Wednesday
20 Feb 2019

ക്രിസ്തുമതം കമ്യൂണിസത്തിന്‍റെ ഭാഗമാണ്: ഇന്നസെന്‍റ്

By: Web Desk | Friday 30 November 2018 1:08 PM IST

പല്ലിശ്ശേരി

ഇന്നസെന്റിനെ കമ്യൂണിസ്റ്റാക്കിയത് ആരാണ്?

ഇന്നസെന്റ് വലിയ വലിയ ഭാരങ്ങള്‍ ഒന്നൊന്നായി ഒഴിഞ്ഞു തുടങ്ങി. ഇനിയുള്ള സമയം അഭിനയം, വായന, എഴുത്ത്, കുടുംബകാര്യം. തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുടുംബത്തെ മറന്നിരുന്നില്ല. കുടുംബം വിട്ടൊരു കളിയുമില്ല. ഇന്നസെന്റിന്റെ എഴുത്തിലും പ്രസംഗങ്ങളിലും സ്റ്റേജ് ഷോകളില്‍പ്പോലും ഭാര്യ ആലീസിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ആ രാത്രി ഉറങ്ങാനും കഴിയില്ല. അതാണ് ഇന്നസെന്റ്.
എല്ലാം തമാശയായി കരുതുന്നു എന്നു മറ്റുള്ളവര്‍ക്കു തോന്നും. എന്നാല്‍ ഇ കെ നായനാരാണ് ഇന്നസെന്റിന്റെ ഗുരു. ഗുരു എന്നു പറഞ്ഞാല്‍ പെരുവിരല്‍ മുറിച്ചു കൊടുക്കാത്ത ഏകലവ്യന്‍ എന്നൊക്കെയാണ് രഹസ്യമായി പറയേണ്ടിടത്ത് ഇന്നസെന്റ് തട്ടിവിട്ടു കൊണ്ടിരിക്കുന്നത്. ചിരിക്കുമ്പോഴും ചിരിപ്പിക്കുമ്പോഴും ആവശ്യത്തിലേറെ ടെന്‍ഷന്‍ അനുഭവിക്കുന്ന മഹാനുഭാവലു ആര്‍ക്കെങ്കിലും തോന്നുമോ! ആര്‍ക്കും പിടികൊടുക്കില്ല ഇന്നസെന്റ്. അതുകൊണ്ടാണല്ലൊ പാര്‍ലമെന്റ് മെമ്പര്‍ വരെ എത്തിയത്. ഇനി പാര്‍ലമെന്റിലേക്ക് പോകാന്‍ ആഗ്രഹമില്ല. എല്ലാം കണ്ടു, അനുഭവിച്ചു, കുറെ കള്ളത്തരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

കേരള രാഷ്ട്രീയത്തില്‍ എംഎല്‍എ ആയി, മന്ത്രിപ്പണി കിട്ടിയെങ്കില്‍ സത്യം പറയാലോ സന്തോഷം തന്നെ. സ്വന്തം നാട്ടിലെ മണ്ഡലമാണെങ്കില്‍ മൃഗീയ ഭൂരിപക്ഷം കിട്ടും എന്നാണ് ഇന്നസെന്റ് ആരാധകര്‍ കണക്കുകള്‍ നിരത്തി പറഞ്ഞത്.
അപ്പോള്‍ ഇന്നസെന്റ് തിരിച്ചു ചോദിച്ചു.
ഇപ്പറഞ്ഞ കണക്കുകളൊക്കെ എന്റെ എതിരാളിക്ക് കിട്ടിയാലൊ….
പിന്നെ അവര്‍ ഒന്നും പറഞ്ഞില്ല. ഇങ്ങനെയൊക്കെയാണ് ഇന്നസെന്റ്.
ആജീവനാന്തം പ്രസിദ്ധനാകണമെന്ന് പറഞ്ഞിരുന്നെങ്കിലും നടീനടന്മാരുടെ സംഘടനയായ ‘എഎംഎംഎ’യുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാലിന്റെ തലയില്‍ വച്ചുകൊടുത്തു കുരിശുപിടിച്ച ഇന്നസെന്റ്. അനുഭവിക്ക് ലാലേ അനുഭവിക്ക് എന്നുപറഞ്ഞ് സ്വയം ചിരിക്കുകയായിരുന്നു.
അങ്ങനെ ടെന്‍ഷന്‍ ഉണ്ടാക്കുന്ന കാര്യത്തിനും ‘ഞാനില്ലേ’ എന്നു പറഞ്ഞുകൊണ്ട് ചാനലിലും ഇപ്പോള്‍ സിനിമയിലും സജീവമായി.

