കെ കെ ജയേഷ്

കോഴിക്കോട്:

February 01, 2021, 8:12 pm

വിട വാങ്ങിയത് അതിനാടകീയതയിൽ നിന്ന് തമിഴ് സിനിമയെ മോചിപ്പിച്ച ഛായാഗ്രാഹകൻ

Janayugom Online

1977 ലെ ദീപാവലി ദിവസം. തമിഴ്നാട്ടിലെ സിനിമാ പ്രേമികൾ വ്യത്യസ്തമായൊരു കാഴ്ചാനുഭവത്തിന്റെ ലഹരിയിലായിരുന്നു. ഭാരതിരാജയുടെ പതിനാറ് വയതിനിലെ എന്ന സിനിമ അതിഭാവുകത്വത്തിന്റെ തടവറയിൽ നിന്ന് തമിഴ് സിനിമയെ മോചിപ്പിച്ച് മണ്ണിന്റെ മണമുള്ള ജീവിതക്കാഴ്ചയിലേക്ക് പ്രേക്ഷകരെ നയിച്ചു. കമൽഹാസൻ , രജനീകാന്ത്, ശ്രീദേവി തുടങ്ങിയവർ വേഷമിട്ട ചിത്രത്തിന് ആദ്യദിനങ്ങളിൽ പ്രേക്ഷകർ കുറവായിരുന്നെങ്കിലും സിനിമ പിന്നീട് ചരിത്രവിജയം നേടി. സിനിമ തിയേറ്ററിലിരുന്ന് കാണുമ്പോൾ നിവാസ് എന്ന പേരിന് കിട്ടിയ കൈയ്യടി ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ടെന്ന് നിവാസിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി പറയുമായിരുന്നു.

സിനിമയുടെ തിരക്കുകളിൽ നിന്നകന്ന് കഴിയുന്നതിനിടെയാണ് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ പി എസ് നിവാസ് (ശ്രീനിവാസൻ, 75) വിട വാങ്ങുന്നത്. ജന്മനാട്ടിൽ കഴിയുമ്പോഴും ദേശീയ പുരസ്കാരജേതാവായ ഈ അതുല്യ പ്രതിഭയെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. 1976ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടത്തിലൂടെയാണ് ഛായാഗ്രഹണത്തിന് നിവാസിന് ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഈ ചിത്രം കണ്ടാണ് ഭാരതിരാജ പതിനാറ് വയതിനിലെയുടെ ക്യാമറ ചെയ്യാൻ ഇദ്ദേഹത്തെ വിളിക്കുന്നത്. പിന്നീട് ഭാരതിരാജയുടെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാമാനായി നിവാസ് മാറി. ഭാരതിരാജയുടെ സുധാകർ, ശ്രീനിവാസൻ, വിജയൻ, രാധിക തുടങ്ങിയവർ വേഷമിട്ട കിഴക്കേ പോകും റെയിൽ, സൈക്കോ കില്ലറുടെ കഥ പറഞ്ഞ കമൽഹാസന്റെ മികച്ച പ്രകടനത്താൽ ശ്രദ്ധേയമായ സികപ്പു റോജാക്കൾ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറയും നിവാസായിരുന്നു.

