ചിന്താവിഷ്ടയായ സീതയും ആയിഷയും

Web Desk
Posted on November 14, 2019, 10:26 pm
kureeppuzha

നൂറു വയസായ ചിന്താവിഷ്ടയായ സീതയും വയലാറിന്റെ അറുപത്തഞ്ചു വയസായ ആയിഷയും വർത്തമാനകാലത്തെ കലുഷാന്തരീക്ഷത്തിൽ വീണ്ടും വായിക്കേണ്ട കൃതികളാണ്. ഈ രണ്ടുകൃതികളും തമ്മിലുള്ള ചില ആശ്ലേഷങ്ങളും കുതറിമാറലുകളും പ്രത്യേക പഠനം അർഹിക്കുന്നുണ്ട്. ആശ്ലേഷങ്ങളിൽ പ്രധാനം രണ്ടുകൃതികളും പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ കുറിച്ചുള്ളതാണ് എന്നതാണ്. സീതയുടെ സൃഷ്ടാവായ വാല്മീകിയും ആയിഷയുടെ കവിയും രണ്ടു കവിതകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ സംരക്ഷിക്കുന്ന മ­ഹാകവിയാണ് വാല്മീകി. ദുരന്തനായികയായ ആയിഷയോടൊപ്പം നിൽക്കുന്ന കവിയാണ് വ­യലാർ. രണ്ടുകൃതികളും കരുണയില്ലാതെ പെ­രുമാറിയ ഭർത്താക്കന്മാരെ പ്രതിക്കൂട്ടിൽ നിറുത്തുന്നുണ്ട്. ആശാന്റെ സീത ഒരു വ്യവസ്ഥാപി­ത കുലസ്ത്രീക്ക് ഇണങ്ങുന്ന മട്ടിൽ രാമനെ ബഹുമാനപൂർവ്വം വിമർശിക്കുകയാണെങ്കിൽ ആയിഷ, ഭർത്താവിനെ കുത്തിക്കൊല്ലുകയാണ്.

സീതയും ആയിഷയും പെറ്റമ്മയുടെ വാത്സല്യം നുകരാൻ കഴിയാതെ വളർന്നവരുമാണ്. വർത്തമാനകാലത്തുപോലും രാമനെ മാതൃകാരാജാവായി ഉയർത്തിക്കാട്ടുന്നുണ്ട്. അതിനു തെളിവായി രാമരാജഭക്തർ പറയുന്നത്, സീതയെ കാട്ടിൽ ഉപേക്ഷിച്ച കാര്യം തന്നെയാണ്. പ്രജകളുടെ അഭിപ്രായത്തെ മാനിക്കുന്ന ഭരണാധികാരി ആയിരുന്നത് കൊണ്ടാണ് സ്വന്തം ഭാര്യയെ പ്രജകളുടെ അഭിപ്രായം മാനിച്ചു വന്യമൃഗങ്ങൾക്ക് തിന്നാനെറിഞ്ഞുകൊടുത്തത്. സീത ആ ഭൂതകാലത്തിരുന്നുകൊണ്ട് ഈ വർത്തമാനകാല വകതിരിവില്ലായ്മയെ തിരുത്തുന്നുണ്ട്. കാട്ടിലേക്ക് പോകാനിറങ്ങിയ രാമനെയും സീതയേയും ലക്ഷ്മണനെയും പ്രജകൾ പിന്തുടരുന്നുണ്ടല്ലോ. പോകരുതെയെന്നു പ്രജകൾ കേണപേക്ഷിക്കുന്നുണ്ട്. പ്രജകളുടെ ആ അപേക്ഷ നിരസിച്ചുകൊണ്ടാണ് രാമൻ കാടുകയറുന്നത്. വൃദ്ധനായ ദശരഥമഹാ­രാജാവിന്റെ കാര്യപ്രാപ്തിയുള്ള പുത്രൻ പ്രജകളുടെ അഭ്യർത്ഥന മാനിച്ചതെയില്ല. അയോധ്യ ഭരിച്ചത് ചെരിപ്പുകൾ ആയിരുന്നു. മാത്രമല്ല പ്രജകൾ പറയുന്നതിലെ ശരിതെറ്റുകൾ അറിഞ്ഞൊരു തീരുനമെടുക്കാൻ രാമൻ പരാജയപ്പെട്ടു.