ക്രിസ്തുമതം കമ്യൂണിസത്തിന്റെ ഭാഗമാണ്

ഇന്നസെന്റിന്റെ എഴുത്തിന്റെ ഒരു ഭാഗത്ത് ക്രിസ്തുമതം കമ്യൂണിസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നു. അതില്‍ എന്തോ ഒരു കുരുക്കുണ്ടെന്നു തോന്നി. മടിച്ചില്ല. നേരെ കാര്യത്തിലേക്ക് കടന്നു. അതിന് ഇന്നസെന്റിനു മറുപടിയുണ്ടായി.
ഞാന്‍ പറഞ്ഞതും എഴുതിയതും നൂറു ശതമാനം സത്യമാണെന്നു വിശ്വസിക്കുന്നു. ക്രിസ്തു ഒരു വിപ്ലവകാരിയായിരുന്നു. മനുഷ്യസ്‌നേഹം, മനുഷ്യ മോചനം, ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കട്ടെ, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക ഇതൊക്കെ ക്രിസ്തു പറഞ്ഞതാണ്. ഇതെല്ലാം ഞാന്‍ മനസിലാക്കിയ കമ്യൂണിസത്തിലുമുണ്ട്.
അവിചാരിതമായി പിടികൂടിയ രോഗം ഇന്നസെന്റിനെ തളര്‍ത്തിയില്ല. ആത്മവിശ്വാസത്തോടെ നേരിട്ടു. ഇരിങ്ങാലക്കുടയിലും ‘പാര്‍പ്പിടം’ എന്ന തന്റെ കൊട്ടാരത്തില്‍ രാജാവാണ് ഇന്നെസന്റ്.
ലിംഫോമ എന്ന കാന്‍സര്‍ പിടിപെട്ടതിന്റെ റിസള്‍ട്ട് ഇന്നസെന്റിനെ വിളിച്ചറിയിച്ചത് പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധനും അദ്ദേഹത്തിന്റെ സ്‌കൂള്‍മേറ്റുകൂടിയായ ഡോ. ഗംഗാധരനാണ്. ഒരു പള്ളീലച്ചന്റെ വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡോക്ടര്‍ ഇക്കാര്യം പറഞ്ഞത്. പക്ഷേ, അദ്ദേഹം തളര്‍ന്നില്ല. സീന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് ചികിത്സയ്ക്ക് പോയത്.
കീമോ തെറാപ്പി അടക്കമുള്ള ചികിത്സയ്ക്ക് വിധേയനായി തിരിച്ചെത്തുമ്പോഴും ആരോഗ്യവാനായിരുന്നു. തന്റെ നേര്‍ക്ക് സഹതാപം ചൊരിഞ്ഞവരെ നോക്കി നിര്‍ഭയനായ ഇന്നസെന്റ് പറഞ്ഞതെന്താണെന്നോ- കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്.
അതെ നിര്‍ഭയനായി കാന്‍സറിനെ നേരിട്ടു. മരുന്ന് കൃത്യമായി കഴിച്ചു. തന്റെ അനുഭവങ്ങള്‍ പുസ്തക രൂപത്തിലാക്കി. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന് പേരിട്ടു. ഈ പുസ്തകം വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അങ്ങനെ എട്ടാം ക്ലാസില്‍ വച്ച് പഠിത്തം ഉപേക്ഷിച്ച ഇന്നസെന്റ് എഴുത്തുകാരനായി. ഇന്നസെന്റിന്റെ പുസ്തകം വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം കൂടിയാണ്.

