വിമാനത്താവളങ്ങളില്‍ സൗരോര്‍ജ പദ്ധതിക്ക് സിയാല്‍ സഹകരണം

Web Desk
Posted on December 16, 2017, 10:39 pm

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസനിധിയിലേയ്ക്ക് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അഞ്ചുകോടി രൂപ നല്‍കി. സിയാല്‍ ഡയറക്ടര്‍ കൂടിയായ മന്ത്രി വി എസ് സുനില്‍കുമാര്‍ അഞ്ച് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച സിയാല്‍ ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നു. യോഗത്തിന്റെ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച്‌കോടി രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍-സിയാല്‍ സംയുക്ത സ ംരംഭമായ ഉള്‍നാടന്‍ ജലപാത വികസന നടപടികള്‍ ത്വരിതപ്പെടുത്താന്‍ 4.41 കോടി രൂപ നല്‍കാനും ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഹോസ്ദുര്‍ഗ് മുതല്‍ കോവളം വരെ ഉള്‍നാടന്‍ ജലപാത വികസിപ്പിക്കാന്‍ സര്‍ക്കാരും സിയാലും ചേര്‍ന്ന് രൂപവത്ക്കരിച്ചിട്ടുള്ള കേരളവാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന് ഈ തുക ഉടനടി കൈമാറും. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലിന്റെ സാങ്കേതിക സഹകരണം തേടി നിരവധി രാജ്യങ്ങളും എയര്‍പോര്‍ട്ട് ഏജന്‍സികളും നേരത്തെ അധികൃതരുമായി ചര്‍ച്ചനടത്തിയിരുന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഘാനയുടെ ഇന്ത്യന്‍ ഹൈക്കമിഷണര്‍ മൈക്കേല്‍ ആരണ്‍ നോര്‍ട്ടന്‍ ഒഖാന ജൂനിയര്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം സിയാലിലെത്തിയിരുന്നു. സൗരോര്‍ജ വിമാനത്താവളങ്ങളുടെ വികസനത്തിനായുള്ള സാങ്കേതിക സഹകരണം നല്‍കുന്നതിനുള്ള ആദ്യഘട്ടമായി ഘാനയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ ഡയറക്ടര്‍ബോര്‍ഡ് യോഗം അനുമതി നല്‍കി. ഇതനുസരിച്ച് ഘാനയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സിയാല്‍ സാങ്കേതിക സഹകരണം നല്‍കും. ഇതിന്റെ തുടര്‍നടപടികള്‍ക്കായി യോഗം മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി.
സിയാല്‍ ഡയറക്ടര്‍മാരായ മന്ത്രി വി.എസ്.സുനില്‍കുമാര്‍ കെ.റോയ് പോള്‍, എ.കെ.രമണി, സി.വി.ജേക്കബ്, ഇ.എം.ബാബു, എന്‍.വി.ജോര്‍ജ്, മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ് തുടങ്ങിയവര്‍ ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവന നല്‍കിയ ചടങ്ങില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, ജനറല്‍ മാനേജര്‍ ജോസ് തോമസ് എന്നിവരും പങ്കെടുത്തു.