11 December 2024, Wednesday
KSFE Galaxy Chits Banner 2

ചുരുളി: വർത്തമാനവും രാഷ്ട്രീയവും; ഗീതി സംഗീത പറയുന്നു…

Janayugom Webdesk
November 24, 2021 6:20 pm

മലയാളത്തിലേതെന്നല്ല, ലോകത്തെ ഏത് ഭാഷയെടുത്താലും കലയും സാഹിത്യവും പലവിധ വിമർശനങ്ങൾക്ക് വിധേയമാവുക പതിവാണ്. മലയാളം നമ്മൾ കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്നതുകൊണ്ട് കൂടുതൽ ഇവിടെ ആണെന്ന് തോന്നും. അമ്മയെ തല്ലിയാലും രണ്ടുണ്ട് കാര്യമെന്ന് പഴമക്കാർ പറയുന്നതും മലയാളത്തിന്റെ  വിമർശന തലത്തെ മുൻനിർത്തിയാണ്. എവിടെയും രണ്ട് പക്ഷം പറയുന്ന ശീലം നമ്മുക്ക് ജന്മസിദ്ധമാണ്.
ഞാൻ കൂടി കഥാപാത്രമായെത്തുന്ന ‘ചുരുളി’ എന്ന ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയാണ് ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയായിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്കും ഇന്നുവരെ ഇത്രമേൽ അനുഭവിക്കാൻ ഭാഗ്യമുണ്ടായിക്കാണില്ല. ഭാഗ്യം എന്ന് പറയുന്നതുതന്നെ, സിനിമയുടെ രണ്ട് പക്ഷവും പറയാൻ ഇത്രയേറെ ആളുകൾ തുനിഞ്ഞുകാണില്ല എന്നതുകൊണ്ടുതന്നെയാണ്. ചിത്രം സസൂക്ഷ്മം കാണാത്തവരുടെ വിലയിരുത്തലുകളും ഗൗരവത്തിൽ വീക്ഷിച്ച് അതിനെ കൈകാര്യം ചെയ്തവരുടെ അഭിപ്രായങ്ങളും വന്നുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടാണ് മറ്റേത് സിനിമകളേക്കാളും ഭാഗ്യം അതിനുണ്ടായെന്ന് ആത്മാഭിമാനത്തോടെ ഞാൻ പറയുന്നത്.

ഒരു കാര്യത്തിൽ മാത്രമാണ് ദുഃഖം തോന്നുന്നുള്ളൂ. സിനിമയുടെ രാഷ്ട്രീയമോ പ്രമേയമോ ആവശ്യത്തിന് ചർച്ചയാവുന്നില്ല എന്നതിൽ. സിനിമയിലെ പദപ്രയോഗങ്ങളിന്മേലാണ് സർവരും വിമർശനം പറയുന്നത്. ചുരുളിയെന്ന മനുഷ്യമനസിന്റെ വൈകൃത ലോകത്ത് അവർ വന്യമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് സിനിമ. അതിന് കാരണമായ ചില ചിന്തകൾ പലഭാഗങ്ങളിലായി പറയാതെ പറഞ്ഞുപോകുന്നുമുണ്ട്. കുറ്റവാളികള്‍ മാത്രം താമസിയ്ക്കുന്ന സ്ഥലമാണ്  ചുരുളി. പലതരം കേസുകളിലെ പ്രതികൾ. അപ്പോൾ സ്വാഭാവികമായി അവർ തമ്മിൽ ഉപയോഗിക്കുന്ന ഭാഷ എന്നതിനാൽ സിനിമയിലും  അവിടുത്തെ ഭാഷ അങ്ങനെ തന്നെയാവണം. മറിച്ചായാൽ  സത്യസന്ധതയില്ലായ്മയാവും. ഓരോ സിനിമയിലും കഥാപാത്രങ്ങള്‍ അവശ്യപ്പെടുന്ന രൂപഭാവങ്ങളും   അതര്‍ഹിയ്ക്കുന്ന ഭാഷയുമാണ്  വേണ്ടത്.