തമാശകളിലൂടെ ജീവിതത്തെ നേരിടുന്ന ഇന്നസെന്റിന്റെ ജീവിതത്തിലേക്കും അഭിനയജീവിതത്തിലേക്കും തിരികെ വരട്ടെ എന്ന പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായി.
ഇന്നസെന്റ് കമ്യൂണിസ്റ്റുകാരനാണെന്ന് പറയുമ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാന്‍ പ്രയാസം. ആര്‍എസ്പിക്കാരനായിരുന്നു എന്ന് മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിന് ഇന്നസെന്റിന്റെ മറുപടി.
‘പല വലിയ നേതാക്കന്മാരും, ഇഎംഎസ് അടക്കം കോണ്‍ഗ്രസുകാരായിരുന്നില്ലെ?’ പിന്നീട് കമ്യൂണിസ്റ്റായി. ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി. കമ്യൂണിസത്തെക്കുറിച്ചു പുസ്തകമെഴുതി. സംസാരിക്കുമ്പോള്‍ മാത്രമെ ‘വിക്ക്’വരാറുള്ളൂവെന്ന് പറഞ്ഞ് സഖാക്കളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അങ്ങനെ എത്രയോ വലിയ നേതാക്കന്മാര്‍ കോണ്‍ഗ്രസില്‍ നിന്നും വന്നിട്ടുണ്ട്.

ഇന്നസെന്റ് എങ്ങനെ കമ്യൂണിസ്റ്റായി
‘സത്യത്തില്‍ ഇന്നസെന്റിനെ കമ്യൂണിസ്റ്റാക്കിയത് ആരാണ്?’

‘എന്റെ അപ്പന്‍. കണ്ണീരും കിനാവും ഇടകലര്‍ന്ന ജീവിതമായിരുന്നു എന്റേത്. ജനിച്ചത് ഇരിങ്ങാലക്കുടയിലെ ഒരിടത്തരം കുടുംബത്തില്‍. എന്റെ അപ്പന്‍ സ്‌നേഹസമ്പന്നനായ കമ്യൂണിസ്റ്റുകാരനായിരുന്നു. ദൈവവിശ്വാസിയായ കമ്യൂണിസ്റ്റുകാരന്‍. കമ്യൂണിസ്റ്റുകാരനായ അപ്പന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യവും സന്തോഷവും. ഞാന്‍ ഇപ്പോഴും അഭിമാനത്തോടെ ഓര്‍ക്കുന്നത് അപ്പന്റെ നന്മയുടെ രാഷ്ട്രീയത്തെക്കുറിച്ചാണ്. മനുഷ്യര്‍ക്കു നന്മചെയ്യുന്ന രാഷ്ട്രീയത്തെ ഏത് പേരിട്ടുവിളിച്ചാലും വിരോധമില്ലെന്ന അഭിപ്രായമാണ് എനിക്ക്.’

”ഇന്നസെന്റിന്റെ അപ്പന്‍ കച്ചവടം നടത്തിയിരുന്നത് മറ്റുള്ളവരെ കമ്യൂണിസ്റ്റുകാരാക്കാനെന്നു പറഞ്ഞിരുന്നല്ലോ”
”വലുതായപ്പോഴാണ് എനിക്കതെല്ലാം മനസിലായത്. ഇരിങ്ങാലക്കുടനിന്ന് (തൃശൂര്‍ റൂട്ടില്‍) മൂന്ന് കിലോമീറ്റര്‍ ദൂരത്താണ് മാപ്രാണം. (ഓര്‍മയില്‍ നിന്നാണ് കിലോമീറ്റര്‍ പറഞ്ഞത്. അത്രയും ദൂരം ഇല്ല, അല്ലെങ്കില്‍ അതില്‍ ദൂരം കൂടുതലുണ്ട് എന്നൊക്കെ പറഞ്ഞ് എനിക്കെതിരെ ദയവുചെയ്ത് ആരും കേസു കൊടുക്കല്ലേ എന്നാണെന്റെ ആഗ്രഹം.) മാപ്രാണത്ത് അപ്പന് ഒരു കടയുണ്ടായിരുന്നു. അവിടെ വരുന്നവരെല്ലാം സാധാരണക്കാരും. അവരില്‍ പലരേയും കമ്യൂണിസ്റ്റുകാരാക്കാന്‍ അപ്പന്‍ ശ്രമിച്ചിരുന്നു. അതിന്റെ ആദ്യ പടിയായി പാര്‍ട്ടി പത്രം ഉറക്കെ വായിക്കുമായിരുന്നു.
അന്നത്തെ കാലത്ത് പാര്‍ട്ടി പത്രം ചുരുക്കം ചിലരെ വാങ്ങിയിരുന്നുള്ളു. അതുകൊണ്ട് അപ്പന്‍ പത്രം ഉറക്കെ വായിച്ച് കാര്യങ്ങള്‍ മനസിലാക്കിക്കൊടുത്തിരുന്നു. ആഴ്ചയില്‍ ഒരാളെയെങ്കിലും അപ്പന്‍ കമ്യൂണിസ്റ്റാക്കാന്‍ തീരുമാനിച്ചു. അക്കാര്യത്തില്‍ അപ്പന്‍ വിജയിച്ചു. അപ്പന്‍ ഇതൊന്നും എന്നോടു പറഞ്ഞതല്ല. അമ്മയാണ് ഈ രഹസ്യം കണ്ടുപിടിച്ചത്. ഒരു ദിവസം ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അപ്പന്‍ എന്തോ ഓര്‍ത്തു ചിരിച്ചു. എന്തിനാണ് ചിരിച്ചതെന്ന് അമ്മ ചോദിച്ചെങ്കിലും അപ്പന്‍ ഒന്നും തുറന്നു പറഞ്ഞില്ല. കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ അപ്പന്‍ പറഞ്ഞു.
”ഇന്ന് ഞാന്‍ ഒരാളെ കമ്യൂണിസ്റ്റാക്കി.” അതുകൊണ്ട് ആഹാരം കഴിക്കുമ്പോള്‍ അപ്പന്‍ ചിരിച്ചാല്‍ അതിനര്‍ഥം അന്ന് ഒരാളെ കമ്യൂണിസ്റ്റാക്കി എന്നായിരുന്നു.
”നിയമസഭയിലേക്ക് മത്സരിക്കാന്‍ പലരും ക്ഷണിച്ചിട്ടും വേണ്ടെന്നു വച്ചു. എന്താ കാരണം?”
”തെരഞ്ഞെടുപ്പില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാം. അതില്‍ എനിക്കു വിഷമമില്ല. ഭാഗ്യത്തിനു ഞാന്‍ ജയിച്ച് മന്ത്രിയായാലൊ? അതിനുതക്ക യോഗ്യതയൊന്നും എനിക്കില്ല. ഞാന്‍ വെറും എട്ടാം ക്ലാസും ഗുസ്തിയും ഉള്ളവനാണ്. പിന്നെ അധികാരക്കസേരകളില്‍ ഇരിക്കുന്നവര്‍ക്കു സ്വഭാവഗുണമുണ്ടായിരിക്കണം. അഴിമതിക്കാരനാകരുത്. ജാതി-മത ചിന്തകള്‍ വച്ചു പുലര്‍ത്തി സഹായിക്കുന്നവരാകരുത്. സ്വന്തക്കാര്‍ക്ക് അധികാരമുപയോഗിച്ച് വഴിവിട്ട് സഹായിക്കുന്നവനുമാകരുത്. അതൊക്കെ ചിന്തിച്ചപ്പോള്‍ ഞാന്‍ പൂര്‍ണമായും നല്ലവനല്ല എന്നു തോന്നി. അതുകൊണ്ട് മത്സരിക്കാന്‍ താല്‍പര്യം കാണിച്ചില്ല. പൂര്‍ണമായും സിനിമയില്‍ ശ്രദ്ധിച്ചു.”
”എന്നിട്ടും മത്സരിച്ചു. പാര്‍ലമെന്റിലെത്തി”
പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന സമയത്ത് ഞാന്‍ നല്ലവനായിരുന്നു. അതുകൊണ്ടല്ലെ പാര്‍ട്ടിയുടെ വോട്ടും മുന്നണിയുടെ വോട്ടും നാട്ടുകാരുടെ വോട്ടും നേടി ഞാന്‍ ജയിച്ചത്.
”എട്ടാം ക്ലാസുകാരന് പാര്‍ലമെന്റില്‍ പോയി സംസാരിക്കാന്‍ മടിയുണ്ടായില്ല.”
”ഞാന്‍ തരികിട കളിച്ചു നടന്നകാലത്ത് ഹിന്ദി പഠിച്ചു. ആ ഹിന്ദിയുടെ ബലത്തിലാണ് മോഡിജിയോടടക്കം സംസാരിച്ചത്.”
”അപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമോ?”
‘വ്യക്തിപരമായി എനിക്കു താല്‍പര്യമില്ല.’
‘അസംബ്ലിയിലേക്കാണെങ്കിലോ’
‘ഞാനെന്തെങ്കിലും വിളിച്ചുപറഞ്ഞ് നായനാര്‍ സഖാവാകാന്‍ (നല്ല അര്‍ഥത്തിലാണ് കേട്ടോ) ആഗ്രഹിക്കുന്നില്ല.’

