‘ക്രിസ്തു വാതിലിന് പുറത്താണ്’

Web Desk
Posted on December 04, 2019, 10:02 pm

‘എന്റെ രാജ്യം ഐഹികമല്ല’ (മൈ കിങ്ഡം ഈസ് നോട്ട് ഓഫ് ദിസ് വേള്‍ഡ്). മനുഷ്യനെന്നാല്‍ വെറും ശരീരം മാത്രമല്ലെന്നാണ് ക്രിസ്തുവിന്റെ ഈ വാക്കുകള്‍ ദ്യോതിപ്പിക്കുന്നത്. ജീവന്‍ അഥവ ആത്മാവിനെ പേറുന്ന മനുഷ്യജന്മത്തിന്റെ ലക്ഷ്യം സ്വയം അറിയുക എന്നതാണ്. ക്രിസ്തു ഉപദേശിക്കുന്നു — സ്വയം അറിയുക എന്ന പ്രക്രിയയിലേര്‍പ്പെടുന്ന ഒരാള്‍ നാലു കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉപവാസം, പ്രാര്‍ഥന, ഏകാന്തത, നിശബ്ദത എന്നിവയില്‍. രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉതിര്‍ന്ന ഈ വചനങ്ങളൊന്നും സാക്ഷാത്കരിക്കപ്പെടാത്തതുകൊണ്ടാണ് ആഗോളസഭകള്‍ പരസ്പരം മല്ലിട്ടുകൊണ്ടിരിക്കുന്നത്. ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമെന്നവകാശപ്പെടുന്നുണ്ടെങ്കിലും ഇത്രയധികം വിഭാഗങ്ങളും ഉപവിഭാഗങ്ങളും നിലനില്‍ക്കുന്ന ക്രിസ്തുമതം പോലെ വേറൊരു മതമില്ല.

ബഹുദൈവവിശ്വാസം നിലവിലുള്ള മതങ്ങളില്‍ പോലും ഇത്രത്തോളം ഉപമതങ്ങളോ വിശ്വാസപരമായ പരിഛേദങ്ങളോ ഇല്ല. മുപ്പത്തിമൂവായിരത്തില്‍ ചില്വാനം സഭാവിഭാഗങ്ങളാലും അതതിന്റെ ദൈവശാസ്ത്രങ്ങളാലും ആത്മവിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ തിരിച്ചറിയാത്ത വിശ്വാസികളാലും താങ്ങിനിര്‍ത്തപ്പെടുന്ന ഒരു മതമായി മാറിയിരിക്കുന്നു ക്രിസ്തുമതം. ശാസ്ത്രം ലക്ഷ്യമിടുന്ന മനുഷ്യന്റെ ഭൗതികവും സാമൂഹികവും ലൗകികവുമായ പുരോഗതിയിലൂടെ മാത്രം മതം സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്ന അഴിവാണ് ലോകത്തെ എല്ലാ മതങ്ങളെയും ഗ്രസിച്ചിരിക്കുന്നത്. ‘ഭാവിയില്‍ മതങ്ങളുണ്ടാവില്ല, ആത്മീയത മാത്രം ശേഷിക്കും’ — അരവിന്ദ മഹര്‍ഷിയുടെ ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്റെ ലക്ഷണങ്ങളാണ്, മതങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പൊട്ടിത്തെറികളും സംഘര്‍ഷങ്ങളും സൂചിപ്പിക്കുന്നതെങ്കില്‍ അത് ആശാവഹമാണ്. ‘ഒടുവില്‍ നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും’.

