8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

January 14, 2024
October 6, 2023
July 1, 2023
May 3, 2023
May 3, 2023
January 23, 2023
January 9, 2023
December 6, 2022
November 11, 2022
November 5, 2022

സിഐസി — സമസ്ത പോര് രൂക്ഷം; സിഐസി സമിതികളിൽ നിന്ന് സമസ്ത നേതാക്കള്‍ രാജിവെച്ചു

സ്വന്തം ലേഖകന്‍
കോഴിക്കോട്
May 3, 2023 6:23 pm

സിഐസി (കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജ്) — സമസ്ത പോര് രൂക്ഷമായി. സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ സിഐസി സമിതികളിൽ നിന്ന് രാജിവെച്ചു. സിഐസി വിഷയത്തിൽ സമസ്തയുടെ മാർഗ നിർദേശങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സംഘടനയുടെ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചിട്ടുണ്ട്. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാദിഖലി തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്ന് സമസ്ത നേതാക്കൾ വ്യക്തമാക്കി. ഹക്കീം ഫൈസി അദൃശേരി രാജിവെച്ച ശേഷവും സിഐസിയും സമസ്തയും രണ്ടു തട്ടിലാണ്. 

ഹക്കീം ഫൈസി ആദൃശേരിക്ക് പകരം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങൾ സിഐസി ജനറൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ നിയമനം സമസ്തയോട് കൂടിയാലോചിച്ചില്ലെന്നാണ് സമസ്തയുടെ പരാതി. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു ഹക്കീം ഫൈസിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്നും പുറത്താക്കിയത്. ഇതിനു പിന്നാലെ സിഐസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു. ആദൃശേരി രാജിവെച്ചതിന് പിന്നാലെ 130 അധ്യാപകരാണ് സിഐസി വിട്ടത്. ഇവർക്കുപുറമെ വാഫി സ്റ്റുഡന്റ്സ് അസോസിയേഷനും ഹക്കീം ഫൈസിയെ പുറത്താക്കിയാൽ രാജിവെക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസമാണ് ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങൾ സിഐസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ഇത് സമസ്തയുമായി കൂടിയാലോചിക്കാതിരുന്നതാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം. സിഐസി ഉപദേശ സമിതിയിൽ നിന്നടക്കം ഇരുവരും രാജിവെച്ചിട്ടുണ്ട്.
ഇതിനിടെ സിഐസി ജനറൽ സെക്രട്ടറിയുടെ രാജി സ്വീകരിച്ച സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നടപടി സ്വാഗതാർഹമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മൂസക്കുട്ടി ഹസ്രത്ത്, ജന. സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ആനുകാലിക സംഭവവികാസങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപകൽപന ചെയ്ത സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി ഒരു വിഘ്നവും കൂടാതെ മുന്നോട്ടുകൊണ്ടുപോകും.

സമസ്തയെയും സദാത്തുക്കളെയും ഇകഴ്ത്തുന്ന പ്രസ്താവനകളിലും ദുഷ്പ്രചാരണങ്ങളിലും പ്രവർത്തകർ വഞ്ചിതരാകരുത്. വാഫി, വഫിയ്യ സംവിധാനം സമസ്ത കേരള ജംഇയ്യതത്തുൽ ഉലമയുടെ ഉപദേശ നിർദേശങ്ങൾ അനുസരിച്ച് നടത്തേണ്ടതാണ്. ഈ തീരുമാനം അംഗീകരിക്കാത്തവർ പ്രസ്തുത സംവിധാനത്തിൽ നിന്ന് മാറിനിൽക്കണം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനം സമസ്ത കേന്ദ്ര മുശാവറക്കു രേഖാമൂലം കൈമാറിയിരുന്നു. എങ്കിലും സ്ഥാപനങ്ങൾക്കു വേണ്ടി സമസ്ത തയാറാക്കി നൽകിയ മാർഗനിർദേശങ്ങൾ സിഐസി ഇതുവരെയും അംഗീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ വ്യക്തമാക്കി.

Eng­lish Sum­ma­ry: CIC — Samas­tha clash­es; Samas­tha lead­ers resigned from the CIC committees

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.