ചിതല്‍ തിന്നുന്ന വീട്

Web Desk
Posted on December 16, 2017, 8:02 pm

പി വിമല

ചിതല്‍ തിന്ന
വീട്ടില്‍ നിന്നും
അടിച്ചുവാരി
പുറത്തെറിഞ്ഞവയെല്ലാം
തിരികെ,
വീടിനുള്ളിലേയ്ക്ക്
ഒരു നീളുന്ന നോട്ടം
വരച്ചു ചേര്‍ത്തു.

പഴകിയ
പാല്‍മണമിറ്റുന്ന
കുഞ്ഞുടുപ്പുകള്‍
അടഞ്ഞ നിലവിളികളോടെ
ചിതറിയ മരത്തൊട്ടിലിനെ
ചുറ്റിവരിഞ്ഞു.

ഊന്നുവടിയും
തുപ്പല്‍ കോളാമ്പിയും
മെതിയടികളും
കുഴമ്പു ഭരണികളും
വേച്ചു വേച്ച്
പിന്നാമ്പുറത്തെ
ചായ്പ്പിലേയ്ക്ക്
നൂണു കടന്നു.

ഇരട്ടവാലന്‍
തിന്നു മടുത്ത
നിറംമങ്ങിയ
പുസ്തകങ്ങള്‍
പാറ്റാഗന്ധമുളള
തടിയലമാരയ്ക്കു പിന്നില്‍
ഓര്‍മ്മത്തെറ്റുകളുടെ
കൂമ്പാരമായ്
തീനാളങ്ങളെ ഭയന്ന്
ഒളിച്ചിരുന്നു.

ചിരട്ടത്തവികള്‍
പണ്ടേപോലെ
അടുക്കളപ്പാത്രങ്ങളിലെ
വിഭവങ്ങളിലേയ്ക്ക്
ആഴ്ന്നിറങ്ങാന്‍
കൊതിയോടെ
നാവു നുണഞ്ഞു.

ഉപ്പുമരവി
തന്റെയുള്ളിലെ
തണുത്തയിരുട്ടിനെ
പിഴിഞ്ഞു പിഴിഞ്ഞ്
അടുക്കളക്കാറ്റിലേയ്ക്ക്
ഉപ്പുരുചി നീട്ടി.

കുഞ്ഞാടിന്റെ
ക്ലാവു പിടിച്ച ഓട്ടുമണി
കിലുക്കത്തേക്കാളുച്ചത്തില്‍
കരഞ്ഞു തളര്‍ന്ന്
നിലംപറ്റിയ തൊഴുത്തിലേയ്ക്ക്
ഉറ്റുനോക്കി.

ചിമ്മിനി വിളക്കുകളും
റാന്തലുകളും
ചിന്നിച്ചിതറിയ
ഉടലുകളോടെ
അകത്തും പുറത്തും
ഇരുളകറ്റാനായി
നാട്ടുമാഞ്ചോട്ടില്‍
ചരിഞ്ഞു കിടന്നു.

പക്ഷേ
ഓരോ മഴപ്പെയ്ത്തിലും
വെയില്‍ നോവിലും
പൊട്ടിയടരാത്ത
ആട്ടുകല്ലുംമരക്കല്ലും
‘ഞങ്ങള്‍ക്കിനിയുമരയുവാന്‍ വയ്യേ ’
എന്നു പറഞ്ഞ്
ചിതല്‍ തിന്ന വീടിന്റെ
അടഞ്ഞ മൂലയില്‍
വെറുതെ
കുന്തിച്ചിരുന്നു.