പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് വിസ റദ്ദാക്കിയതിനെതിരെ പോളണ്ട് വിദ്യാർത്ഥി കൽക്കട്ടാ ഹൈക്കോടതിയിൽ ഹർജി നൽകി. ജാദവ്പൂർ സർവകലാശാല വിദ്യാർത്ഥിക്കാണ് വിസ നിഷേധിച്ചത്. വിസ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നാണ് കാമിൽ സെയ്ദ് സെയിൻസ്കി എന്ന വിദ്യാർത്ഥിയുടെ ആവശ്യം. കഴിഞ്ഞാഴ്ചയാണ് വിസ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഫോറിൻ റീജ്യണൽ രജിസ്ട്രേഷൻ ഓഫീസ് ഇദ്ദേഹത്തിന് നൽകിയത്. പതിനാല് ദിവസത്തിനകം ഇന്ത്യ വിട്ടു പോകണമെന്നും നിർദ്ദേശിച്ചിരുന്നു.
വിസ ചട്ടങ്ങൾ ലംഘിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാരോപിച്ചായിരുന്നു നടപടി. എന്നാൽ കൊൽക്കത്തയിലെ ന്യൂമാർക്കറ്റ് ഏര്യയിൽ നടന്ന ഒരു പരിപാടിയിൽ ജാദവ്പൂർ സർവകലാശാലയിലെ മറ്റ് വിദ്യാർത്ഥികളോടൊപ്പം പങ്കെടുക്കുക മാത്രമാണ് ഇയാൾ ചെയ്തതെന്നാണ് അഭിഭാഷകനായ ജയന്തമിത്ര കോടതിയെ ബോധിപ്പിച്ചത്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള എല്ലാവരും പങ്കെടുത്ത സമാധാനപരമായ ഒരുപരിപാടി മാത്രമായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആൾക്കുട്ടത്തിൽ നിന്നൊഴിഞ്ഞ് കേവലം ഒരു കാഴ്ചക്കാരനായി നിൽക്കുക മാത്രമാണ് ഇയാൾ ചെയ്തതെന്നും അഭിഭാഷകൻ പറഞ്ഞു.
ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾക്കും സ്വാഭാവിക നീതിയുടെ തത്വങ്ങൾക്കും എതിരാണ് ഇത്തരം നടപടിയെന്നും അഭിഭാഷകൻ പറഞ്ഞു. ഇദ്ദേഹം അവസാന സെമസ്റ്റർ വിദ്യാർത്ഥിയാണെന്നും ഓഗസ്റ്റ് മാസത്തിൽ പരീക്ഷ ഉണ്ടാകുമെന്നും ഹർജിയിൽ പറയുന്നുണ്ട്. താരതമ്യ സാഹിത്യത്തിൽ പഠനം നടത്തുന്ന ഇദ്ദേഹം നിരവധി പോളിഷ് കൃതികൾ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം റീജ്യണൽ രജിസ്ട്രേഷൻ ഓഫീസിനെയും സമീപിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലെ വിശ്വഭാരതി സർവകലാശാലയിലെ ഒരു വിദ്യാർത്ഥിനിയോടും രാജ്യം വിട്ടു പോകാൻ കഴിഞ്ഞാഴ്ച നിർദ്ദേശിച്ചിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് ഈ പെൺകുട്ടിയ്ക്കെതിരെ നടപടിയെടുത്തത്. പൗരത്വനിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് രാജ്യം വിടണമെന്ന് ചെന്നൈയിലെ ഒരു ജര്‍മൻ വിദ്യാർത്ഥിയോടും കേരളത്തിലെ ഒരു നോർവീജിയൻ സന്ദർശകനോടും സർക്കാർ നിർദ്ദേശിച്ചിരുന്നു.
ENGLISH SUMMARY:Citizenship Amendment Act; Polish student at Calcutta High Court
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.