 

 

 

വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന മൂലകഥയിൽ നിന്നും സിനിമ എന്നതിലേക്ക് മാറിയപ്പോൾ അതിനേറെ വ്യത്യസ്തത  വന്നിട്ടുണ്ട്. സിനിമ സംവിധായകന്റെ സൃഷ്‌ടികൂടിയാണ്. ആ നിലക്ക് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഈ ചുരുളിയെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ചുരുളി ഉയർത്തുന്ന രാഷ്ട്രീയവും അതിന്റെ കഥയും കഥാപാത്രങ്ങളുടെ അഭിനയവും എഡിറ്റിംഗും ഛായാഗ്രഹണവും സൗണ്ടുമെല്ലാം ഒരുപക്ഷെ മലയാളലോകത്തിനപ്പുറത്ത് വിലയിരുത്തപ്പെട്ടേക്കാമെന്നാണ് എന്റെയെല്ലാം പ്രതീക്ഷ. ലോക നിലവാരത്തിലുള്ള ഒരു സിനിമയുടെ കൂട്ടത്തിൽ ചർച്ച ചെയ്യാവുന്ന സിനിമയായി ഇതിനകം തന്നെ മാറിക്കഴിഞ്ഞു.

 

 

 

ചുരുളി പോലൊരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട്. ചിത്രത്തിലെ തങ്ക എന്ന കഥാപാത്രം ഇത്രയും പഞ്ചുള്ളതാണെന്നും അമ്പരപ്പോടെയാണ് ആദ്യനാളുകളിൽ മനസിലാക്കിയത്. ചെറിയ വേഷമാണെങ്കിലും ഐഎഫ്എഫ്കെയിലെ പ്രദര്‍ശനത്തിന് ശേഷം നിരവധി അനുമോദനങ്ങള്‍ ലഭിച്ചതിൽ സന്തോഷമുണ്ട്. സുഹൃത്തുക്കളും സിനിമ മേഖലകളിൽ ഉള്ളവരുമെല്ലാം  അഭിനന്ദനങ്ങൾ  വിളിച്ചു പറയുമ്പോൾ ഒത്തിരി അഭിമാനം തോന്നുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ മാടനെ ചുമന്ന് ചുരുളി കടക്കാനാവാതെ ചുറ്റിക്കറങ്ങുന്ന തിരുമേനിയുടെ കഥ വിളിച്ചു പറയുന്നത് എന്റെ ശബ്ദം ആണന്നതും  അഭിമാനമാണ്.
ചിത്രത്തിലെ തെറി  വിളികളെ കുറിച്ച് സംസാരിക്കുന്നവർ പൂർണ്ണമായും സിനിമ കണ്ടവരായിരിയ്ക്കും എന്ന് കരുതുന്നില്ല. ചെറിയ ക്ലിപ്പിങ് കണ്ടിട്ട് സിനിമയെ തള്ളി പറയുന്ന രീതിയോട്  വിയോജിപ്പാണ് . കുട്ടികൾ തീർച്ചയായും സിനിമ കാണാതിരിക്കാനാണ് 18  വയസ്സിന് മുകളിലുള്ളവർക്ക് എന്ന്  പറഞ്ഞിട്ടുള്ളത്. തിയറ്ററിലും സിനിമ റിലീസ് ചെയ്യാതിരുന്നതും  അത് കൊണ്ടായിരിക്കും. തെറി വിളിയെന്ന്  പറയുന്ന വീട്ടുകാർ കുട്ടികളെ ഈ സിനിമ കാണരുതെന്ന് വിലക്കിയാൽ തീരുന്ന വിഷയമല്ലേ  ഉള്ളൂ.

 

 

പെങ്ങൾ തങ്ക എന്ന കഥാപാത്രം കൂടുതൽ അവസരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. അഞ്ച് സിനിമകള്‍ ഉടൻ പുറത്തിറങ്ങാനുണ്ട്. രാജീവ് രവിയുടെ നിവിന്‍ പോളി ചിത്രം തുറമുഖം, ഷൈന്‍ നിഗത്തിന്റെ വെയില്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ ചതുരം, എം ടി വാസുദേവന്‍ നായര്‍, പ്രിയദര്‍ശന്‍ സിനിമയിലും  മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രവുമെല്ലാം പൂർത്തിയായിട്ടുണ്ട്. മറ്റു ചില സിനിമളിലും അഭിനയിക്കുന്നുണ്ട്. കോവിഡ്  കാലയളവിൽ പൂർത്തീകരിച്ച ചില ചിത്രങ്ങൾ കൂടി റിലീസ് ചെയ്യാനുണ്ട്.

ചിത്രങ്ങള്‍ : വി എന്‍ കൃഷ്ണപ്രകാശ്

Eng­lish Sum­ma­ry: Chu­ruli movie review

You may like this video also

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.