Web Desk

കൊച്ചി

January 22, 2020, 4:26 pm

സൈമര്‍ രജതജൂബിലി ആഘോഷം 26 ന്: ഡോ. എം ലീലാവതി അടക്കം ആറ് വനിതകളെ വുമണ്‍ ഓഫ് സബ്സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും

Janayugom Online

കേരളത്തിലെ പ്രമുഖ ഫെര്‍ട്ടിലിറ്റി സെന്ററായ സൈമര്‍ (സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍)ന്റെ രജതജൂബിലി ആഘോഷം ജനുവരി 26 ന് വൈകിട്ട് 5അഞ്ചിന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും. മെട്രോമാന്‍ പത്മവിഭൂഷണ്‍ ഇ ശ്രീധരന്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് സുഹാസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

രജത ജൂബിലിയുടെ ഭാഗമായി സമൂഹത്തിലെ വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആറ് വനിതകളെ വുമണ്‍ ഓഫ് സബ്സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും. സൈമര്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പരശുറാം ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

പ്രമുഖ എഴുത്തുകാരിയും സാഹിത്യനിരൂപകയുമായ ഡോ. എം ലീലാവതി, പ്രമുഖ ബ്യൂട്ടീഷ്യനും ഫാഷന്‍ വിദഗ്ധയുമായ അംബിക പിള്ള, സിനിമാതാരം മംത മോഹന്‍ദാസ്, വ്യവസായ പ്രമുഖ ഷീല ചിറ്റിലപ്പിള്ളി, ജസ്റ്റിസ് കെ കെ ഉഷ, ഡോ. വിജയലക്ഷ്മി എന്‍.പി എന്നിവര്‍ക്ക് ഇ ശ്രീധരന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഡോ. പരശുറാം ഗോപിനാഥ് അറിയിച്ചു. ചടങ്ങില്‍ വന്ധ്യത വിമുക്ത കേരളം ലോഗോയുടെ പ്രകാശനം ഹൈബി ഈഡന്‍ എംപിയും പ്രസവാനന്തര ഡിപ്രഷനെക്കുറിച്ച് ആശുപത്രി തയ്യാറാക്കിയ മ്യൂസിക് വീഡിയോയുടെ പ്രകാശനം ടി ജെ വിനോദ് എംഎല്‍എയും നിര്‍വഹിക്കും. സൈമര്‍ ഫെര്‍ട്ടിലിറ്റി സെന്ററിന്റെയും എടപ്പാള്‍ ഹോസ്പിറ്റല്‍സിന്റെയും സ്ഥാപക ചെയര്‍മാന്‍ ഡോ. കെ കെ ഗോപിനാഥന്‍, ചിത്ര ഗോപിനാഥ്, സിഇഒ ഗോകുല്‍ ഗോപിനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.

1990ല്‍ മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആരംഭിച്ച എടപ്പാള്‍ ഹോസ്പിറ്റലിന്റെ വന്ധ്യതാ ചികിത്സാ വിഭാഗമാണ് സൈമര്‍. 1998ല്‍ കേരളത്തിലെ ആദ്യത്തെ ഇക്‌സി ടെസ്റ്റ്യൂബ് ശിശു ഇവിടെ ജനിച്ചു. ഇന്ത്യയില്‍ തന്നെ അപൂര്‍വം സെന്ററുകളില്‍ മാത്രമുള്ള ജനനത്തിന് മുമ്പ് തന്നെ ഏതെങ്കിലും പ്രത്യേക ജനിതക അവസ്ഥ കണ്ടെത്താനായി ഭ്രൂണത്തില്‍ നടത്തുന്ന പരിശോധനയായ പ്രീഇന്‍പ്ലാന്റേഷന്‍ ജനറ്റിക് ഡയഗ്‌നോസിസിലൂടെ (പിജിഡി) ദക്ഷിണേന്ത്യയിലെ ആദ്യത്തെ കുഞ്ഞ് ജനിച്ചതും ഇവിടെയാണ്. 2019 ഓടെ തന്നെ എടപ്പാള്‍ ഹോസ്പിറ്റലില്‍ ഒരു ലക്ഷം പ്രസവം പൂര്‍ത്തിയായിരുന്നു. 700ഓളം ഇരട്ടകുട്ടികള്‍, 300ലധികം ട്രിപ്പ്‌ലറ്റുകള്‍, അപൂര്‍വമായി നാല് കുട്ടികള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. വന്ധ്യത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് സൈമറിലെ വിവിധ ചികിത്സകളിലൂടെ സന്താന സൗഭാഗ്യം ലഭിച്ചിട്ടുണ്ട്.