ബജറ്റ് സിനിമ എന്ന സങ്കല്‍പ്പവുമായി സിനിമാ വില്ലേജ് മൂഴിക്കുളത്ത് തുടങ്ങി

Web Desk
Posted on March 29, 2018, 8:58 pm

കൊച്ചി: മലയാള ചലച്ചിത്ര നിര്‍മ്മാണ മേഖലയുടെ ചരിത്രത്തില്‍ വഴിത്തിരിവാകുന്ന ’ സിനിമാ വില്ലേജ്’ എന്ന നൂതന സംരംഭത്തിന് അങ്കമാലിക്കടുത്തുള്ള മൂഴിക്കുളം ഗ്രാമത്തില്‍ തുടക്കം കുറിച്ചു. നിര്‍മ്മാതാക്കള്‍ക്ക് നൂറു ശതമാനം സുരക്ഷിത നിക്ഷേപം ഉറപ്പു നല്‍കുന്ന നിര്‍മ്മാണ, സാങ്കേതിക സംവിധാനങ്ങളാണ് ’ സിനിമാ വില്ലേജ് മൂഴിക്കുളം’ ഒരുക്കുന്നത്. ഡല്‍ഹി മലയാളിയായ നളിനി പ്രഭ മേനോന്‍ ’ കോറല്‍ റീഫി‘ന്റെ ബാനറില്‍ സിനിമാ വില്ലേജില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം ‘സ്തംഭം’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഒന്നര കോടി രൂപ ബജറ്റിട്ട ഈ ചിത്രം കേവലം 45 ലക്ഷം രൂപയ്ക്കാണ് സിനിമാ വില്ലേജ് പൂര്‍ത്തിയാക്കിയത്. കോടികളുടെ പണക്കിലുക്കമില്ലാതെ തന്നെ ചലച്ചിത്രം നിര്‍മ്മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ’ സിനിമാ വില്ലേജ്’ പ്രവര്‍ത്തകര്‍. സിനിമയുടെ വണ്‍ലൈന്‍ ചര്‍ച്ച മുതല്‍ സെന്‍സറിംഗ് വരെയുള്ള ഓരോ ഘട്ടങ്ങളിലും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ച് ചെലവുചുരുക്കാന്‍ പ്രാപ്തരായ വിദഗ്ധരാണ് സിനിമാ വില്ലേജിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത്.
ഔട്ട് ഡോര്‍ സങ്കല്പത്തിലേക്ക് മലയാള സിനിമയെ പറിച്ചുനട്ട പി എന്‍ മേനോന്‍ തന്റെ പ്രശസ്തമായ ‘റോസി’ 1965ല്‍ അണിയിച്ചൊരുക്കിയത് പൂര്‍ണ്ണമായി മൂഴിക്കുളം ഗ്രാമത്തിലായിരുന്നു. പിന്നീട് സേതുമാധവന്റെ ഇരുട്ടിന്റെ ആത്മാവ്, ഹരിഹരന്റെ വെള്ളം എന്നിങ്ങനെ കലാമൂല്യമുള്ള വേറെയും ചിത്രങ്ങളും മൂഴിക്കുളത്തിന്റെ ദൃശ്യഭംഗി തേടി എത്തി. മലയാള സിനിമയെ മൂഴിക്കുളത്തേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ദൗത്യം കൂടിയാണ് സിനിമാ വില്ലേജിന് നിര്‍വഹിക്കാനുള്ളത്. ആദ്യചിത്രം പ്രദര്‍ശനത്തിനെത്തുന്നതോടൊപ്പം രണ്ടാമത്തെ ചിത്രത്തിന് മെയ് 6ന് മൂഴിക്കുളത്ത് തുടക്കം കുറിക്കും. പ്രമുഖ കഥകളി കലാകാരന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി മുഖ്യവേഷത്തില്‍ എത്തുന്ന’ കപ്പോള’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ സിനിമാ വില്ലേജും പങ്കാളികളാണ്. സ്വന്തമായി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതോടൊപ്പം സിനിമാ നിര്‍മ്മാണത്തിന് സന്നദ്ധരായി എത്തുന്ന നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും കുറഞ്ഞ ചെലവില്‍ പശ്ചാത്തല സൗകര്യങ്ങളും സിനിമാവില്ലേജ് ഒരുക്കി നല്‍കും.
കൂടിയാട്ടത്തിലെ ഗുരുവായ അമ്മന്നൂര്‍ കൊച്ചുകുട്ടന്‍ ചാക്യാരുടെ ജന്മദേശമായ മൂഴിക്കുളം വാദ്യകലാകാരന്മാര്‍ക്കും ശില്‍പ്പികള്‍ക്കും തച്ചന്മാര്‍ക്കും ചിത്രകാരന്മാര്‍ക്കും കൊത്തു പണിക്കാര്‍ക്കും പനയോല നെയ്ത്തുകാര്‍ക്കും പ്രസിദ്ധമായ പ്രദേശം കൂടിയാണ്. മികച്ച ഗായകരും നാടക കലാകാരന്മാരും നാടക സമിതികളും മൂഴിക്കുളത്തിന്റെ മഹിമ കൂട്ടുന്നു. ഇവരെയെല്ലാം സിനിമാ നിര്‍മ്മാണത്തിലെ ഓരോ ഘട്ടത്തിലും പങ്കാളികളാക്കാന്‍ കഴിയുമെന്ന അപൂര്‍വ്വ സവിശേഷതയുമുണ്ട്. പ്രവാസികള്‍ പണികഴിപ്പിച്ച കൊട്ടാരസദൃശ്യമായ വീടുകള്‍ ഒട്ടേറെയുണ്ട് ഇവിടെ. കുറഞ്ഞ വാടകയില്‍ അവ ഷൂട്ടിംഗിനായി വിട്ടുകിട്ടുന്നതും നിര്‍മ്മാണ ചെലവ് ഗണ്യമായി കുറയ്ക്കും. പുഴയും വയലേലകളും കൈത്തോടുകളും നാട്ടിടവഴികളും പഴമയുടെ തനിമയും പുതുമയുടെ പകിട്ടും ഒപ്പിയെടുക്കാനാവുന്ന നാല്‍ക്കവലകളുമെല്ലാം ഒത്തുചേരുന്ന സുന്ദരമായ ഈ ഗ്രാമത്തിലേക്ക് മലയാള സിനിമാ ലോകത്തെ ക്ഷണിക്കുകയാണ് സിനിമാ വില്ലേജ് പ്രവര്‍ത്തകര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കേവലം 12 കി. മീറ്റര്‍ മാത്രമാണ് മൂഴിക്കുളത്തേക്കുള്ള ദൂരം.
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സതീഷ്‌പോള്‍ വി രാജ് ആണ് സിനിമാ വില്ലേജിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. അജീഷ് മോഹന്‍ (മഹേന്ദ്രന്‍) ആണ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍. സിഞ്ചു ഐ പൈനാടത്ത് ആണ് മാര്‍ക്കറ്റിംഗ് ആന്റ് ഫിനാന്‍സ് ഡയറക്ടര്‍. കഴിഞ്ഞ മൂന്ന് ദശാബ്ദമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ഗോപി പള്ളം ആണ് പ്രൊഡക്ഷന്‍ ഡയറക്ടര്‍.

അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍ കെ. അജീഷ് മോഹന്‍, മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ സിഞ്ചു ഐ പൈനാടത്ത്, പ്രൊഡക്ഷന്‍ ഡയറക്ടര്‍ ഗോപി പള്ളം, മൂവി മേക്കിങ് ഡയറക്ടര്‍ സതീഷ് പോള്‍ വി രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.