കൈക്കൂലി വാങ്ങുന്നതിനിടെ ചിതറ സബ്‌രജിസ്ട്രാര്‍ പിടിയില്‍

Web Desk
Posted on October 16, 2018, 10:51 pm
കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ സബ്‌രജിസ്ട്രാറെ വിജിലന്‍സ് പിടികൂടി. ചിതറ സബ്‌രജിസ്ട്രാര്‍ ആര്‍ വിനോദാണ് അറസ്റ്റിലായത്. ഇയാള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നയാളാണ്.
മാങ്കോട് സ്വദേശിയായ ഉഷാര്‍ എന്ന വ്യക്തിയുടെ അമ്മയുടെ പേരില്‍ ചിതറ പൊന്നാഴി എന്ന സ്ഥലത്തുള്ള 18 സെന്റോളം സ്ഥലം ഉഷാറിന്റെ മൂത്ത സഹോദരനായ ഉല്ലാസ് ബാബുവിന്റെ പേരില്‍ എഴുതി നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയും അതിന്റെ രജിസ്‌ട്രേഷനുവേണ്ടി സബ്‌രജിസ്ട്രാറെ സമീപിക്കുകയുമായിരുന്നു. ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം 10,000 രൂപ കൈക്കൂലി നല്‍കണമെന്നും സബ്‌രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. ഉല്ലാസ് ബാബുവിന്റെ രോഗബാധിതനായ മകന്റെ ചികിത്സാചെലവ് കണ്ടെത്തുന്നതിന് ഈട് നല്‍കുവാനാണെന്ന് പറഞ്ഞിട്ടും കൈക്കൂലി നല്‍കിയാലേ രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്ന് ഇയാള്‍ ശഠിച്ചു.
പിന്നീട് ഉഷാറിന്റെ സുഹൃത്തും ലൈസന്‍സിയുമായ ജ്യോതിഷിന്റെ മദ്ധ്യസ്ഥതയില്‍ 5000 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കാമെന്ന് സബ്‌രജിസ്ട്രാര്‍ സമ്മതിക്കുകയായിരുന്നു. തിങ്കളാഴ്ച വസ്തു രജിസ്റ്റര്‍ ചെയ്യുകയും അഡ്വാന്‍സായി 2000 രൂപ കൈമാറുകയും ബുധനാഴ്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വരുമ്പോള്‍ അവശേഷിക്കുന്ന 3000 രൂപ നല്‍കണമെന്ന് വിനോദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉഷാറും ജ്യോതിഷും വിവരം കൊല്ലം വിജിലന്‍സ് യൂണിറ്റിനെ അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഓഫീസില്‍ വച്ച് രൂപ കൈമാറുമ്പോള്‍ വിജിലന്‍സ് ഡിവൈഎസ്പി അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
വിജിലന്‍സിന്റെ നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥനായ വിനോദ് കരുനാഗപ്പള്ളി പടിഞ്ഞാറ്റിന്‍കര സ്വദേശിയാണ്. തിരുവനന്തപുരം ജില്ലയിലെ കവലയൂര്‍ സബ്‌രജിസ്ട്രാറായി ജോലി നോക്കിയിരുന്നപ്പോള്‍ ഇയാള്‍ക്കെതിരെ വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. വിജിലന്‍സിന്റെ നോട്ടപ്പുള്ളിയായെന്ന് മനസ്സിലാക്കിയ ഇയാള്‍ കഴിഞ്ഞ മാസം ചിതറ സബ്‌രജിസ്ട്രാറായി സ്ഥലംമാറ്റം വാങ്ങി പോകുകയായിരുന്നു. ഇയാളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് കൊല്ലം യൂണിറ്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ് കൃഷ്ണന്‍, രവികുമാര്‍, സബ്ഇന്‍സ്‌പെക്ടര്‍മാരായ സുനികുമാര്‍, ജവഹര്‍, എഎസ്‌ഐമാരായ ഫിലിപ്പോസ്, ഹരിഹരന്‍, ആല്‍ബര്‍ട്ട്, സജീവന്‍, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.