‘പാവങ്ങളെ മറന്ന നരേന്ദ്ര മോഡി പണക്കാരുടെ കാവല്‍ക്കാരന്‍’

Web Desk
Posted on March 24, 2019, 9:30 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കടന്നാക്രമിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ കരിമ്പ് കര്‍ഷകര്‍ക്കുള്ള കുടിശിക നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് മോദിയെയും യോഗിയെയും പ്രിയങ്ക ട്വിറ്ററില്‍ വിമര്‍ശിച്ചത്. കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള 10,000 കോടിയിലേറേ രൂപ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും ഇതുമൂലം കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം എന്നിവ പ്രതിസന്ധിയിലാണെന്നും പ്രിയങ്ക പറഞ്ഞു. മോദി പണക്കാരുടെ മാത്രം ‘കാവല്‍ക്കാരന്‍’ ആണെന്നും പാവപ്പട്ടവരെ കുറിച്ച് അദ്ദേഹം ചിന്തിക്കാറില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 2018–2019 കാലയളവില്‍ 24,888 കോടി രൂപയുടെ കരിമ്പാണ് പഞ്ചസാര ഫാക്ടറികള്‍ കര്‍ഷകരില്‍നിന്ന് വാങ്ങിയത്. ക്വിന്റലിന് 315 രൂപയ്ക്കായിരുന്നു കച്ചവടം. ചില പ്രത്യേക ഇനം കരിമ്പുകള്‍ 325 രൂപയ്ക്കും വാങ്ങിയിട്ടുണ്ട്. ഇതുപ്രകാരം 22,175 കോടി രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. കരിമ്പ് വാങ്ങിച്ച് 14 ദിവസത്തിനുള്ളില്‍ ഇതുനല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ 12,339 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത്. 2017–18 കാലയളവിലെ കുടിശിക കൂടി കൂട്ടൂമ്പോള്‍ പതിനായിരം കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഇതു ചൂണ്ടിക്കാണിച്ചാണു കിഴക്കന്‍ യുപിയുടെ ചുമതല കൂടിയുള്ള പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി എത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരിമ്പ് കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ബുലന്ദ്ശഹര്‍, അമരോഹ, മൊറാദാബാദ്, സംബാല്‍, രാംപുര്‍, ബറേലി, ഖുശിനഗര്‍ തുടങ്ങിയയിടങ്ങളിലാണ് കരിമ്പ് കര്‍ഷകര്‍ ഏറെയുള്ളത്. കരിമ്പ് വാങ്ങിച്ച് 14 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് മുഴുവന്‍ പണവും ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ബിജെപി അവകാശപ്പെട്ടിരുന്നു.