ക്രിസ്തുവിന്റെ ഈ വാക്കുകളിലേയ്ക്കാണ് കേരളത്തില്‍ തമ്മില്‍ പൊരുതുന്ന യാക്കോബായക്കാരും ഓര്‍ത്തഡോക്സുകാരും ഇ­നി എത്തിച്ചേരേണ്ടത്. സത്യത്തിലേയ്ക്കുള്ള മടങ്ങിപ്പോക്കിന് വിലങ്ങുതടിയായി നില്‍ക്കുന്നത് ഇടവകകളുടെ സ്വത്തും അതിന്മേലുള്ള അവകാശവും ഉടമസ്ഥതയും സ്ഥാപിക്കാനുള്ള വ്യഗ്രതയാണ്. ചുരുക്കത്തില്‍ വെറും സ്വത്തു തര്‍ക്കമെന്ന് പറയാം. എ ഡി 52 മുതല്‍ ക്രിസ്ത്യാനി സാന്നിധ്യം അവകാശപ്പെടുന്ന പ്രദേശമാണ് കേരളം. വൈദേശിക സാന്നിധ്യം കൊണ്ടും ആധിപത്യം കൊണ്ടും ക്രമേണ മിക്ക സഭകളും കേരളത്തിലും വിശ്വാസികളെ കണ്ടത്തി. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ പ്രബലരായ രണ്ട് വിഭാഗങ്ങളാണ് യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്സ് വിഭാഗവും. മലങ്കരസഭയിലാണ് രണ്ടും ഉള്‍പ്പെടുന്നത്.

1912 ലാണ് മലങ്കര സഭ രണ്ട് വിഭാഗങ്ങളായി പിളരുന്നത്. 1959 ല്‍ ഇരുവിഭാഗവും യോജിച്ചു. എന്നാല്‍ യോജിപ്പ് 1972 ‑73 വരെ മാത്രമേ നിലനിന്നു കാണുന്നുള്ളു. വീണ്ടും പിളര്‍ന്നതോടെ പള്ളികളുടെ പേരിലും സ്ഥാവര ജംഗമവസ്തുക്കളുടെ പേരിലും യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗീയത ശക്തമായി. വിവിധ ദേവാലയങ്ങളുടെ അവകാശത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം കോടതിയിലെത്തി. പിറവം സെന്റ് മേരീസ് പള്ളിക്കായുള്ള അവകാശവാദമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 1064 ദേവാലയങ്ങളാണ് സഭാതര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. തര്‍ക്കങ്ങള്‍ പരമോന്നത കോടതിവരെയെത്തിയപ്പോള്‍ പിറവം പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുനല്‍കണമെന്ന സുപ്രധാന വിധിയാണ് 2017ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത്.

