
ഇക്കഴിഞ്ഞ മാസത്തില്ലൊരുദിനം
ഞായറാഴ്ചയാണോർക്കുന്നതിപ്പൊഴും
അവധിയാലസ്യമൊക്കെക്കുടഞ്ഞെറി-
ഞ്ഞന്നു ഞാനെഴുന്നേറ്റൂ — ‘മണി പത്ത്’
കൈകൾ നീണ്ടൂ പതിവുപോൽ കട്ടിലി-
ന്നറ്റമുള്ളോരു പീഠത്തിൽത്തപ്പുവാൻ
ചൂടു ‘വാട്സ്ആപ്പു’ കാണാതെയില്ലല്ലോ
ഒരു ദശാബ്ദമായ് ദൈനംദിനങ്ങളും
വിരലിനറ്റത്തു ചില്ലിൻ മിനുസത്തി-
നന്നുപകരമായ് കൊണ്ടതു കൂർപ്പുകൾ
ഞൊടിയിൽ ഞെട്ടിപ്പരതുമ്പോൾ കണ്ടതോ
ഉരുകി നീറിയ പ്ലാസ്റ്റിക്കിനുണ്ടകൾ
പോയ രാത്രിയിൽ വെട്ടിയിറങ്ങിയോ-
രിന്ദ്രവജ്രായുധത്തിലെരിഞ്ഞു ഫോൺ
ഇല്ല ചാർജറും കേബിളും, ബാക്കിയായ്
പൊടിപൊടിഞ്ഞൊരു ബാറ്ററി മാത്രമേ
‘അയ്യോ അച്ഛാ! പണീ കിട്ടി മൊത്തത്തി’ -
ലെന്നലറിക്കൊണ്ടോടുന്നു മക്കളും
‘എങ്ങനിന്നു ഞാൻ ഇൻസ്റ്റയിൽ പോസ്റ്റിടു’ -
മെന്നു ചൊല്ലിക്കരയുന്നു ഭാര്യയും
ലോണുകൾ തീർത്തു, കീശയും കാലിയായ്
ശമ്പളത്തിനായ് നാലുനാൾ കാക്കണം
നീറ്റിൽനിന്നും പുറത്തിട്ട മീനുപോൽ
വീർപ്പുകിട്ടാതെ തെല്ലിട നിന്നുഞാൻ
o o o o o o
പല്ലുതേച്ചു, പ്രഭാതകൃത്യം കഴി-
ഞ്ഞന്നിരുന്നുഞാനുമ്മറക്കോലായിൽ
വെയിലുതട്ടിത്തിളങ്ങുന്ന തുള്ളികൾ
തീർത്തിടുന്നൂ മഴവില്ലിൻ മായകൾ
മധുനുകരുവാനുള്ളോരു വെമ്പലിൽ
കുരുവിയാൽ വിറച്ചാടുന്നു തെച്ചിയും
കാതിനിമ്പമായ് കേൾക്കാവു ദൂരെനി-
ന്നൊരു കുയിലിന്റെ ശൃംഗാര കൂജനം
എവിടെയായിരുന്നൊരു പതിറ്റാണ്ടായി-
ട്ടിപ്പൊഴീ കേട്ട ശ്രാവ്യമധുരങ്ങൾ?
എവിടെയായിരുന്നീ ദൃശ്യരാജിക-
ളെന്നൊരുഞൊടി ചിന്തയിലാണ്ടു ഞാൻ
പൊടിപിടിച്ചുകിടന്നോരു പന്തെടു-
ത്തങ്ങുമിങ്ങുമായ് തട്ടുന്നു പുത്രന്മാർ
ഒരു പരീക്ഷണമെന്നപോൽ നാടനാം
പാചകവിധി തേടുന്നു പത്നിയും
തൊടിയിലൂടെ നടന്നൂ, അലക്ഷ്യമായ്
മുമ്പുകൈവിട്ട സ്മൃതികളും തേടിഞാൻ
നെടിയൊരിടിവാളു തന്നോരു സൗഭാഗ്യ-
മിത്രമേൽ മധുരമേകുമോ ജീവനിൽ?
ആണ്ടുപലതായ്ക്കളഞ്ഞുകുളിച്ചൊരാ
നഷ്ടസൗഗന്ധമാഗതമായെന്നിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.