വിശപ്പ് പോലെ തന്നെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ലൈംഗികത. വിശപ്പിനോളം തന്നെ പ്രകൃതിദത്തമാണ് കാമപൂർത്തീകരണവും. വിശക്കുമ്പോൾ വയറെന്ന ശരീരഭാഗത്തേയും മനസ്സിനേയും നമ്മൾ ഭക്ഷണം കൊടുത്ത് ശമിപ്പിക്കുന്ന അതേ പ്രവർത്തനമാണ് ലൈംഗികതയിലും നടക്കുന്നത്. കാമപൂർത്തീകരണത്തിന്റെ ചോദനകൾക്കപ്പുറം തലമുറ നിലനിർത്തുന്നതിനുള്ള പ്രകൃതി നിർണയിച്ച ഉദാഹരണമില്ലാത്ത അനുഭൂതി പങ്കിടലും അവിടെ നടക്കുന്നു… സൃഷ്ടികർമത്തിലെ ഏറ്റവും മനോഹരമായതും ഒഴിവാക്കാനാകാത്തതുമായ രണ്ടവയവങ്ങളുടെ കൂടിച്ചേരൽ. . പക്ഷേ ഏറ്റവും ആസ്വാദ്യകരമായത് അനുഭവിക്കുമ്പോഴും നമ്മൾ ആ ലൈംഗികാവയവങ്ങളുടെ പച്ചമലയാളപ്പേര് പറയാൻ മടിക്കുന്നു. പകരം അവയുടെ സംസ്കൃതീകരിച്ച രൂപമായ ലിംഗവും യോനിയും നമ്മുടെ നിഘണ്ടുവിലെ ശ്ലീലപദമായി വിലസുന്നു.. രണ്ടിന്റേയും പച്ചമലയാള രൂപമാകട്ടെ ഏറ്റവും വലിയ തെറിയായി പരിണമിക്കുകയാണ്.
എങ്ങനെയാണ് മനുഷ്യന് ഏറ്റവും മനോഹരമായ നിർവൃതി പകർന്നൂകൊടുക്കുന്ന അല്ലെങ്കിൽ സൃഷ്ടികർമ്മത്തിലെ ഏറ്റവും പ്രധാനപങ്കാളികളായ രണ്ടവയവങ്ങളുടെ പച്ചമലയാളപ്പേരുകൾ മലയാളിക്ക് അങ്ങേയറ്റം കേട്ടാലറയ്ക്കുന്ന തെറിവിളിയായി മാറിയത്? സ്വന്തം ശരീരത്തിന്റെ ഏറ്റവും വലിയ /മനോഹരമായ സ്വകാര്യത തെറിയായി രൂപപ്പെട്ട സദാചാരബോധം മലയാളിക്ക് കൈവന്നതെങ്ങനെയോ ആകട്ടെ ആ സദാചാരബോധത്തിനൊരു വെല്ലുവിളിയായാണ് ചുരുളി കണ്ട രണ്ടു മണിക്കൂർ നേരം തോന്നിയത്. .
വിനോയ് തോമസ് എന്ന കഥാകൃത്തിന്റെ മൂലകഥയെ ആസ്പദമാക്കി എസ് ഹരീഷ് ഒരുക്കിയ തിരക്കഥ ലിജോ ജോസിന്റെ സംവിധാനമികവിൽ ഒരുങ്ങിയപ്പോൾ മലയാളികളുടെ സദാചാരബോധം ഉണർന്നുണർന്നു വരുന്ന കാഴ്ചയും കേൾവിയുമാണ് ചുരുളി ഇറങ്ങിയ ദിവസം മുതൽ നമ്മൾ കാണുന്നതും കേൾക്കുന്നതും. ചുരുളിയിൽ സംവിധായകനും തിരക്കഥാകൃത്തും ഉപയോഗിച്ചതിനുമപ്പുറമുള്ള തെറിവിളികൾ സോഷ്യൽ മീഡിയയിൽ മുറവിളികളായി ഉയർന്നുവരുന്നു. ഒരു എ സർട്ടിഫൈഡ് ഫിലിം കുടുംബസമേതം ഇരുന്നു കാണാൻ പറ്റുന്നില്ലേ.… എന്നാണ് പ്രബുദ്ധനായ മലയാളിയുടെ മുറവിളി.