വിധി നടപ്പാക്കാനുള്ള കാലതാമസത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനവും കേള്‍ക്കേണ്ടിവന്നു. തര്‍ക്കങ്ങള്‍ വീണ്ടും കോടതി കയറിയിറങ്ങുകയാണ്. വിശ്വാസികളെ അവരുടെ പള്ളികളില്‍ നിന്ന് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ധന-അധികാരമോഹങ്ങളാണ് ഇതിനു പിന്നിലെന്നും ക്രിസ്തീയമായ ക്ഷമ, സ്നേഹം, സഹനം എ­ന്നിവ കാട്ടുന്നില്ലെന്നും ഇരുവിഭാഗങ്ങളും പരസ്പരം ആരോപിക്കുന്നുമുണ്ട്. വിശ്വാസികളുടെ സംഭാവനയും നേര്‍ച്ചപ്പണവും ന്യൂനപക്ഷ ആനുകൂല്യങ്ങളിലൂടെ വിട്ടുകിട്ടിയ ഭൂസ്വത്തുക്കളുമാണ് സഭകള്‍ക്കു പിന്നിലെ സ്വത്തുക്കളായി കുന്നുകൂടിയിരിക്കുന്നത്. ആദ്യകാലം മുതല്‍ ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ വിശ്വാസികളുടെ ഉടമസ്ഥതയില്‍ തന്നെയായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26ല്‍ മതങ്ങള്‍ക്ക് സ്വത്തുക്കള്‍ സമ്പാദിക്കാനും ഭരിക്കുവാനുമുള്ള അവകാശം ഉണ്ടെന്നും അപ്രകാരം ഭരിക്കപ്പെടേണ്ടത് നിയമപ്രകാരം ആയിരിക്കണമെന്നും അതിന് നിയമനിര്‍മാണം നടത്തിക്കൊടുക്കണമെന്നും പ്രസ്താവിച്ചിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ 26ന് അനുരോധമായാണ് കേരളത്തിലെ ക്രിസ്തീയ സഭകളുടെ സ്ഥാപനവസ്തുക്കളുടെയും ട്രസ്റ്റുകളുടെയും ബില്ലിന്റെയും രൂപഘടന. 2009ല്‍ അന്നത്തെ കേരള നിയമസഭ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാനായിരുന്ന റിട്ടയേര്‍ഡ് സുപ്രീംകോടതി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സമര്‍പ്പിച്ച ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്ന ഭാഗത്ത് ഇപ്രകാരം പറയുന്നു. ‘കേരളത്തിലെ ക്രൈസ്തവ സഭകളുടെ മതപരമായ ആസ്തികള്‍ പൂര്‍വകാലം മുതല്‍ തന്നെ ട്രസ്റ്റുകള്‍ എന്നപോലെയാണ് കൈകാര്യം ചെയ്തുവരുന്നതെങ്കിലും അവ ഇന്നുവരെ അപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല എന്നത് പലവിധത്തിലുള്ള നിയമപരമായ സങ്കീര്‍ണതകള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വിവിധ സഭകളുടെ ലൗകിക ആസ്തികളുടെ ഭരണത്തില്‍ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നതുവഴി ലൗകിക സ്വത്തുക്കളുടെ ഭരണം ബൈബിള്‍ അധിഷ്ഠിതമായ ശരിയായ ക്രൈസ്തവ രൂപ മാതൃത്വത്തിലേയ്ക്ക് കൊണ്ടുവരപ്പെടുന്നതിന് ഈ ബില്ല് ഉദ്ദേശിക്കുന്നു’.

1934 ലും ഭരണഘടനാനുകൂലമായ വിധിയാണ് സഭാകാര്യത്തില്‍ പരമോന്നത കോടതിയില്‍ നിന്നുണ്ടായത്. അപ്പോള്‍ സഭാസ്വത്തുക്കളെ ഭരണഘടനാനുസൃതമാക്കിയാല്‍ തീരാവുന്നതേയുള്ളു പ്രശ്നങ്ങള്‍. ഇപ്പോള്‍ തെരുവില്‍ സംഭവിക്കുന്നത്, സാമൂഹികമായി ഔന്നിത്യത്തില്‍ നില്‍ക്കുന്ന ഓര്‍ത്തഡോക്സ് — യാക്കോബായ വിഭാഗങ്ങള്‍ ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സ്വരുക്കൂട്ടപ്പെട്ട സ്വത്തുക്കള്‍ക്കായി പൊരുതി ഊര്‍ജ്ജം കളയലാണ്. വാശി അവരില്‍ നിന്ന് പരിഷ്കൃതിയുടെ ചിഹ്നങ്ങളെയാകെ തുടച്ചുമാറ്റുകയാണ്. സെമിത്തേരിയില്‍ അന്ത്യവിശ്രമം ലഭിക്കാതെ ശവങ്ങള്‍ മോര്‍ച്ചറിയില്‍ ഊഴം കാത്തുകിടക്കുന്നു. ഭൂലോകം ശ്മശാനമാക്കണ്ടെങ്കില്‍ ഭാരതീയമായ സംസ്കരണ രീതി അവലംബിച്ച് മൃതദേഹത്തെ അഗ്നിക്കു നില്‍കി പഞ്ചഭൂതങ്ങളില്‍ അലിയാന്‍ വിടണം. ക്രിസ്തു ഉള്ളിലില്ലെങ്കില്‍ ചെങ്കോലും ഉത്തരീയവും പൊന്‍കുരിശും ഏന്തിയിട്ട് എന്തുകാര്യമെന്ന് ഭൂമിയിലെ പിതാക്കന്മാര്‍ ഏകാന്തതയില്‍ ചിന്തിക്കണം.