കമ്യൂണിസ്റ്റുകാരെ
മറക്കാന്‍ കഴിയില്ല
‘കമ്യൂണിസ്റ്റുകാരെ മറക്കാന്‍ കഴിയില്ലെന്നും അത്രമാത്രം കടപ്പാട് അവരോടുണ്ടെന്നും പറഞ്ഞിരുന്നു.’
‘അതെ, പറഞ്ഞിരുന്നു. ഇനിയും പറയും. ഞാന്‍ മരിക്കുന്നതുവരെ പറയും. ഞങ്ങളുടെ നാട്ടില്‍ എല്ലാ ദിവസവും ജാഥ നയിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്. ഞാനാണെങ്കില്‍ പല കടകളിലും ഇത്തിരി കാശ് കൊടുക്കാനുണ്ടായിരുന്നു. തനിച്ചു നടന്നുപോയാല്‍ കടക്കാര്‍ വിളിച്ചു നിര്‍ത്തി കാശ് ചോദിക്കും. എന്റെ കയ്യില്‍ കാശുണ്ടെങ്കിലല്ലെ കൊടുക്കാന്‍ കഴിയൂ. അതുകൊണ്ട് ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജാഥയില്‍ കയറി കൂടും. ജാഥയില്‍ പോകുന്ന എന്നെ പിടിച്ചു നിര്‍ത്തുകയോ, കാശ് ചോദിക്കുകയോ ചെയ്യില്ലെന്ന് അറിയാമായിരുന്നു. എന്നെ ജാഥയില്‍ കണ്ടപ്പോള്‍ കടക്കാര്‍’ ദേ… അവന്‍ കാശ് തരാതിരിക്കാന്‍ ജാഥയില്‍ കയറിക്കൂടിയിരിക്കുന്നു.’ എന്നു വിളിച്ചു പറയുന്നത് ഞാന്‍ കേട്ടിട്ടുുണ്ട്. പലപ്പോഴും കടക്കാരില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടത് കമ്യൂണിസ്റ്റ് ജാഥയിലൂടെയാണ്. നിങ്ങളുതന്നെ പറ. ഞാനെങ്ങനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മറക്കും.

