താടിയും മുടിയും വെളുപ്പിച്ച് 89കാരന്റെ വ്യാജ പാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തില്‍ എത്തിയ 32കാരനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി

Web Desk
Posted on September 10, 2019, 10:08 am

ന്യൂഡല്‍ഹി: താടിയും മുടിയും വെളുപ്പിച്ച് 89 കാരന്റെ വ്യാജ പാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തില്‍ എത്തിയ 32കാരനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. ജയേഷ് പട്ടേല്‍ എന്ന അഹമ്മദാബാദ് സ്വദേശിയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ആള്‍മാറാട്ടത്തിന് പിടിയിലായത്.

ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കാന്‍ മടികാണിച്ച ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് കള്ളത്തരം പൊളിഞ്ഞത്. മുടിയും താടിയും നരച്ച് വീല്‍ചെയറില്‍ എത്തിയ ഇയാളുടെ ത്വക്കിന് പ്രായത്തിന്റേതായ മാറ്റങ്ങള്‍ ഒന്നും തന്നെ കാണാതിരുന്നതാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാവാന്‍ കാരണം.

അമ്രിക് സിങ് എന്ന പേരില്‍ എണ്‍പത്തൊന്‍പതുകാരന്റെ പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമായാണ് യുവാവ് വിമാനത്താവളത്തിലെത്തിയത്. ന്യൂയോര്‍ക്കിലേക്ക് പോവുന്ന വിമാനത്തില്‍ കയറാനായിരുന്നു ഇയാളുടെ ലക്ഷ്യം. ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തതിന് ശേഷം പോലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.