പ്രദർശനം നിലച്ചിട്ട് നൂറു ദിവസം: പ്രതിസന്ധിയിൽ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ

കെ കെ ജയേഷ്

കോഴിക്കോട്

Posted on June 18, 2020, 11:56 am

തൃശ്ശൂർ നഗരത്തിലെ സപ്ന തിയ്യേറ്റർ അടച്ചുപൂട്ടി. തിയേറ്ററും സ്ഥലവും ഒരു ബിസിനസ്സ് ഗ്രൂപ്പിന് ലീസിന് കൊടുത്തതോടെയാണ് തൃശ്ശൂരിലെ ആദ്യകാല തിയേറ്ററുകളിലൊന്നായ സപ്ന തിയേറ്റർ അവസാനിക്കുന്നത്- അടുത്തിടെ മാധ്യമങ്ങളിൽ വന്നൊരു വാർത്തയാണിത്. കോഴിക്കോട് നഗരത്തിൽ നിന്നും 30 കിലോമീറ്റർ മാത്രം അകലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡോൾബി എസി തിയേറ്ററുകളും മൾട്ടിപ്ലെക്സുകളും നാലു നില ഷോപ്പിംഗ് കോംപ്ലക്സും ഉൾപ്പെടുന്ന സ്ഥലങ്ങളും വിൽപ്പനയ്ക്ക് — ഇത് ഒരു പത്രത്തിന്റെ ലോക്കൽ പേജിൽ വന്നൊരു പരസ്യവും. ഈ വാർത്തയും പരസ്യവും തിയേറ്റർ മേഖലയുടെ ഇന്നത്തെ ദുരവസ്ഥയെ സൂചിപ്പിക്കുന്നു. ആളും ആരവവും അലയടിച്ച സംസ്ഥാനത്തെ തിയേറ്ററുകൾ നിശബ്ദമായിട്ട് ഇന്നേക്ക് നൂറു ദിവസം തികയുകയാണ്. ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ തിയേറ്ററുകൾ അടച്ചിരുന്നു. മാർച്ച് പത്തിനാണ് തിയേറ്ററുകളിൽ അവസാന പ്രദർശനം നടന്നത്.
ഇത്രയും ദിവസം തിയേറ്ററുകൾ അടഞ്ഞു കിടന്നതോടെ തിയേറ്റർ ഉടമകളും ജീവനക്കാരും വലിയ പ്രതിസന്ധിയിലാണ്. ഇനിയെന്ന് തുറന്നു പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നു പോലും വ്യക്തതയില്ലാതെ വന്നതോടെ പലരും തിയേറ്ററുകൾ വിൽക്കാൻ പോലും ഒരുങ്ങുകയാണ്. ബി ക്ലാസ് തിയേറ്ററുകൾ ഓരോന്നായി അടച്ചുപൂട്ടിയ ഒരു കാലമുണ്ടായിരുന്നു. വൈഡ് റിലീസിംഗും അത്യാധുനിക സൗകര്യങ്ങളുമെല്ലാമായി അവശേഷിക്കുന്ന തിയേറ്ററുകൾ തിരിച്ചുവന്നു. എന്നാൽ കൊറോണക്കാലത്ത് പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ലെന്ന് തിയേറ്റർ ഉടമകൾ വ്യക്തമാക്കുന്നു.

