പൗരത്വ ഭേദഗതി നിയമം: എതിർ സത്യവാങ്മൂലം നല്കാൻ നാലാഴ്ച സമയം

റെജി കുര്യൻ

ന്യൂഡൽഹി

Posted on January 22, 2020, 10:43 pm

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം അനുവദിച്ചു. ആറാഴ്ചത്തെ സമയംവേണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. അതേസമയം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിച്ചേക്കും. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള 140 ഹർജികളാണ് ഇന്നലെ സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിൽ പരിഗണനയ്ക്ക് വന്നത്. കോടതിയിൽ സമർപ്പിച്ച ഹർജികളിൽ 60 എണ്ണത്തിനു മാത്രമേ എതിർ സത്യവാങ്മൂലം സമർപ്പിക്കാനായുള്ളൂവെന്നും ബാക്കിയുള്ള 80 ഹർജികളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ആറാഴ്ചത്തെ സമയം വേണമെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് നാലാഴ്ചത്തെ സമയം അനുവദിച്ചത്. നാലാഴ്ചയ്ക്കു ശേഷം ഉത്തരവുകൾ ലിസ്റ്റു ചെയ്യുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീർ, സഞ്ചീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ.

ഹർജികളിൽ ഉത്തരവുകളൊന്നും പുറപ്പെടുവിക്കാൻ ബെഞ്ച് തയ്യാറായില്ല. അതേസമയം കേസ് ഭരണഘടനാ ബെഞ്ചിനു വിടുന്നത് സംബന്ധിച്ച് കോടതി സൂചന നൽകി. മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ ഇത്തരമൊരാവശ്യം വാദത്തിനിടെ മുന്നോട്ടു വച്ചിരുന്നു. കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണമോ എന്നത് കോടതി തീരുമാനിക്കണം. പൗരത്വം ഒരിക്കൽ നൽകിയാൽ അത് തിരിച്ചെടുക്കാനാകില്ല. കപിൽ സിബലും ധവാന്റെ വാദത്തെ പിന്തുണച്ചു. അപ്പോഴാണ് ശബരിമല വിഷയവും കോടതിയുടെ പരിഗണനയിലാണല്ലോ എന്നകാര്യം ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചത്. തുടർന്ന് കേസുകളുടെ മുൻഗണനാ ക്രമം ബെഞ്ച് നിശ്ചയിക്കണമെന്ന് ഇന്ദിരാ ജയ്സിങും കോടതിയെ ബോധിപ്പിച്ചു. ഈ വാദത്തിനു വിയോജിപ്പ് അറിയിക്കാതിരുന്ന കോടതി നിലപാടാണ് ഭരണഘടനാ ബെഞ്ചിലേക്ക് ഹർജികൾ നീങ്ങുമെന്നതിന് കരുത്തേകിയത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾ നടപ്പിലാക്കുന്നത് കുറച്ചു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പൗരത്വം സംബന്ധിച്ച കാര്യത്തിൽ തിരുത്തലുകൾ വരുത്താൻ കഴിയാത്ത സാഹചര്യം പരിഗണിക്കണമെന്ന വാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ഈ നിലപാട്. കോടതിക്കു മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ഹർജികൾ ഓരോ വിഭാഗമായി തരം തിരിക്കാൻ നിർദ്ദേശിച്ച കോടതി അതിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

നിയമത്തിന് സ്റ്റേ അനുവദിക്കണമെന്നല്ല തങ്ങളുടെ ആവശ്യമെന്നും നിയമം നടപ്പാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവയ്ക്കണമെന്നതാണെന്നും സിബൽ കോടതിയോട് അഭ്യർഥിച്ചു. എന്നാൽ സ്റ്റേയ്ക്കു തുല്യമാണ് ഈ ആവശ്യം എന്നായിരുന്നു അറ്റോർണി ജനറലിന്റെ മറുവാദം. ഇതിനോടു ജസ്റ്റിസുമാരായ എസ് അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവർ യോജിച്ചു. അതേസമയം നിയമം സ്റ്റേ ചെയ്യണമെന്നായിരുന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജിക്കാരുടെ ആവശ്യം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, ത്രിപുര തുടങ്ങിയിടങ്ങളിൽ നിയമം നടപ്പാക്കി പൗരത്വം നൽകുന്നത് കലാപത്തിലേക്കും സംഘർഷത്തിലേക്കും നയിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. നിയമം അസം കരാറിന്റെ ലംഘനമാണെന്നും അഭിഭാഷകനായ വികാസ് കോടതിയെ അറിയിച്ചു. ഉത്തർപ്രദേശിൽ നിയമം നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നും ഒരിക്കൽ പൗരത്വം നൽകിക്കഴിഞ്ഞാൽ തിരിച്ചെടുക്കാനാകില്ലെന്നും മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഘ്‌വി കോടതിയെ ബോധിപ്പിച്ചു. യാതൊരു നിയമവും പ്രാബല്യത്തിൽ ഇല്ലാതെ 40 ലക്ഷത്തോളം ജനങ്ങളെ സംശയത്തിന്റെ നിഴലിൽ യുപി സർക്കാർ നിർത്തിയിരിക്കുകയാണെന്നും 19 ജില്ലകളിൽ നടപടികൾ പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഏതു നടപടിക്കും കോടതി ഉത്തരവ് ബാധകമാണ് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

പൊതുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉള്ളതെങ്കിലും അസം, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള ഹർജികൾ വ്യത്യസ്ഥത ഉള്ളതാണെന്ന് ഇവിടങ്ങളിൽ നിന്നുള്ള ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് കോടതിയെ അറിയിച്ചപ്പോൾ ഈ ഹർജികൾ വേറെയായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസ് രണ്ടാക്കി മാറ്റാം. പൗരത്വ ഭേദഗതി നിയമം എന്നത് ഒരു വിഭാഗമായും അസം, ത്രിപുര എന്നിവിടങ്ങളിൽനിന്നുള്ള കേസുകൾ വേറെയായും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിലെ ചെറിയ കാര്യങ്ങളൊക്കെ ചേംബറിൽ പരിഗണിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.

ഹർജികൾ വിലക്കണമെന്ന നിർദ്ദേശം അംഗീകരിച്ചില്ല

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇനി ഹർജികൾ സമർപ്പിക്കുന്നതിന് വിലക്കു വേണമെന്ന നിർദ്ദേശം സുപ്രീംകോടതി അംഗീകരിച്ചില്ല. തങ്ങളുടെ ഭാഗം കേൾക്കണമെന്നുള്ളവർക്ക് ഇടപെടൽ ഹർജി സമർപ്പിക്കാൻ അവസരം നൽകിയാൽ മതിയെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിർദ്ദേശം. എന്നാൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ ഇനി ഹൈക്കോടതികൾ വാദം കേൾക്കേണ്ടതില്ലെന്നും ഇടക്കാല ഉത്തരവിനെക്കുറിച്ചാകും അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ വാദമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം.
ഒറ്റപ്പെടുത്തലിന്റെ ഭീതിയിലാണ് മുസ്ലീം വിഭാഗമെന്നും കോടതിയുടെ തീരുമാനം വരുന്നതു വരെ നിയമം നടപ്പാക്കരുതെന്നു നിർദേശിക്കണമെന്നും മുതിർന്ന അഭിഭാഷകൻ കെ വി വിശ്വcaa,counter affidavit,പൗരത്വ ഭേദഗതി നിയമംനാഥൻ ആവശ്യപ്പെട്ടു. എൻപിആർ നടപ്പാക്കുന്നതിലൂടെ ഒരു പൗരനെ സംശയത്തിന്റെ നിഴലിൽ ആക്കിയാൽ രാജ്യത്ത് കലാപമുണ്ടാകുമെന്നും ഇതു മുസ്ലീം വിഭാഗത്തെ മാത്രമല്ല ബാധിക്കുകയെന്നും ഹിന്ദു വിഭാഗത്തിനെയും ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു പരിഗണിച്ചാണ് എൻ പി ആർ നടപടി നീട്ടിവയ്ക്കണമെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചത്.

ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതിയിൽ ഇന്നലെ വൻ ജനത്തിരക്കായിരുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള 140 ഹർജികളാണ് ഇന്നലെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. കേസിൽ കോടതിയുടെ നിലപാടറിയാൻ ഹർജിക്കാരും കോടതിയിൽ എത്തിയതോടെ മുമ്പെങ്ങും കാണാത്ത ജനത്തിരക്കായിരുന്നു കോടതിയിൽ ദൃശ്യമായത്. അഭിഭാഷകരും കോടതി തന്നെയും ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ഹർജിക്കാർ 140 പേർ ഉള്ളതിനാലാണ് തിരക്കെന്നും കോടതിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം വേണമെന്നും ചീഫ് ജസ്റ്റിസിനോട് അറ്റോർണി ജനറൽ വേണുഗോപാൽ ആവശ്യപ്പെട്ടു. യു എസ്, പാകിസ്ഥാൻ സുപ്രീം കോടതികളിൽ ഇത്തരത്തിൽ സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഇതിനെ പിന്താങ്ങുകയാണുണ്ടായത്. ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയും പ്രതികരിച്ചു.

Eng­lish Sum­ma­ry: Cit­i­zen­ship Amend­ment Act: Four weeks to file counter affi­davit

You may also like this video