനിന്നുള്ള യാത്രകളും ഒക്കെ പലപ്പോഴും അപകടത്തിലാണ് എത്തുക. എത്രയൊക്കെ ബോധവൽക്കരണം നൽകിയാലും വീണ്ടും അത് തന്നെ ആവർത്തിച്ച് അപകടങ്ങൾ ക്ഷണിച്ച് വരുത്തും.

ഇത്തരത്തില്‍ പാളം മുറിച്ചു കടക്കുന്നവര്‍ക്കും വാതിലില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നവര്‍ക്കും മുന്നിറിയിപ്പ് നൽകാൻ ഒരുപാട് വഴികൾ ഉദ്ദ്യോഗസ്ഥർ പയറ്റിയിട്ടുണ്ട്. എന്നാൽ അങ്ങു തമിഴ്നാട്ടിൽ മുന്നറിയിപ്പ് നൽകാൻ ഒരു ആളുണ്ട്. ആളു വെറെയാരും അല്ല. ഒരു നായയാണ്. പേര് ‘ചിന്നപ്പൊണ്ണ്’.

 

ചെന്നൈയിലെ പാര്‍ക്ക് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലാണ് ചിന്നപ്പൊണ്ണിന്റെ ‘സേവനം’. രണ്ടുവര്‍ഷം മുമ്പ് ആരോ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചതാണ്. പിന്നീട് സ്റ്റേഷനിലെ ആര്‍പിഎഫുമായി ചങ്ങാത്തത്തിലാവുകയായിരുന്നു. റെയില്‍പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരോടും ട്രെയിനിന്റെ വാതില്‍പ്പടിയില്‍നിന്ന് യാത്ര ചെയ്യുന്നവരോടും അങ്ങനെ ചെയ്യരുതെന്ന് കുരച്ചുകൊണ്ട് ചിന്നപ്പൊണ്ണ് മുന്നറിയിപ്പ് നല്‍കും.

യാത്രക്കാര്‍ക്ക് മറ്റൊരു വിധത്തിലുള്ള ശല്യവും ചിന്നപ്പൊണ്ണിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ലെന്ന് യാത്രക്കാരും സ്റ്റേഷനിലെ വ്യാപാരികളും പറയുന്നു. ചിന്നപ്പൊണ്ണിനെ കുറിച്ച്‌ ദ ഹിന്ദു ചെയ്ത വീഡിയോ റെയില്‍വേ മന്ത്രാലയം റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.