June 7, 2023 Wednesday

Related news

February 9, 2023
November 9, 2022
August 24, 2022
July 16, 2022
July 15, 2022
June 6, 2022
June 3, 2022
April 16, 2022
March 17, 2022
September 26, 2021

പൗരത്വഭേദഗതി ബിൽ: രോഷാഗ്നി സമീപഭാവിയിൽ കെട്ടടങ്ങില്ലെന്ന് സാമൂഹ്യ വിദഗ്ധർ

Janayugom Webdesk
December 16, 2019 9:26 pm

ന്യൂഡൽഹി: പൗരത്വഭേദഗതി ബിൽ പാസാക്കിയതിലൂടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മോഡി സർക്കാർ തുടക്കമിട്ട രോഷാഗ്നി സമീപഭാവിയിൽ കെടുത്താൻ കഴിയുന്നതല്ലെന്ന് സാമൂഹ്യ വിദഗ്ധർ. ബിൽ നിയമമായതിനെ തുടർന്ന് കഴിഞ്ഞ ആറ് ദിവസമായി ഈ മേഖലയിലെ ലക്ഷക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലങ്ങിയത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ആറ് പേർ അസമിൽ കൊല്ലപ്പെട്ടു. നൂറ് കണക്കിന് വാഹനങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ എന്നിവ തീയിട്ട് നശിപ്പിച്ചു.

മേഘാലയിലും ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. ഷില്ലോങിൽ കർഫ്യൂ ഏർപ്പെടുത്തി. ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കി. നിരവധി പേർ അറസ്റ്റിലായി. എന്നിട്ടും ശക്തമായ പ്രതിഷേധമാണ് മേഘാലയയുടെ വിവിധ സ്ഥലങ്ങളിൽ തുടരുന്നത്. ത്രിപുരയിലെ ആദിവാസി ഭുരിപക്ഷ മേഖലകളിലും ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. അരുണാചൽ പ്രദേശിലും പ്രതിഷേധം തുടരുന്നു. ഇന്ധനം കിട്ടാനില്ല. ഭക്ഷ്യവസ്തുക്കൾക്ക് പോലും ക്ഷാമം നേരിടുന്ന അവസ്ഥയിലെത്തി. മണിപ്പൂരിൽ വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തു. പുതിയ ഭേദഗതി ബിൽ നടപ്പാക്കുന്നതിലൂടെ ഭരണഘടനയുടെ പതിനാലം അനുച്ഛേദം വാഗ്ദാനം ചെയ്യുന്ന സമത്വം എന്ന ആശയം ഇല്ലാതാകുമെന്ന ആശങ്കയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനരോഷത്തിനുള്ള മുഖ്യകാരണം. മ്യാൻമാർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള മുസ്ലിം ന്യൂനപക്ഷങ്ങൾ കൊടിയ പീഡനങ്ങൾക്ക് വിധേയമാകുന്നുവെന്നത് വാസ്തവം.

എന്നാൽ പുതിയ ഭേദഗതിബില്ലിൽ ഇവരെ ബോധപൂർവം ഒഴിവാക്കി. അസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 1.9 ദശലക്ഷം പേരാണ് പുറത്തായത്. ഇവരിൽ 1.5 ദശലക്ഷത്തോളം വരുന്ന മുസ്ലിം ഇതര വിഭാഗങ്ങളെ പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താനാണ് തിടുക്കത്തിൽ മോഡി സർക്കാർ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കിയത്. നേരത്തെയുള്ള ചട്ടങ്ങൾ പ്രകാരം പൗരത്വ നിയമം അരുണാചൽ പ്രദേശ്, മിസോറം, നാഗലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് ബാധകല്ല. ഇന്നർ പെർമിറ്റ് ലൈനിൽ ഉൾപ്പെടുന്ന ഈ സംസ്ഥാനങ്ങൾ, അസം, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ ആദിവാസി മേഖലകൾ എന്നിവിടങ്ങിലാണ് പൗരത്വ നിയമം ബാധകമല്ലാത്തത്. ഭരണഘടനയുടെ ആറാം പട്ടികയിലാണ് ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം പറയുന്നത്. എന്നാൽ പുതിയ ഭേദഗതിയിലൂടെ ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം മണിപ്പൂരിന് മാത്രമായി നിജപ്പെടുത്തി. ഇത് മറ്റുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധത്തിന്റെ ആക്കം വർധിപ്പിച്ചു. ഏത് സമയത്തും രക്തരൂക്ഷിതമാകുന്ന അവസ്ഥയിലാണ് ഈ മേഖലയിലെ പ്രതിഷേധങ്ങൾ.

പൗരത്വ ഭേദഗതിയിലൂടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന പ്രത്യേക അവകാശങ്ങൾ റദ്ദാക്കപ്പെടുമെന്ന ഭീതിയും പ്രതിഷേധങ്ങളുടെ ആക്കം കൂട്ടുന്നു. ഭരണഘടനയുടെ 371ാം അനുച്ഛേദമാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക അവകാശം നൽകുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന 370,35 എ എന്നീ അനുച്ഛേദങ്ങൾ റദ്ദാക്കിയതുപോലെ 371ഉം റദ്ദാക്കുമെന്ന ആശയങ്കയിലാണ് ഈ മേഖലയിലെ ജനങ്ങൾ. പൗരത്വ ഭേദഗതി ബില്ലിന്റെ പരിധിയിൽ നിന്നും അരുണാൽ പ്രദേശ്, മിസോറാം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളെ ഒഴിവാക്കുമെന്ന മോഡി സർക്കാരിന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നാണ് ആൾ അരുണാചൽ പ്രദേശ് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഹവാ ബഗാങ് പറയുന്നത്.

നാഗലാൻഡിനെ പുതിയ ഭേദഗതി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതെങ്കിലും വിശ്വസിക്കാൻ കഴിയില്ലെന്നാണ് നാഗാ വിദ്യാർഥി ഫെഡറേഷൻ പ്രസിഡന്റ് നിനോറ്റോ അവോമി പറയുന്നത്. ഏകീകൃത സിവിൽ കോഡ‍് നടപ്പാക്കാനുള്ള നടപടികൾ മോഡി സർക്കാർ ആരംഭിച്ചതും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടി. ഇപ്പോഴുണ്ടായ ഈ ജനരോഷം സമീപഭാവിയിൽ കെടുത്താൻ കഴിയില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.