ചുരുളി എന്ന വന്യവും അതിനിഗൂഢവുമായ നാട്ടിലേയ്ക്ക് ഒരു ക്രിമിനലിനെ അന്വേഷിച്ചുവരുന്ന രണ്ടു പൊലീസുകാരിലൂടെ ആ നാടിന്റെ ചിത്രം കാഴ്ചക്കാരിലേയ്ക്ക് പകരുകയാണ്. പിടിക്കപ്പെട്ടാൽ ചുരുങ്ങിയത് പത്തുവർഷം അകത്തുകിടക്കാനുള്ള വകുപ്പുകളുള്ള കുറ്റങ്ങൾ ചെയ്ത മൈലാടുംപറമ്പിൽ ജോയ്എന്ന കുറ്റവാളിയെത്തേടിയാണ് രഹസ്യപ്പോലീസുകാരായ ആൻറണി, ഷാജീവൻ എന്നിവർ ചുരുളിയിലേക്കെത്തുന്നത്. വന്യവും നിഗൂഢവുമായ കാട്ടുവഴികളിലൂടെ ജീപ്പിലൂടെയുള്ള യാത്രയിൽ ചുരുളിക്കാരായ സഹയാത്രികരും ഉണ്ട്. ചുരുളിയിലേക്ക് പ്രവേശിക്കുന്ന പൊളിഞ്ഞ മരത്തടികൾ ഉള്ള അതിർത്തിപ്പാലം കടക്കുന്നതുവരെ അതീവസൗമ്യരും സഹൃദയരും എന്നാൽ അത്ര സംസാരപ്രിയരല്ലാത്ത ജീപ്പ് ഡ്രൈവറടക്കമുള്ള ചുരുളി നിവാസികൾ പാലം കടന്ന് ചുരുളിയിലേക്ക് പ്രവേശിച്ചയുടൻ തെറിവിളികളുമായാണ് ആന്റണിയേയും ഷാജീവനേയും പിന്നീട് സ്വീകരിക്കുന്നത്. ജോയി എന്ന ക്രിമിനലിന്റെ പേരുമാത്രമറിയുന്ന ഷാജീവനും ആന്റണിയും ഓരോ ചുരുളിക്കാരനിലും ജോയിയെ തിരയുമ്പോഴാണ് അവരോരുത്തരും പലതരം കുറ്റങ്ങൾ ചെയ്ത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്, കണ്ണുവെട്ടിച്ച് ചുരുളിയിലെ നിഗൂഢതകളിലേയ്ക്ക് ചേക്കേറിയവരാണെന്നും നിയമത്തിനുമുന്നിൽ ഹാജരാക്കേണ്ടവരാണെന്നും മനസ്സിലാകുന്നത്.തെറിവിളികൾക്കപ്പുറം ചുരുളി മുന്നോട്ടുവെക്കുന്ന ഒട്ടേറെ വ്യത്യസ്തമായ രാഷ്ട്രീയവും സൈക്കോളജിയുമുണ്ട്.
ഒരേ കാട് ഓരോതവണ കാണുമ്പോഴും വ്യത്യസ്തമാണെന്ന ഷാജീവന്റെ തിരിച്ചറിവ് ചുരുളിയിലെ എന്നല്ല ഭൂമിയിലെ ഓരോ മനുഷ്യമനസിനേയും സൂചിപ്പിക്കുകയാണ്. . ജെല്ലിക്കെട്ടിൽ വിറളി പിടിച്ചോടിയ പോത്തിനെ പിടികൂടാനിറങ്ങിയ മനൂഷ്യരുടെ ആദിചോദനകൾ വന്യമായി ഉണരുന്ന കാഴ്ചയുടെ തുടർച്ചയാണ് ചുരുളിയിലും ലിജോ ജോസ് കാണിച്ചുതരുന്നത്. . തിന്നുക, കുടിക്കുക, അർമാദിക്കുക എന്ന മനുഷ്യചോദനകളെ യാതൊരു വെല്ലുവിളികളുമില്ലാതെ പരിപോഷിപ്പിക്കൂന്ന ചുരുളിയിൽ സദാചാരബോധം കെട്ടടങ്ങുന്ന കാഴ്ചയാണ് തലേന്നാൾ വരെ സകല തെറിവിളികളുടെയും അൾത്താരയായിരുന്ന ഷാപ്പിനെ രണ്ടുനാളത്തേക്ക് ഷാപ്പുകാരന്റെ മോളുടെ ആദ്യകുർബാനയ്ക്ക് വേദിയായ വിശുദ്ധപള്ളിയാക്കി മാറ്റിയ രംഗത്തിൽ നമ്മൾ കാണുന്നത്. ഷാപ്പുതന്നെ പള്ളിയും അൾത്താരയുമായി മാറുന്ന ചുരുളിയിൽ പകൽ പെങ്ങൾ തങ്കയും രാത്രി കൂട്ടുകിടപ്പുകാരിയുമാകുന്ന കപടസദാചാരബോധവും മറനീക്കി പുറത്തുവരുന്നുണ്ട്. . (ഒരുപക്ഷേ പെങ്ങൾ തങ്കയൂടെയും ജോസിന്റെയും ആ രംഗങ്ങൾ ഇത്തിരി കൊഴുപ്പോടെ മസാലചേർത്ത് നേരിട്ട് അവതരിപ്പിച്ചിരുന്നുവെങ്കിൽ ചുരുളി മലയാളി ഒളിഞ്ഞുനിന്നാസ്വദിക്കുന്ന ഏറ്റവും നല്ല എ സർട്ടിഫൈഡ് പടം എന്ന് വാഴ്ത്തപ്പെട്ടേനെ!! )നിറയെ നിഗൂഢതകൾ മാത്രം പേറി ജീവിക്കുന്ന, എല്ലാത്തരം സദാചാരബോധത്തേയും വെല്ലുവിളിക്കുന്ന ഒരു കൂട്ടം ആളുകൾ തികച്ചും സംസ്കൃതീകരിച്ച ഭാഷ സംസാരിക്കുമെന്ന് പ്രതീക്ഷിച്ച് ചുരുളി കാണാനിരിക്കുന്നവർ സംവിധായകനെ തെറിവിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ..
ഒടിടി റിലീസായ ഒരു എ സർട്ടിഫൈഡ് ചിത്രം 18 + ആളുകൾ മാത്രമല്ല കുട്ടികളും കണ്ടേക്കും എന്ന പ്രബുദ്ധരായ മലയാളികളുടെ പേടിയാണ് അവരെക്കൊണ്ട് സിനിമയ്ക്കെതിരേ തെറിവിളിപ്പിക്കുന്നത്. . സ്കൂളുകളിൽ മതിയായ ലൈംഗികവിദ്യാഭ്യാസം കൊടുക്കണമെന്ന വാദത്തിന് ഏറെ വെല്ലുവിളി ഉയർത്തുന്നതും ഇതേ സദാചാരബോധക്കാർ തന്നെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസവും. . കാലത്തിനുമുന്നേ മക്കൾ സഞ്ചരിക്കുന്നതറിയാത്ത രക്ഷിതാക്കളാണ് സിനിമ കണ്ട് കുട്ടികൾ വഴിതെറ്റിപ്പോകുമെന്ന് മുറവിളി കൂട്ടുന്നതും.. അഞ്ചാംക്ലാസുകാരായ മൂന്നു ആൺകുട്ടികൾ വീട്ടിനടുത്തുള്ള ഒമ്പതാംക്ലാസുകാരി ചേച്ചിയോട് നടുവിരൽ ഉയർത്തിക്കാണിച്ച് അതിന്റെ അർത്ഥമറിയുമോ ചേച്ചിക്ക് എന്ന് ചോദിച്ചതും ട്രിപ്പിൾ എക്സ് അറിയില്ലെങ്കിൽ ഗൂഗിൾ സർച്ച് ചെയ്താൽ മതിയെന്ന തിയറി ക്ലാസും പകർന്നുകൊടുത്ത നേരനുഭവമുള്ള ഒരു രക്ഷിതാവെന്ന നിലയിൽ പറയട്ടേ.… ചുരുളിയിൽ ലിജോ ജോസ് പറയാതെ പറഞ്ഞുവെക്കുന്ന ഒരുപാട് കാര്യങ്ങളിലൊന്ന് ഇനിയെങ്കിലും നമുക്കൊക്കെയൊന്ന് മാറിച്ചിന്തിച്ചുകൂടെ എന്നായിരിക്കണം.… ചുരുങ്ങിയ പക്ഷം നമ്മുടെ സ്വന്തം ലൈംഗികാവയവങ്ങളുടെ പച്ചമലയാളം പേരുകൾ തെറിയല്ല എന്ന് അംഗീകരിക്കാവുന്ന രീതിയിലേക്കെങ്കിലും.…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.