സിഐ നവാസ് വി എസിനെ കാണാനില്ല; ഇന്ന് ചുമതലയേല്‍ക്കേണ്ട മട്ടാഞ്ചേരിയിലും റിപ്പോര്‍ട്ട് ചെയ്തില്ല വീട്ടുകാര്‍ ആശങ്കയില്‍

Web Desk
Posted on June 13, 2019, 3:20 pm

കൊച്ചി: എറണാകുളം സെന്‍ട്രല്‍ പോലീസ് സിഐ നവാസ് വിഎസിനെ കാണാനില്ലെന്ന് പരാതി. ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനുമായുണ്ടായ വാക്കുതര്‍ക്കത്തിനുശേഷമാണ് ചേര്‍ത്തല കുത്തിയയതോട് സ്വദേശിയായ നവാസിനെ കാണാതായതെന്നാണ് റിപ്പോര്‍ട്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് മാരാരിക്കുളം സര്‍ക്കിളില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് മാറ്റിയ നവാസിനെ കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.

ഇന്ന് മട്ടാഞ്ചേരി സിഐ ആയി ചുമതലയേല്‍ക്കേണ്ടതായിരുന്നെങ്കിലും നവാസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീട്ടുകാര്‍ക്കും നവാസ് എവിടെ പോയി എന്നതു സംബന്ധിച്ച് ഒരുവിവരവുമില്ല.
ഇതെതുടര്‍ന്ന് ബന്ധുക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം സബ് ഡിവിഷനുകളുമായി ബന്ധപ്പെട്ട് രാത്രകാല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി (സബ് ഡിവിഷന്‍ ചെക്കിങ്) ബുധനാഴ്ച രാത്രി 11 കഴിഞ്ഞ് മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു.

വയര്‍ലസിലൂടെ മേലുദ്യോഗസ്ഥന്‍ നവാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ ശകാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം റേഞ്ചിലെ മുഴുവന്‍ സ്‌റ്റേഷനുകളിലും പട്രോള്‍ ഡ്യൂട്ടിയിലും ഉണ്ടായിരുന്ന പോലീസുകാര്‍ മുഴുവന്‍ വയര്‍ലെസ് സെറ്റിലൂടെ ഇരുവരുടേയും വാഗ്വാദങ്ങള്‍ കേട്ടിരുന്നു. വാക്കുതര്‍ക്കം പരിധി വിട്ടതോടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇടപെടലുണ്ടായെങ്കിലും എല്ലാവരും കേള്‍ക്കട്ടെ എന്നു പറഞ്ഞ് മേലുദ്യോഗസ്ഥന്‍ ശകാരം തുടര്‍ന്നുവെന്നാണ് ഇതു കേള്‍ക്കാനിടയായ പോലീസുകാര്‍ പറയുന്നത്. ഇതെതുടര്‍ന്ന് നവാസ് ഏറെ സംഘര്‍ഷത്തിലായെന്നും പറയപ്പെടുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാക്കിയ നവാസിനെക്കുറിച്ച് വീട്ടുകാര്‍ക്കും വിവരമൊന്നുമില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ നവാസിനെ കാണാനില്ലെന്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചത്.
അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു നവാസ്. അതുകൊണ്ടുതന്നെ നവാസിന് സ്വന്തംതട്ടകത്തില്‍ തന്നെ നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നു. നവാസിന്റെ ബാച്ചിലുള്ള ഒട്ടുമിക്കപേരും ഡി വൈ എസ് പി റാങ്കില്‍ ഉദ്യോഗക്കയറ്റം കിട്ടിയിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ തുടര്‍ന്നുണ്ടായ ചില കേസുകളാണ് സമര്‍ഥനായ നവാസിന്റെ ഉദ്യോഗക്കയറ്റം തടഞ്ഞത്.

YOU MAY LIKE THIS VIDEO