പ്രദർശനം നടക്കുന്നില്ലെങ്കിലും തിയേറ്റർ പരിപാലിക്കാൻ വലിയ തുകയാണ് ചെലവു വരുന്നത്. തുടർച്ചയായ അടച്ചിടൽ തിയേറ്റിലെ പ്രൊജക്ടറുകളെയും ശബ്ദ സംവിധാനത്തെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ ആഴ്ചയിൽ മൂന്നു ദിവസം ഒരു മണിക്കൂറെങ്കിലും സിനിമ ഓടിക്കണം. എ സിയും ജനറേറ്ററുമെല്ലാം പ്രവർത്തിപ്പിക്കുകയും തിയേറ്റർ വൃത്തിയായി സൂക്ഷിക്കുകയും വേണം. ജീവനക്കാരുടെ ശമ്പളം, മിനിമം വൈദ്യുതി ചാർജ് എന്നിവയെല്ലാം ചേരുമ്പോൾ ലക്ഷക്കണക്കിന് രൂപയമാണ് മാസം ചെലവുവരുന്നതെന്ന് തിയേറ്റർ ഉടമകൾ പറയുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് പല തിയേറ്റർ ഉടമകളും തിയേറ്ററുകൾ നവീകരിച്ചത്. പലരും ബാങ്ക് ലോൺ ഉൾപ്പെടെ എടുത്താണ് തിയേറ്റിൽ മുടക്കിയത്. ഇത്തരം തിയേറ്റർ ഉടമകൾ എന്തു ചെയ്യണണെന്നറിയാത്ത അവസ്ഥയിലാണ്.
ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തിയേറ്ററിൽ പോയി സിനിമ ഓടിച്ചു നോക്കാറുണ്ടെന്ന് കോഴിക്കോട് ബാലുശ്ശേരി സന്ധ്യ തിയേറ്റർ പ്രൊജക്ട് ഓപ്പറേറ്റർ സുബീഷ് കെ കെ ജനയുഗത്തോട് പറഞ്ഞു. തിയേറ്റർ എന്ന് തുറക്കുമെന്ന് അറിയില്ല. എസിയും ജനറേറ്ററുമെല്ലാം പ്രവർത്തിപ്പിച്ചു നോക്കണം. സിനിമയില്ലെങ്കിലും ശമ്പളം കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാലു ഷോയും ഹൗസ് ഫുള്ളായി പ്രദർശിപ്പിച്ചാലും ടാക്സും പ്രൊഡ്യൂസർ ഷെയറുമെല്ലാം കഴിച്ച് കിട്ടുന്ന തുകയിൽ നിന്നും ശമ്പളവും വൈദ്യുതി ബില്ലുമെല്ലാം നൽകുമ്പോൾ തന്നെ പിടിച്ചു നിൽക്കാൻ പ്രയാസമായിരുന്നു. വരുമാനമില്ലെങ്കിലും ചെലവിൽ വലിയ കുറവ് വന്നിട്ടില്ലെന്നാണ് വലിയ പ്രതിസന്ധി. പല തിയേറ്ററുകാരും ശമ്പളം പകുതിയായി കുറച്ചിരിക്കുകയാണ്. അതുപോലും നൽകാൻ സാധിക്കുന്നില്ല. ഓരോ ടിക്കറ്റിലും മൂന്നു രൂപ വെച്ച് തൊഴിലാളി ക്ഷേമനിധിയിലേക്ക് അടയ്കുന്നുണ്ട്. ഇതിൽ നിന്ന് നിശ്ചിത തുക ജീവനക്കാർക്ക് സഹായമായി നൽകിയാൽ നന്നായിരുന്നുവെന്നും ഉടമകൾ പറയുന്നു. ഇതിനിടിൽ സിനിമകൾ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ റിലീസ് ചെയ്തു തുടങ്ങിയതും തിയേറ്റർ ഉടമകളെ ആശങ്കയിലാക്കുന്നുണ്ട്. ജ്യോതിക നായികയായ പൊൻമകൾ വന്താൾ ആണ് ഡിജിറ്റൽ റിലീസിന് ആദ്യം തയ്യാറായത്. തിയേറ്റർ ഉടമകൾ എതിർത്തെങ്കിലും ചിത്രം ആമസോൺ പ്രൈമിൽ കഴിഞ്ഞ മാസം റിലീസ് ചെയ്തു. ഇതോടെ ഈ മാർഗം സ്വീകരിക്കാൻ കൂടുതൽ നിർമ്മാതാക്കളും സംവിധായകരും തയ്യാറായിരിക്കുകയാണ്. വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും എന്ന സിനിമയാണ് മലയാളത്തിൽ ഓൺലൈനിൽ റിലീസ് ചെയ്യാനൊരുങ്ങുന്നത്. വീട്ടിലിരുന്ന് പുതിയ സിനിമകൾ കാണാമെന്ന് വരുന്നതോടെ തിയേറ്ററുകൾക്ക് പ്രസക്തി നഷ്ടപ്പെടുമെന്നും ഉടമകളും ജീവനക്കാരും ഭയക്കുന്നു.

you may also like this video