നാട്ടുവർത്തമാനങ്ങൾ കേട്ടു ഭാര്യയെ ഉപേക്ഷിച്ചതുമൂലം നാട്ടുകാരിൽ ചിലർ സീതയിൽ ആരോപിച്ച കളങ്കം ശരിയാണെന്നു വരുത്തിത്തീർക്കുക കൂടി ചെയ്തു ഈ മാതൃകാ പുരുഷൻ. രാമൻ പല സന്ദർഭങ്ങളിലായി ചെയ്ത കൊടും പാതകങ്ങളെയും സീത ഓർമ്മിക്കുന്നുണ്ട്. അതിൽ പ്രധാനം ശംബൂകനെന്ന കീഴാളമുനിയെ കൊന്നതാണ്. കീഴാളരോടും സ്ത്രീകളോടും ഒരുപോലെ നിന്ദ ചെയ്യുന്ന ആളായി അധപ്പതിച്ചല്ലോ രാമൻ എന്ന ചിന്തയും സീത പങ്കിടുന്നു. ഒരു കവി, സ്വന്തം കവിതാപാത്രങ്ങളെ കൊണ്ട് പറയിപ്പിക്കുന്നത് പലപ്പോഴും കവിക്ക് പറയാനുള്ള അഭിപ്രായം. കീഴാളരോടും സ്ത്രീകളോടും ഒരു ഭരണകൂടവും മോശമായി പെരുമാറരുത് എന്ന സ്വന്തം അഭിപ്രായം മഹാകവി സീതയെക്കൊണ്ടും ആലോചിപ്പിക്കുന്നുണ്ട്. ചിന്താവിഷ്ടയായ സീതയിൽ, എല്ലാ വിമർശനങ്ങളും ചിന്തിക്കുമ്പോഴും വളരെ ബഹുമാനവും വിധേയത്വവും സീത പുലർത്തുന്നുണ്ട്. അന്നത്തെ കുലസ്ത്രീ സങ്കൽപ്പത്തിന് നിരക്കുന്ന വിധത്തിലാണ് കൃതി രചിച്ചിട്ടുള്ളത്.

രാമൻ ദൈവത്തിന്റെ അവതാരമാണ്. രാജാവും ഭർത്താവുമാണ്. ഇതെല്ലാം ഓർമ്മിച്ചുകൊണ്ടാണ് സീത രാമവിചാരണ നടത്തുന്നത്. വിയോജിപ്പിന്റെ പാരമ്യതയായി കണക്കാക്കാവുന്നത് സീതയുടെ വിയോഗമാണ്. അവിശ്വസിക്കുകയും മാനസികമായും ശാരീരികമായും മുറിവേൽപ്പിക്കുകയും ചെയ്ത ആളോടൊപ്പം ഇനിയുമൊരു ജീവിതം വേണ്ടെന്നു തന്നെ സീത തീരുമാനിച്ചു. ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച ദുഃഖപാത്രമാണ് സീത. വാല്മീകിയും ആശാനും എല്ലാ കാലത്തെയും കവികളോടു ചെയ്യുന്ന ആ­ഹ്വാനം തിരസ്കൃതയായ സ്ത്രീയോടൊപ്പം നിൽക്കണമെന്നും ഒന്നിച്ചുള്ള ജീവിതംപോലും വേണ്ടിവന്നാൽ നിരസിച്ച് ഏറ്റവും ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാൻ സ്ത്രീകവിതാ പാത്രത്തെ സജ്ജമാക്കണമെന്നുമാണ്. നിഷ്ക്കളങ്കയായ ഒരു ബാലികയായിരുന്നു സീതയെ പോലെ ആയിഷ. അവളുടെ പിതാവ് ആയിഷയെ ഒരു സമ്പന്നനു വിറ്റു. ഇറച്ചിവെട്ടുകാരനായ അദ്രമാന്റെ നിസഹായത ശ്രദ്ധേയമാണ്. ആയിഷയെ ആസ്വദിച്ച ഭർത്താവ്, മറ്റു ഭാര്യമാരോട് പെരുമാറിയതുപോലെ അവളെയും മൊഴി ചൊല്ലി.

അക്ഷരാർത്ഥത്തിൽ ആ­യിഷ തെരുവാധാരമായി. തെരുവിലെ ലൈംഗിക തൊഴിലാളികളാണ് അവളെ ഏറ്റെടുക്കുന്നത്. അവൾക്കു പിറന്ന ചോരക്കുഞ്ഞിനെ അവർ എറിഞ്ഞു കളഞ്ഞു. പട്ടികൾ കടിച്ചു പറിച്ച നിലയിൽ ആയിഷയുടെ കുഞ്ഞിന്റെ മൃതദേഹം കിട്ടി. ആയിഷ ജയിലിലായി. തടവറ വിട്ടുവരുമ്പോൾ അവൾ വീണ്ടും ഗർഭിണിയായിരുന്നു. ആ കുഞ്ഞിനെ അവൾ കൊന്നില്ല. റഹീം എന്നുപേരിട്ടു വിളിച്ചു. അവൻ ആയിഷയുമ്മാടെ പൊന്നുമോനായി പാട്ടും പാടി തെരുവിൽ തെണ്ടി വളർന്നു. ആയിഷയെ മൊഴിചൊല്ലിയ ഭർത്താവ് ഒരിക്കൽ അവളുടെ കൂരയിലെത്തി. സ്ത്രീലമ്പടനായ അയാൾ നഗരത്തിലെ ഏതെങ്കിലും വേശ്യയെ തേടിവന്നതായിരുന്നു. ആയിഷയെ തിരിച്ചറിഞ്ഞപ്പോൾ കൊല്ലാൻ ശ്രമിച്ചു. ആയിഷ അയാളെ കുത്തിക്കൊന്നു. അഭിസാരികകളെ കൊണ്ടാടിയ ഒരു ഭൂതകാലം മലയാളകവിതയ്ക്ക് ഉണ്ട്. അച്ചീചരിതങ്ങളും മേദിനീവെണ്ണിലാവിന്റെ ചന്ദ്രോത്സവവും എല്ലാം ബഹുമാന്യകളായ അഭിസാരികകളെ ആഘോഷിച്ച കൃതികളാണ്.

