Web Desk

കൊച്ചി

May 31, 2021, 7:22 pm

സർക്കാർ പിന്തുണയോടെ അഡ്‌ലക്സിൽ 500 കിടയ്ക്കയുള്ള കോവിഡ് സെക്കൻഡ്‌ലെെൻ ചികിത്സാകേന്ദ്രം തുറന്ന് സിഐഐ: ഓൺലൈനിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Janayugom Online

അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ സിഐഐ സ്ഥാപിച്ച 500 കിടയ്ക്കയുള്ള കോവിഡ് സെക്കൻഡ് ലൈൻ ചികിത്സാകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബെന്നി ബഹന്നാൻ എംപി, ജില്ലാ കളക്ടർ എസ് സുഹാസ് ഐഎഎസ്, സിഐഐ കേരളാ ചെയർമാനും ബ്രാഹ്മിൻസ് ഫുഡ്സ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു, സിഐഐ കേരളാ വൈസ് ചെയർമാനും കാൻകോർ ഇൻഗ്രെഡിയന്റ്സ് സിഇഒയുമായ ജീമോൻ കോര, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, സ്പോൺസർ കമ്പനികളുടെ പ്രതിനിധികൾ, സിഐഐ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
500 കിടയ്ക്കയുള്ള ഈ കോവിഡ് സെക്കൻഡ് ലൈൻ ചികിത്സാകേന്ദ്രത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം വാർഡുകളുണ്ട്. കോവിഡ് ചികിത്സയ്ക്കാവശ്യമായ ഓക്സിജൻ കോൺസൻട്രേറ്ററുകൾ, ഡിഫിബ്രിലേറ്ററുകൾ, എക്സ്-റേ ജിഇ, മൾട്ടിപാര മോണിട്ടർ തുടങ്ങിയ എല്ലാ സംവിധാനങ്ങളുമുണ്ട്.
പദ്ധതിയ്ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനും അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാനും സിഐഐ 2.2 കോടി രൂപ ചെലവിട്ടു. ഇൻഫോസിസ് ഫൗണ്ടേഷൻ, യുഎസ് ടെക്നോളജി ഇന്റർനാഷനൽ, ഐബിഎസ് സോഫ്റ്റ് വെയർ, മുത്തൂറ്റ് ഫിൻകോർപ്പ്, ഈസ്റ്റേൺ കോണ്ടിമെന്റ്സ്, ഫെഡറൽ ബാങ്ക്, സിന്തൈറ്റ് ഇൻഡസ്ട്രീസ്, കാൻകോർ ഇൻഗ്രെഡിയന്റ്സ്, സൺടെക് ബിസിനസ് സൊലൂഷൻസ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ പത്തു സ്ഥാപനങ്ങളാണ് പദ്ധതിയ്ക്ക് സാമ്പത്തിക പിന്തുണ നൽകിയത്.

ഗുരുതരമായ കോവിഡ് രോഗം ബാധിച്ചവർക്ക് മികച്ച ചികിത്സ നൽകാൻ പുതുതായി തുറന്ന ഈ കോവിഡ് സെക്കൻഡ്ലൈൻ ചികിത്സാകേന്ദ്രം ഉപകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഉയർത്തിയിട്ടുള്ള വെല്ലുവിളി എല്ലാവർക്കും ബാധകമാണ്. എന്നാൽ ഇത് ചെറുക്കാൻ സർക്കാർ ബഹുമുഖമായ നടപടികളാണ് എടുക്കുന്നത്. ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ഈ കേന്ദ്രം സ്ഥാപിച്ച സിഐഐയുടെ സമയോചിതമായ നടപടിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
കോവിഡിനെ ചെറുക്കുന്നതിനായി ജില്ലാ ഭരണകൂടം എടുത്തു വരുന്ന നടപടികൾ ജില്ലാ കളക്ടർ എസ് സുഹാസ് വിശദീകരിച്ചു.

ഇത്തരമൊരു കോവിഡ് സെക്കൻഡ്ലൈൻ ചികിത്സാകേന്ദ്രം സ്ഥാപിക്കാൻ മുന്നോട്ടുവന്ന സിഐഐയ്ക്കും സിഐഐ അംഗങ്ങൾക്കും കളക്ടർ നന്ദി അറിയിച്ചു. ചടങ്ങിൽ സിഐഐ കേരളാ ചെയർമാനും ബ്രാഹ്മിൻസ് ഫുഡ്സ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു, സിഐഐ കേരളാ വൈസ് ചെയർമാനും കാൻകോർ ഇൻഗ്രെഡിയന്റ്സ് സിഇഒയുമായ ജീമോൻ കോര എന്നിവരും പ്രസംഗിച്ചു. ഈ പദ്ധതിയ്ക്കു പുറമെ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് പദ്ധതികൾ കൂടി സിഐഐ നടപ്പാക്കിയിട്ടുണ്ട്.

9 ജില്ലകളിലെ 22 സർക്കാർ ആശുപത്രികളിൽ കേന്ദ്രീകൃത ഓക്സിജൻ സപ്ലെ സിസ്റ്റങ്ങൾ സ്ഥാപിച്ചതാണ് ഇവയിലൊന്ന്. സിഐഐ അംഗങ്ങളായ 15 സ്ഥാപനങ്ങളുടെ പിന്തുണയോടെ 1.34 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ ഈ പദ്ധതിയിലൂടെ 1150 ഓക്സിജൻ ബെഡ്ഡുകളാണ് പുതുതായി സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടു വാർഡുകൾ പൂർണ സംവിധാനങ്ങളുള്ള 200 ബെഡ്ഡുകളുടെ മെഡിക്കൽ ഐസിയു വാർഡുകളാക്കിയതാണ് മറ്റൊരു പദ്ധതി. നിലവിലുള്ള സൗകര്യങ്ങൾക്കുമേലുള്ള സമ്മർദം കുറയ്ക്കാനും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിയ്ക്കാനും ഇത് സഹായിക്കും. അംഗങ്ങളായ സ്ഥാപനങ്ങളുടെ പിന്തുണയോടെ 2.8 കോടി രൂപ ചെലവിട്ടാണ് സിഐഐ ഈ പദ്ധതി നടപ്പാക്കിയത്.

Eng­lish sum­ma­ry; CII opens 500-bed Kovid Sec­ond Line treat­ment cen­ter in Adlux

You may also like this video;