ഇന്നസെന്റിന്റെ പ്രണയം

”ഇന്നസെന്റിന്റെ ലേഖനങ്ങളില്‍ ഒരിടത്ത് സെലീന ടീച്ചറെ പ്രണയിച്ചതും ചതിച്ചതും സൂചിപ്പിച്ചിരുന്നു. അതെല്ലാം ഇപ്പോഴും ഓര്‍ക്കുന്നോ?”
”സെലീന ടീച്ചറെ പ്രണയിച്ച് ചതിച്ചു എന്ന് ഞാന്‍ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. ടീച്ചറെ പ്രണയിക്കാനും വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു എന്നു പറയുന്നതാണ് സത്യം.”
‘ഒന്നു വിശദീകരിക്കാമോ?’
‘ഇരിങ്ങാലക്കുടയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള ബസിലാണ് ഞാന്‍ കയറിയത്. ആ ബസില്‍ ഇരിങ്ങാലക്കുട ഇടവകയിലെ അച്ചനും ഉണ്ടായിരുന്നു. ബസില്‍ സുന്ദരിയായ ഒരു യുവതിയെ കണ്ടു. ആദ്യ ദര്‍ശനത്തില്‍ തന്നെ എനിക്കവരെ ഇഷ്ടമായി. വിവാഹം കഴിക്കാനും ആഗ്രഹിച്ചു. അതിനുള്ള ശ്രമത്തില്‍ ഞാനവരെ നോക്കി ശ്രദ്ധയാകര്‍ഷിച്ചു. അവരും എന്നെ നോക്കി പുഞ്ചിരിച്ചു. അപ്പോള്‍ എന്റെ മനസ് ‘ഓക്കെ’ പറഞ്ഞു. സംസാരിക്കാന്‍ ഇത്തിരി ധൈര്യം കിട്ടി. അവരുടെ പേരു ചോദിച്ചു. സെലീന ടീച്ചറാണ്. അന്ന് എന്റെ തീപ്പെട്ടി കമ്പനി പൂട്ടാറായ ഘട്ടം. ഒരു ടീച്ചറെ കല്യാണം കഴിച്ചാല്‍ പട്ടിണികിടക്കേണ്ടി വരില്ലല്ലോ എന്നു വിചാരിച്ച് സെലീന ടീച്ചറെ മനസാ ഭാര്യയായി സങ്കല്‍പിച്ചു. അവരുടെ സമ്മതമൊന്നും എനിക്ക് വിഷയമായിരുന്നില്ല. നെല്ലിയാമ്പതിയില്‍ എത്തിയപ്പോള്‍ എല്ലാവരും അവിടെ ഇറങ്ങി. അക്കൂട്ടത്തില്‍ സെലീന ടീച്ചര്‍ ഊന്നു വടിയുടെ സഹായത്തോടെ ഇറങ്ങുന്നത് കണ്ടപ്പോഴാണ് ഞാന്‍ ഞെട്ടിയത്. പാതി വളര്‍ന്ന് തൂങ്ങിക്കിടക്കുന്ന കാലായിരുന്നു ടീച്ചറിന്റേത്. ഒറ്റക്കാലില്‍ ബസിറങ്ങുന്ന സെലീന ടീച്ചര്‍. അതോടെ എന്റെ മാനസികനില തെറ്റുന്നതുപോലെ തോന്നി. പ്രണയവും വിവാഹവും ഒരുമിച്ച് മുടങ്ങിയതുപോലെ. പിന്നെ ടീച്ചറെ നോക്കി ഞാന്‍ ചിരിക്കുകയോ താല്‍പര്യപൂര്‍വം നോക്കുകയോ ചെയ്തില്ല. ടീച്ചറുടെ കണ്ണുകളില്‍ എന്നോട് പുച്ഛമായിരുന്നു. ഞങ്ങള്‍ എല്ലാവരും തിരിച്ച് ഇരിങ്ങാലക്കുട എത്താറായപ്പോള്‍ വികാരിയച്ചന്‍ എല്ലാവരും കേള്‍ക്കെ പറഞ്ഞു. ഈ വരുന്ന മാസാവസാനം നമ്മുടെ കൂടെ യാത്ര ചെയ്ത സെലീന ടീച്ചറിന്റെ വിവാഹമാണ്. എല്ലാവരും ഇതൊരു ക്ഷണക്കത്തായി കരുതണം. വിവാഹത്തില്‍ പങ്കെടുക്കണം.’
‘അങ്ങനെ സെലീന ടീച്ചര്‍ രക്ഷപ്പെട്ടു അല്ലേ!’
‘അതെ. ഞാനും.. (പൊട്ടിച്ചിരിക്കുന്ന ഇന്നസെന്റ്)’
‘ഗുരുതരമായ ഒരു കാര്യമാണ് ഇനി ചോദിക്കാന്‍ പോകുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു പ്രതിമ, സര്‍ദാര്‍ വല്ലഭ്ഭായിപട്ടേലിന്റെ പ്രതിമ ഈയിടെ പ്രധാനമന്ത്രി ലോകത്തിന് സമര്‍പ്പിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇന്നസെന്റ് ഒരു ബോംബു പൊട്ടിച്ചിരുന്നു.’
‘എന്തു ബോംബ്! ഞാനൊന്നും ഓര്‍ക്കുന്നില്ല.’
‘അന്ന് അതിന്റെ പേരില്‍ ക്ലാസ് ടീച്ചര്‍ ഇന്നസെന്റിനെ പുറത്താക്കി.’
‘ഓ- അക്കാര്യം. മഹാത്മാഗാന്ധിക്ക് ദുരന്തം സംഭവിക്കുമെന്ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന് മുന്‍കൂട്ടി അറിയാമായിരുന്നെന്ന് എന്റെ അപ്പന്‍ പറഞ്ഞതു ഞാന്‍ ചൂടോടെ ക്ലാസില്‍ ചെന്നു പൊട്ടിച്ചു. അന്ന് എന്റെ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു. രാജ്യദ്രോഹപരമായ കാര്യമാണ് പറഞ്ഞത്. അതുകൊണ്ട് അപ്പനെ വിളിച്ചുകൊണ്ടുവന്ന് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് വൈലോപ്പിള്ളി സാര്‍ പറഞ്ഞു. ഞാന്‍ തര്‍ക്കിക്കാനൊന്നും പോയില്ല. ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ സ്‌കൂളില്‍ നിന്നും പോകാനായിരുന്നു ആഗ്രഹം. എന്തായാലും ഞാന്‍ അപ്പനോട് കാര്യം പറഞ്ഞു.’
പിറ്റെ ദിവസം അപ്പന്‍ എന്നെയും കൊണ്ട് വൈലോപ്പിള്ളി സാറിനെ കണ്ടു.
‘എന്തിനാ വറീതേ മഹാത്മാഗാന്ധി വധത്തിന്റെ കാര്യം ഈ കുട്ടിയില്‍ അടിച്ചേല്‍പിച്ചത്. അവന്‍ പറഞ്ഞതെന്താണെന്ന് മനസിലായല്ലോ.’
അങ്ങനെ ഒരബദ്ധം പറ്റി മാഷേ.. ഇനി ആവര്‍ത്തിക്കില്ല എന്നു പറഞ്ഞ് ആ സംഭവം അങ്ങനെ അവസാനിപ്പിച്ചു.’
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ പാര്‍ലമെന്റ് മെമ്പറായിരിക്കുന്ന അവസരത്തിലാണ് വല്ലഭ്ഭായ് പട്ടേലിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഉദ്ഘാടനം ചെയ്തത്. എന്തൊരു വിരോധാഭാസം. അപ്പന്‍ പറഞ്ഞുകേട്ട് ഞാനദ്ദേഹത്തെ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്ന് ഇപ്പോള്‍ തോന്നുന്നു.

Related News