മേലധികൃതരുടെ പീഢനം: സിഐഎസ്എഫ് കോൺസ്റ്റബിൾ ജീവനൊടുക്കാൻ ശ്രമിച്ചു

Web Desk
Posted on March 13, 2019, 3:45 pm

കൊച്ചി: മേലുദ്യോഗസ്ഥരുടെ പീഢനത്തെ തുടർന്ന് സിഐ എസ് എഫ് കോൺസ്റ്റബിൾ ആത്മഹത്യക്കു ശ്രമിച്ചു. ആന്ധ്ര സ്വദേശി ഗംഗാധരനാണ് 40) ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തൃപ്പൂണിത്തുറയിൽ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുമ്പനം പുതുവയ്പിൽ ജോലി സ്ഥലത്ത് ഫയറിങ് പിൻ പൊട്ടിയതു സംബന്ധിച്ച പരാതിയാണ്  പ്രശ്നത്തിലെത്തിയത്. പൊട്ടിയ പിന്നിന് നഷ്ടപരിഹാരമായി 3 കോൺസ്റ്റബിൾ മാർ ചേർന്ന് 900 രൂപ അടക്കണമെന്ന് ഒരു ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചതിനെതിരെ ഇതിൽ ഭാഗമല്ലാതിരുന്ന ഒരു കോൺസ്റ്റബിൾ പരാതി മുകളിൽ അയച്ചു. ഇതു സംബന്ധിച്ചു നടന്ന തെളിവെടുപ്പിൽ പിൻ പൊട്ടിയില്ലെന്ന് പറയണമെന്ന് ഗംഗാധരനോട് ചില മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

എന്നാൽ അത് സഹപ്രവർത്തകരുടെ ജോലിയെ ബാധിക്കുമെന്ന പേരിൽ ഇയാൾ അനുസരിച്ചില്ല. ഇതിന്റെ പേരിൽ തുടർച്ചയായി ഇയാളെ പീഡിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോൺ വാങ്ങി വയ്ക്കുകയും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനം പരിധി വിട്ടപ്പോൾ തിങ്കളാഴ്ച ഇയാൾ കുളിമുറിയിൽ ഓടിക്കയറി കതകടച്ചു.അവിടെ നിന്നും പിടിച്ചിറക്കുന്നതിനിടെ ബ്ലേഡ് എടുത്ത് ഇടതു കൈത്തണ്ട മുറിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇയാളെ സിഐ എസ് എഫ് അധികൃതർ ആശുപത്രിയിലാക്കി. ഗ്ലാസ് കൊണ്ട് കൈ മുറിഞ്ഞുവെന്ന് ആശുപത്രിയിൽ പറയാനും പീഡനത്തിൽ ഉൾപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനിടെ ഇയാളെ കാണാനില്ലെന്നു കാട്ടി ഭാര്യ വെല്ലിംങ്ടൺ പൊലിസിൽ പരാതി നൽകി. ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പേരിൽ വകുപ്പുതല നടപടിക്കു നീക്കമുണ്ടെന്നും സഹപ്രവർവത്തകർ പറയുന്നു.