മഞ്ഞും നിലാവും പെയ്ത് ഭൂമിയാകെ കുളിര്‍ന്നു വിറയ്ക്കുന്ന ഒരു ഡിസംബര്‍ പ്രഭാതത്തില്‍ മൂന്ന് ജ്ഞാനികള്‍ കണ്‍തുറന്നു നോക്കുമ്പോള്‍ കിഴക്കേ ആകാശത്തില്‍ ഒരു ദിവ്യനക്ഷത്രം ഉദിച്ചുനില്ക്കുന്നതു കണ്ടു. പ്രപഞ്ചരഹസ്യങ്ങളുടെ പൊരുള്‍ തിരിച്ചറിയുന്ന ജ്ഞാനികള്‍ക്ക് ഒരു സ്വപ്ന ദര്‍ശനത്തിലെന്ന പോലെ ആ സത്യം വെളിവായി. മനുഷ്യവംശത്തിന്റെ രക്ഷയ്ക്കും നവീകരണത്തിനും കാരണക്കാരനായി ഒരു ശിശു ബേത്ലഹേമില് ജനിച്ചിരിക്കുന്നു. ജ്ഞാനികള്‍ മൂന്ന് പേരാണ്. പേര്‍ഷ്യന്‍ രാജാവായ മെല്കോണ്, ഇന്ത്യന്‍ രാജാവായ കാസ്പര്‍, അറേബ്യന്‍ രാജാവായ ബാല്‍ത്തസാര്‍. ആ രാജാക്കന്മാരെ ചരിത്രം ഓര്‍മ്മിക്കുന്നത് ജ്ഞാനികള്‍ എന്നാണ്. മൂന്ന് രാജ്യങ്ങളില്‍ നിന്നുളള ഈ ജ്ഞാനികള്‍ അല്ലെങ്കില്‍ രാജാക്കന്മാര് ഭൂമിയില്‍ എവിടെ വച്ചാണ് കണ്ടുമുട്ടിയത്? ജ്ഞാനികളുടെ സാമാന്യ സ്വഭാവം യാത്രയാണ്. അത് രാജാക്കന്മാരാണെങ്കിലും അല്ലെങ്കിലും. രാജ്യാന്തരങ്ങളില്‍ യാത്ര ചെയ്ത് അവിടത്തെ മനുഷ്യരുടെ ജീവിതം കണ്ട് അവര്‍ ജ്ഞാനികളായിത്തീരുന്നു. ഈ കഥയിലെ മൂന്ന് ജ്ഞാനികള്‍ എവിടെവച്ചാണ് കണ്ടുമുട്ടിയത്? വ്യക്തമായ സൂചനകളില്ലെങ്കിലും അവര്‍ കണ്ടുമുട്ടിയത് പൂര്‍വദിക്കില്‍ വച്ചാണെന്നാണ് ഊഹം. ഏതാണ് ഈ പൂര്‍വ ദിക്ക്? തര്‍ക്കങ്ങളുണ്ടാവാം, എങ്കിലും ഞാന്‍ ഒരൂഹം പറയുന്നു, അത് പിറവത്തു വച്ചാണ്. അങ്ങനെ ഊഹിക്കാന്‍ എന്താണ് കാരണം? മൂന്ന് ജ്ഞാനികളുടെ പേരില്‍ പിറവത്ത് പ്രസിദ്ധമായ ഒരു പള്ളിയുണ്ട്. ആ ജ്ഞാനികളാണ് അവിടത്തെ പ്രതിഷ്ഠ. രാജാക്കന്മാരുടെ പള്ളിയെന്നു പ്രസിദ്ധമായ ആ പള്ളിയിപ്പോള്‍ സഭാതര്ക്കത്തിലാണ്. ആ നാട്ടുകാര്‍ എന്തെങ്കിലും സങ്കടം സഹിക്കാതെ വരുമ്പോള്‍ നെഞ്ചത്ത് കൈവച്ച് “എന്റെ പിറവത്ത് രാജാക്കളേ” എന്നു വിളിക്കും. ആ ഭക്തിക്ക് ജാതിമത വ്യത്യാസങ്ങളൊന്നുമില്ല.
കിഴക്കേ ആകാശത്തില്‍ കണ്ട ദിവ്യനക്ഷത്രം നല്കിയ സൂചന അനുസരിച്ച് ബേത്ലഹേമില് ജനിച്ച ദിവ്യശിശുവിനെ കാണാന്‍ ജ്ഞാനികള്‍ യാത്ര പുറപ്പെട്ടു. കിഴക്കേ ആകാശത്തില്‍ ഉദിച്ച നക്ഷത്രത്തിന്റെ ദിവ്യദീപ്തികണ്ട് ബേത്ലഹേമിലെ ആട്ടിടയന്മാരും മറ്റുള്ളവരും വല്ലാതെ പരിഭ്രമിച്ചു. അങ്ങനെ ഒരു നക്ഷത്രം അവര്‍ അതിനുമുമ്പ് ആകാശത്തിലെങ്ങും കണ്ടിട്ടില്ല. ഈ നക്ഷത്രം നല്കുന്ന പൊരുളെന്ത്? അപ്പോള്‍ അവര്‍ ആ ദൂതന്റെ ഒച്ചകേട്ടു.
“ഭയപ്പെടണ്ടാ. സര്വജനത്തിനുമായി സന്തോഷത്തിന്റെ ഒരു സദ് വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. രക്ഷകനായ ക്രിസ്തു ദാവീദിന്റെ പട്ടണത്തില്‍ ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അടയാളമോ? കീറിയ ശീലയാല്ചുറ്റി പശുത്തൊഴുത്തില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.”
പെട്ടെന്ന് സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേര്‍ന്ന് കീര്‍ത്തനമാലപിച്ചു.
“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം!”
ഇനി മത്തായിയുടെ സുവിശേഷം വായിക്കാം.
“യേശു യഹൂദ്യയിലെ ബേത്ലഹേമില് ജനിച്ച ശേഷം കിഴക്കുനിന്ന് മൂന്ന് ജ്ഞാനികള്‍ യരൂശലേമില്‍ എത്തുവോളം ഒരു നക്ഷത്രം ആകാശത്തില്‍ അവര്‍ക്കു മുമ്പേ സഞ്ചരിച്ചിരുന്നു. ബേത്ലഹേമും ബേത്ലഹേമിലെ പുല്‍ക്കൂടും എവിടെ? ജ്ഞാനികള്‍ പലസ്തീന് രാജാവായ ഹേരോദീസിനെ കൊട്ടാരത്തില്‍ ചെന്നു കണ്ട് യഹൂദരാജാവായി ഒരു ശിശു ജനിച്ചിരിക്കുന്നുയെന്നും ഒരത്ഭുത നക്ഷത്രം ഞങ്ങള്‍ക്കു വഴികാണിച്ചുവെന്നും പറഞ്ഞു. അതു കേട്ട് ഹേരോദീസ് പരിഭ്രമിച്ചു. രാജാവ് ജ്ഞാനികളെ ബേത്ലഹേമിലേക്കയച്ചു. നിങ്ങള്‍ ആ ശിശുവിനെ കണ്ടെത്തിയാല്‍ ഞാന്‍ കൂടി കണ്ടു വന്ദിക്കേണ്ടതിന് ഈ വഴിയേ വന്ന് എന്നെയും അറിയിക്കുക.”
ജ്ഞാനികള്‍ ബേത്ലഹേമിലേക്ക് പുറപ്പെട്ടു. അവര്‍ കിഴക്കു കണ്ട നക്ഷത്രം യേശു ജനിച്ച പുല്‍ക്കൂടിനു മുകളില്‍ ചെന്നു നിന്നു. അവര്‍ അവിടെ പുല്‍ക്കൂട്ടില്‍ പിള്ളക്കച്ചകളാല്‍ പൊതിയപ്പെട്ട ശിശുവിനെ കണ്ട് പൊന്നും മൂരും കുന്തിരിക്കവും വച്ച് നമസ്കരിച്ചു. യേശുവിനെ കണ്ട കണ്ണുകൊണ്ട് ഇനി ആ രാജാവിനെ കാണണ്ടാ എന്നു വിചാരിച്ച് അവര്‍ വേറെ വഴിക്ക് സ്വദേശങ്ങളിലേക്ക് മടങ്ങി.
യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള കഥ ലോകത്തെ മുഴുവന്‍ ആകര്‍ഷിച്ചു.
അധികാരത്തിന്റെ ദുര്മ്മൂര്ത്തികളായ രാജാക്കന്മാരുടെയും മനുഷ്യവര്‍ഗത്തെ വിഭജിക്കുന്ന മതപണ്ഡിതന്മാരുടെയും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ജനത്തെ വഴി തെറ്റിച്ചുകൊണ്ടുപോകുന്ന ദൈവജ്ഞരുടെയും കാലത്ത് യേശുക്രിസ്തുവിന്റെ ജനനം പഴയ ചരിത്രത്തിന്റെയും കാലത്തിന്റെയും തിരസ്കാരമായി മാറി. 33 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ലോകത്തില്‍ സഞ്ചരിക്കാനുള്ള മനുഷ്യസ്നേഹത്തിന്റെ വഴി അദ്ദേഹത്തിന് കാലം കാണിച്ചുകൊടുത്തു. യേശുവിന്റെ വരവ് ചരിത്രത്തിന്റെയും കാലത്തിന്റെയും തിരുത്തിയെഴുത്തായിരുന്നു. സ്വന്തം ജീവിതം കുരിശിന്മേല് ബലിയര്‍പ്പിച്ച് യേശു മനുഷ്യസ്നേഹത്തിന്റെ പുതിയ നിയമം ലോകത്തെ പഠിപ്പിച്ചു. സ്നേഹവും കരുണയും പരിത്യാഗവുമാണ് സനാതനമൂല്യം.
ഈ കാലസന്ധിയില്‍ നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആ ജീവിതവും ബലിയും ഒരു രാഷ്ട്രീയ സാന്നിധ്യത്തെ ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ ജീവിതത്തിലെ രാഷ്ട്രീയ സൂചനകള്‍ പഠിക്കാന്‍ കൊള്ളാവുന്ന ഒരു വിഷയമാണ്.
ചരിത്രത്തിന്റെ ആകാശത്തില്‍ ഇപ്പോഴും ആ നക്ഷത്രം തീക്ഷ്ണശോഭയോടെ തെളിഞ്ഞുനില്ക്കുന്നത് കാണാം.
എനിക്ക് ഒരു പതിവുണ്ട്. ക്രിസ്മസ് രാത്രിയുടെ ആകാശത്തിലെ അനേകം നക്ഷത്രങ്ങളില്‍ നോക്കി ഞാന്‍ അപാരതയോടു ചോദിക്കും: “ആകാശത്തിലെ ഈ അസംഖ്യം നക്ഷത്രങ്ങളില്‍ ഏതാണ് ക്രിസ്തുവിന്റെ ജനനത്തെ കാണിക്കുന്ന നക്ഷത്രം?”
വിശുദ്ധനാട് സന്ദര്‍ശനത്തിനിടയില്‍ ഒരു ക്രിസ്മസ് രാത്രിയില്‍ ബേത്ലഹേമില് ഞാന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങി മലഞ്ചെരിവിലൂടെയുള്ള വഴിയേ ഒറ്റയ്ക്കു നടക്കുമ്പോള്‍ ഒരു കുന്നിന് മുകളില്‍ നിന്ന് ഞാന്‍ ആകാശത്തിന്റെ അപാരതയിലേക്കു നോക്കി.
ക്രിസ്തുവിന്റെ ജനനത്തെക്കുറിക്കുന്ന ആ നക്ഷത്രമെവിടെ?
ആകാശം മൗനം.
നക്ഷത്രങ്ങളും മൗനം.
പിന്നെ എനിക്കു തോന്നി, ആ നക്ഷത്രം എന്റെ മനസിലുണ്ടെന്ന്!