ചിത്രയാത്രയ്ക്ക് ജില്ലയുടെ തെക്കന്‍ മേഖലയില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്

Web Desk
Posted on May 09, 2018, 10:18 pm

തൃക്കരിപ്പൂര്‍: സാന്ധ്യശോഭയില്‍ കായലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്ന് കടല്‍കാക്കകള്‍. പഴയ കാലത്ത് വസൂരി രോഗം പിടിപെട്ട് മരണാസന്നരായ മനുഷ്യരെ തള്ളുന്ന കുരിപ്പാടിയാണ് തൊട്ടടുത്ത്. കാല്‍ നൂറ്റാണ്ടു കാലം ഏകാന്ത ജീവിതം നയിച്ച ദമ്പതിമാര്‍ കഴിച്ചുകൂട്ടിയ കൊച്ചത്തുരുത്ത് കുരിപ്പാടിക്ക് തൊട്ടു മുന്നില്‍ . ചിത്രകാരന്‍മാരുടെ ക്യാന്‍വാസുകളില്‍ വരകളുടെയും വര്‍ണങ്ങളുടെയും മേളം.
കാസര്‍കോടിന്റെ ദൃശ്യചാരുത ചിത്രങ്ങളിലേക്ക് പകര്‍ത്തി വിനോദ സഞ്ചാരത്തിന്റെ വിശാല സാധ്യതകള്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചിത്ര യാത്രയ്ക്ക് ജില്ലയുടെ തെക്കന്‍ മേഖലയില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്. ബേക്കല്‍ റിസോട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ ഫോക് ലാന്റിന്റെ സഹകരണത്തോടെ ഒരുക്കിയ രണ്ടുനാള്‍ നീണ്ട ചുമര്‍ചിത്രകാരന്‍മാരുടെ കാസര്‍കോടിനെ തൊട്ടറിഞ്ഞു കൊണ്ടുള്ള യാത്രയാണ് അവിസ്മരണീയ അനുഭവമായി മാറിയത്.
ബുധനാഴ്ച രാവിലെ നീലേശ്വരം തെക്കെ കോവിലകത്തില്‍ ചിത്രയാത്രയുടെ രണ്ടാം നാളിലെ പര്യടനം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം രാജവംശ പ്രതിനിധി ടി സി ഉദയവര്‍മ അനുഗ്രഹ ഭാഷണം നടത്തി.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി, കൗണ്‍സിലര്‍ പി വി രാധാകൃഷ്ണന്‍ ‚ബി ആര്‍ ഡി സി മാനേജിങ് ഡയരക്ടര്‍ ടി കെ മന്‍സൂര്‍, ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ.വി ജയരാജ്, ബി ആര്‍ ഡി സി മാനേജര്‍ യു എസ് പ്രസാദ്, ഓഫീസര്‍ കെ എന്‍ സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോവിലകത്തെചിറയും പഴയ രാജകൊട്ടാരത്തിന്റെ വാസ്തുശില്പ പ്രൗഢിയും സംഘം കണ്ടറിഞ്ഞു. കൊട്ടാരത്തിനു മുന്നില്‍ കാലിച്ചാനടുക്കം മൂപ്പില്‍ രാമനും സംഘവും അവതരിപ്പിച്ച മുളഞ്ചെണ്ട ശ്രദ്ധേയമായി.തുടര്‍ന്ന് ചരിത്ര പ്രാധാന്യത്താല്‍ സമ്പന്നമായ കോട്ടപ്പുറത്തു നിന്നും ഹൗസ് ബോട്ടുവഴി നേരെ കളിയാട്ട മഹോത്സവം നടക്കുന്ന തുരുത്തി നിലമംഗലത്ത് കഴകത്തിനു കീഴിലെ തലക്കാട്ട് ക്ഷേത്രത്തിലേക്ക്. ക്ഷേത്ര സ്ഥാനികരും ക്ഷേത്രം സെക്രട്ടറി ചന്ദ്രന്‍ തുരുത്തി, ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് പി വി രമേശന്‍, പൂരക്കളി കലാകാരന്‍ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വരവേറ്റു. ക്ഷേത്രത്തിലെ പാടാര്‍കുളങ്ങര ഭഗവതി, രക്തചാമുണ്ടി എന്നീ തെയ്യക്കോലങ്ങള്‍ കണ്ടും ആചാരാനുഷ്ഠാനങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞും യാത്ര അഴിമുഖം തൊട്ടുരുമ്മി കായലും കടലും കൈകോര്‍ത്തു നില്‍ക്കുന്ന വലിയപറമ്പിലേക്ക് കടന്നു.
24 കിലോമീറ്റര്‍ നീളത്തില്‍ ഏറ്റവും വലിയ കടല്‍ത്തീരമുള്ള ഗ്രാമ പഞ്ചായത്തായ വലിയപറമ്പിലേക്ക് പ്രസിഡന്റ് എം ടി അബ്ദുല്‍ ജബ്ബാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാധവന്‍ ഒരിയര, മെമ്പര്‍ കെ പുഷ്പ, മുന്‍ പ്രസിഡന്റ് വി വി ഉത്തമന്‍ എന്നിവര്‍ സ്വീകരിച്ചു. മനുഷ്യരോടിണക്കമുള്ള വാനരക്കൂട്ടത്താലും ജൈവ വൈവിധ്യ സമ്പന്നതയാലും പ്രശസ്തമായ ഇടയിലെക്കാട് കാവിലേക്ക് കായലോരത്തു നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേല്‍പ്പ് .ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി കെ കരുണാകരന്‍, കേരള ലളിതകലാ അക്കാദമി നിര്‍വാഹക സമിതി മെമ്പര്‍ രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, പി വേണുഗോപാലന്‍, പി വി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. കവ്വായിയില്‍ നടന്ന സമാപന പരിപാടി പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ചുമര്‍ചിത്ര കലാകാരന്‍മാര്‍ അവരുടെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു.