Saturday
14 Dec 2019

സഭാ സ്വത്ത് തര്‍ക്കം: സിവില്‍ നിയമങ്ങള്‍ നോക്കുകുത്തി

By: Web Desk | Monday 19 March 2018 10:05 PM IST


ബേബി ആലുവ

കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തില്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായിരുന്ന നിയമ പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പള്ളി നിയമത്തെക്കുറിച്ചുള്ള ചര്‍ച്ച സഭയ്ക്കകത്തും പുറത്തും വീണ്ടും സജീവമായി.

മുസലിം സമുദായത്തിന് വഖഫ് ബോര്‍ഡ്, സിഖുകാര്‍ക്ക് ഗുരുദ്വാര ആക്ട്, ഹിന്ദുക്കള്‍ക്ക് ഹിന്ദു എന്‍ഡോവ്‌മെന്റ് ആക്ട് എന്നിങ്ങനെ നിയമങ്ങള്‍ നിലവിലുള്ളപ്പോള്‍ ,ക്രൈസ്തവ സഭകളുടെ ഭൗതിക സ്വത്ത് ഭരിക്കാന്‍ പാര്‍ലമെന്റോ നിയമസഭയോ പാസ്സാക്കിയ നിയമമില്ല എന്നത് വിവിധ തലങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് 2009ല്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ രൂപവത്കരിച്ചത്.

ക്രൈസ്തവ സമുദായത്തിന് പൊതുവേ ബാധകമായ മൂന്നു നിര്‍ദ്ദേശങ്ങളാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. ചര്‍ച്ച് ആക്ട് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍, കേരള ക്രിസ്ത്യന്‍ വിവാഹ നിയമം, കേരള ക്രിസ്ത്യന്‍ ദത്തെടുക്കല്‍ നിയമം എന്നിവ. ഇതില്‍, ചര്‍ച്ച് ആക്ടായിരുന്നു പരമപ്രധാനം.കേരള ക്രൈസ്തവ സഭയുടെ ചിരപുരാതനമായ പാരമ്പര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമായ രീതിയിലായിരുന്നു ആ ആക്ടിന് കമ്മിഷന്‍ രൂപം നല്‍കിയതെന്ന് സമുദായ പരിഷ്‌കര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ പള്ളിയും അഥവാ പ്രാദേശിക ഘടകവും വിശ്വാസികള്‍ തെരഞ്ഞെടുക്കുന്ന ട്രസ്റ്റ് ഭരിക്കണമെന്നാണ് ശുപാര്‍ശകളിലൊന്ന്. പള്ളിയുടെ ഭൗതിക സ്വത്തുക്കള്‍ സംബന്ധിച്ച എല്ലാ അധികാരങ്ങളും പ്രസ്തുത ട്രസ്റ്റില്‍ നിക്ഷിപ്തമായിരിക്കും. ട്രസ്റ്റ് യോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനുള്ള അവകാശം ആദ്ധ്യാത്മികാചാര്യനായ മുഖ്യ പുരോഹിതന് അഥവാ വികാരിക്ക് ഉണ്ടായിരിക്കും. ഇടവകകള്‍ / പ്രാദേശിക ഘടകകങ്ങള്‍ കൂടിച്ചേര്‍ന്ന രൂപത / ജില്ലാ ഘടകം ഭരിക്കുന്നത് വിശ്വാസികള്‍ തെരഞ്ഞെടുത്ത ട്രസ്റ്റ് തന്നെയായിരിക്കും. അദ്ധ്യക്ഷത വഹിക്കുന്നത് മെത്രാനോ തുല്യ പദവിയിലുള്ള ആദ്ധ്യാത്മികാധികാരിയോ ആയിരിക്കും. അപ്രകാരം തന്നെ സംസ്ഥാന തലത്തില്‍ അല്ലെങ്കില്‍ സഭാ ആസ്ഥാനത്ത് ഭരണം നടത്തുന്നതും വിശ്വാസികളുടെ ട്രസ്റ്റ് ആയിരിക്കും. അദ്ധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ്പും. ക്രൈസ്തവ കുടുംബനാഥമാരും/ നാഥകളും 18 വയസ്സിനു മുകളിലുള്ളതും ഇടവക / അടിസ്ഥാന ഘടകത്തിലെ അംഗങ്ങളും ആയവര്‍ക്ക് വോട്ടവകാശത്തോടു കുട്ടിയ ട്രസ്റ്റ് അസംബ്ലി രൂപവത്കരിക്കും. ഇവിടെ നിന്നു സംസ്ഥാന തലം വരെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പാണ്. ട്രസ്റ്റ് അസംബ്ലി നാമനിര്‍ദ്ദേശം ചെയ്യുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോ / ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിംഗ് കമ്പനികള്‍ക്കോ ആയിരിക്കും കണക്കുകള്‍ പരിശോധിക്കാന്‍ അവകാശം.ഇങ്ങനെ, സഭയുടെ ഭൗതിക വസ്തുവകകളുടെ ഭരണം അവയുടെ യഥാര്‍ത്ഥ ഉടമകളില്‍ നിക്ഷിപ്തമാകണം എന്ന അതിപ്രധാനമായ ശുപാര്‍ശയാണ് കമ്മിഷന്‍ നടത്തിയത്.
പഴയ കാലത്ത്, തികച്ചും ജനാധിപത്യപരമായ ‘തോമയുടെ നിയമങ്ങളും നടപടികളും ‘ എന്ന പാരമ്പര്യ നിയമ വ്യവസ്ഥയ്ക്ക് അനുസൃതമായി പള്ളിയോഗങ്ങള്‍ എന്നറിയപ്പെട്ടിരുന്ന വിശ്വാസികളുടെ കൂട്ടായ്മകളാണ് പള്ളികളുടെ ഭരണം നടത്തിയിരുന്നത്. സുതാര്യവും ജനാധിപത്യപരവുമായ ഈ ഭരണവ്യവസ്ഥ പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തോടെ അട്ടിമറിക്കപ്പെട്ടു.1991ല്‍ വത്തിക്കാന്‍ രൂപം കൊടുത്ത പൗരസ്ത്യ കാനോന്‍ നിയമത്തിലെ ‘സഭാ സ്വത്തക്കളുടെയെല്ലാം പരമോന്നത ഭരണാധികാരിയും കാര്യസ്ഥനും റോമ മാര്‍പാപ്പയാണ് ‘ എന്ന പ്രഖ്യാപനത്തോടെ പഴയ ഭരണവ്യവസ്ഥ തീര്‍ത്തും ഇല്ലാതായി.മാര്‍തോമയുടെ ഭരണവ്യവസ്ഥയിലേക്ക് തിരിച്ചു പോകാനുള്ള വഴി തുറക്കലാണ്, ചര്‍ച്ച് ആക്ട് എന്നായിരുന്നു ജസ്റ്റീസ് കെ ടി തോമസ്, ഡോ.എം വി പൈലി, പ്രൊഫ. എന്‍ എം ജോസഫ്, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവര്‍ അക്കാലത്ത് വ്യക്തമാക്കിയത്.

വത്തിക്കാനിലെ മാര്‍പാപ്പയുടെ ആദ്ധ്യാത്മികാചാര്യ സ്ഥാനവും മേല്‍ക്കോയ്മയും അംഗീകരിച്ച കത്തോലിക്കാ സഭയിലെ മൂന്ന് അവാന്തരവിഭാഗങ്ങളാണ് ലത്തീന്‍ കത്തോലിക്കാ സഭ, സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ എന്നിവ. മിക്ക എപ്പിസ്‌ക്കോപ്പല്‍ സഭകളും എല്ലാ ഇവാഞ്ചലിക്കല്‍ സഭകളും പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ ചട്ടക്കൂട്ടിലാണ്. അവയില്‍ മെത്രാന്മാരെ തെരഞ്ഞെടുക്കുന്നതും ഭൗതിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതും പള്ളികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ അടങ്ങുന്ന പ്രതിനിധി സഭകളാണ്.ഇതില്ലാത്തത് കത്തോലിക്കാ സഭയില്‍ മാത്രവും. ചര്‍ച്ച് ആക്ട് പ്രാബല്യത്തില്‍ വന്നാല്‍ അധികാരവും സമ്പത്തും കൈവിട്ടു പോകുമെന്നു ഭയന്നവര്‍, നിയമം സഭകളുടെ ആഭ്യന്തര കാര്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ഇടപെടലിനു വഴിയൊരുക്കുമെന്നും, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്നു നിഷ്‌കര്‍ഷിക്കുമെന്നും പ്രചരിപ്പിച്ച് കോലാഹലത്തിനിറങ്ങിയത് പലരും ഓര്‍ക്കുന്നു.

കൊച്ചി രൂപതാ ബിഷപ്പായിരുന്ന മാര്‍ ജോണ്‍ തട്ടുങ്കല്‍ സഭ വിട്ടു പോയപ്പോള്‍ രൂപതയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 35 ലക്ഷം രൂപ പിന്‍വലിച്ചതും, ചാലക്കുടി കോഓപ്പറേറ്റീവ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതയിലെ 70 ലക്ഷം രൂപ കാണാതെ പോയതില്‍ രൂപതാ വികാരി ജനറള്‍ സംശയസ്ഥാനത്തു വന്നതും അക്കാലത്തായിരുന്നു.വൈപ്പിന്‍ കരയിലെ ഞാറക്കലില്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്റെ ഉടമാവകാശത്തെച്ചൊല്ലി സ്‌കൂള്‍ അധികൃതരായ കന്യാസ്ത്രീകളും പള്ളി അധികാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായതും കന്യാസ്ത്രീകളടക്കം ആശുപത്രിയിലായതും അന്നത്തെ എറണാകുളം രൂപതയുടെ സഹായമെത്രാനും വൈദികരും ഉള്‍പ്പെടെ പ്രതിസ്ഥാനത്തു വന്നതും, മലയാറ്റൂര്‍ പള്ളിക്കു കീഴിലായിരുന്ന കുരിശുപള്ളി പിടിച്ചെടുക്കുന്നതിനു വേണ്ടി അത് അന്തര്‍ദ്ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് മലയാറ്റൂര്‍ പള്ളിയെ ദുര്‍ബലപ്പെടുത്താന്‍ ഇടവക മൂന്നായി വിഭജിക്കുന്നതിനു വേണ്ടി നടത്തിയ നീക്കങ്ങളും അതിനെതിരായ ചെറുത്തു നില്‍പ്പുകളുമൊക്കെ അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു.

Related News