ഇളമൈ ഊഞ്ചൽ ആടുകിറത്, നിറം മാറാതെ പൂക്കൾ, തനിക്കാട്ട് രാജ, കൊക്കരക്കോ, സെലങ്ക ഒലി, മൈ ഡിയർ ലിസ, ചെമ്പകമേ ചെമ്പകമേ, പാസ് മാർക്ക്, കല്ലുകൾ ഈറം, സെവന്തി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് തമിഴിൽ ഇദ്ദേഹം ക്യാമറ ചലിപ്പിച്ചു. ലിസ ബേബി എന്ന പേരിൽ അറിയപ്പെട്ട സംവിധായകൻ എം ജി ബേബിക്കൊപ്പം മികച്ച സിനിമകൾ ഒരുക്കി. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലിസ മലയാളത്തിലെ മികച്ച ഹൊറർ സിനിമകളിൽ ഒന്നാണ്. വീണ്ടും ലിസ, സർപ്പം, വെല്ലുവിളി, രാജൻ പറഞ്ഞ കഥ, പല്ലവി, സൂര്യകാന്തി, രാജ പരമ്പര, ശംഖുപുഷ്പം, സിന്ദൂരം, മോഹിനിയാട്ടം, മധുരം തിരു മധുരം, സത്യത്തിന്റെ നിഴലിൽ, മാന്യമഹാജനങ്ങളേ തുടങ്ങിയവയാണ് മലയാള ചിത്രങ്ങൾ. ആയുഷ്മാൻ ഭവ: ആണ് അവസാനം ക്യാമറ ചലിപ്പിച്ച ചിത്രം. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങൾക്കും ക്യാമറ ചെയ്തിട്ടുണ്ട്. സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം പ്രിയപ്പെട്ട ഭാരതി രാജയെ തന്നെ നായകനാക്കുകയും ചെയ്തു. ഭാരതി രാജ തിരക്കഥ രചിച്ച കല്ലുക്കൾ ഈറം എന്ന സിനിമ ഒരു ഗ്രാമത്തിൽ ഷൂട്ടിംഗിനെത്തുന്ന സിനിമാ സംഘത്തിന്റെ കഥയായിരുന്നു പറഞ്ഞത്. ഭാരതി രാജ സംവിധായകനായി വേഷമിട്ട സിനിമയിൽ അരുണയായിരുന്നു നായിക. ഈ ചിത്രത്തിൽ നായികയുടെ കൂട്ടുകാരിയായാണ് വിജയശാന്തി ആദ്യമായി തമിഴിലെത്തുന്നത്.

നിഴൽ തേടും നെഞ്ചങ്ങൾ, സെവന്തി തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. രാജ രാജാ താൻ, സെവന്തി തുടങ്ങിയ സിനിമകൾ നിർമ്മിക്കുകയും ചെയ്തു. ദേശീയ പുരസ്ക്കാരത്തിന് പുറമെ 1979 ൽ മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്ക്കാരം, ആന്ധ്രപ്രദേശ് ഗവൺമെന്റിന്റെ നന്ദി പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. അശോക് കുമാറിന്റെ അസിസ്റ്റന്റായി സിനിമാ ജീവിതം തുടങ്ങിയ നിവാസ് 1975ൽ സത്യത്തിന്റെ നിഴലിലൂടെയാണ് സ്വതന്ത്ര ക്യാമറാമാനാകുന്നത്. 76ൽ മൂന്നാമത്തെ ചിത്രമായ മോഹിനിയാട്ടത്തിലൂടെ ദേശീയ പുരസ്കാരവും സ്വന്തമാക്കി. സുഹൃത്ത് ബാലു കിരിയത്തിനൊപ്പം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും ഇരുവരും ഇന്റർവ്യൂവിൽ പരാജയപ്പെട്ടു. തുടർന്നാണ് എസ് കെ നായരുടെ സഹായത്തോടെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുന്നത്. പിന്നീട് തമിഴിലെ ശ്രദ്ധേയ ക്യാമറാമാനായി അദ്ദേഹം വളർന്നു. തിയേറ്ററിൽ കൈയ്യടികൾ ഏറ്റുവാങ്ങിയ കോഴിക്കോട് നടക്കാവ് സ്വദേശിയായ ഈ അതുല്യ പ്രതിഭ താമരശ്ശേരി ഈങ്ങാപ്പുഴയിൽ തനിച്ച് താമസിച്ച് വരവെ അസുഖ ബാധിതനാവുകയും ജീവിതത്തിന്റെ ക്യാമറയ്ക്കു മുമ്പിൽ നിന്നും വിടവാങ്ങുകയുമായിരുന്നു