കവിതയി­ൽ, തെ­രുവിലെ ലൈംഗിക തൊഴിലാളികളോടൊപ്പം നിൽക്കുകയും അവരുടെ കണ്ണീരിൽ കു­തിർന്ന ജീവിതം പകർത്തുകയും ചെയ്തത് വയലാറാണ്. ആയിഷ എന്ന കൃതിയിലൂടെ. ഒരു തെരുവു ലൈംഗികത്തൊഴിലാളി എങ്ങനെയുണ്ടാകുന്നു? നളിനി ജമീലയുടെ ജീവിതകഥ നമ്മുടെ മുന്നിലുണ്ട്. ആയിഷയിൽ മതം അനുശാസിക്കുന്ന സ്ത്രീ വിരുദ്ധതയാണ് തെരുവിലേക്ക് വലിച്ചെറിയപ്പെടാൻ കാരണമാകുന്നത്. ആയിഷയുടെ കുടുംബത്തിന്റെ സാമ്പത്തികമായ പിന്നാക്കാവസ്ഥയും വിദ്യാരാഹിത്യവും മറ്റൊരു കാരണം. ആയിഷ വേശ്യാവൃത്തി സ്വീകരിക്കാതെ ഭിക്ഷാടനത്തിന് ശ്രമിച്ചു പരാജയപ്പെടുന്നുണ്ട്. കൈ നീട്ടിയാൽ കാലണ കിട്ടില്ല എന്നാൽ ക­ട­ക്കണ്ണ് അനക്കിയാൽ നാലണ കിട്ടും. ഈ സാ­മൂഹ്യാവസ്ഥയാണ് ആയിഷയെ വിശപ്പ് മാറ്റുവാനായി ലൈഗികതൊഴിലിലേക്ക് തള്ളിയിടുന്നത്. ഈ മാരകമായ സാമൂഹ്യാവസ്ഥ വയലാർ വെളിച്ചത്തു കൊണ്ടുവരുന്നു. റഹീം പാടുന്ന മാപ്പിളപ്പാട്ടിന് ഗംഭീരമായ ഒരു അർത്ഥമുണ്ട്. അമ്പിളിപ്പെണ്ണിനെ മൊത്തുവാൻ മാനത്ത് പൊൻപണം തൂകിയോരെ, നിങ്ങടെ കൊമ്പൻ തലപ്പാവു തട്ടിക്കളയുന്ന ചെമ്പൻ പുലരി കണ്ടാ എന്നാണു റഹീമിന്റെ പാട്ട്.

തെരുവുജീവിതങ്ങളിൽ സ്വപ്നങ്ങൾ വിതച്ച ഒരു പ്രത്യയശാസ്ത്രത്തിൻറെ സാന്നിദ്ധ്യം റഹീമിന്റെ പാട്ടിലുണ്ട്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ആയിഷ പിതാവിനെ കാണാൻ പോകുന്നുണ്ട്. പക്ഷെ അദ്രമാൻ പന്നിമാംസം വിൽക്കാനുണ്ടോ എന്ന് ചോദിച്ച ഒരാളെ കത്തിയുമായി നേരിട്ടു. കവി പറയുന്നത്, രക്തമാംസങ്ങൾക്കുള്ളിൽ ക്രൂരമാം മതത്തിന്റെ ചിത്തരോഗാണുക്കളുമായവർ തമ്മി­ൽ തല്ലി എന്നാണ്. അദ്രമാൻ ജയിലിലായി. ആയിഷ, പിതാവിന്റെ കട നിന്നേടത്ത് ഒരു ഓയിൽമില്ല് അഹങ്കരിച്ച് അലറുന്നത് കേട്ടു. അങ്ങനെയൊരു അഭയം ഇനിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അവൾക്കു തെരുവു മാത്രമായി ശരണം. ഇങ്ങനെ നിരവധി അഭയരാഹിത്യങ്ങളാണ് ഒരു സ്ത്രീയെ തെരുവിൽ എത്തിക്കുന്നത്. ഈ ദുരവസ്ഥ വയലാർ വ്യക്തമാക്കുന്നുണ്ട്. ആയിഷ നൽകുന്ന സന്ദേശം സ്ത്രീ വിമോചനമാണ്. സ്ത്രീയുടെ രക്ഷാമാർഗം. സീത തേടിയതും പുരുഷാധിപത്യത്തിന് അതീതമായ ര­ക്ഷാമാർഗമാണ്.