Web Desk

December 19, 2019, 8:41 pm

പൗരത്വഭേദഗതി നിയമം : റയിൽവെയ്‌ക്ക് നഷ്‌ടം 85 കോടി

Janayugom Online

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധത്തിൽ റയിൽവെയ്‌ക്ക് 85 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. കിഴക്ക്, തെക്ക് കിഴക്ക്,വടക്കൻ റയിൽവെ സോണുകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. പ്രതിഷേധത്തിനിടെ റയിൽവെ സ്റ്റേഷന് തീയിടുകയും ട്രെയിനുകളും വാഹനങ്ങളും തകർക്കുകയും ചെയ്തതോടെയാണ് റയിൽവെയ്ക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നത്.
പൊതുമുതൽ നശിപ്പിക്കുന്നവരെ ഉടൻ വെടിവച്ചുകൊല്ലണമെന്നാണ് യൂണിയൻ റയിൽവെ മന്ത്രി സുരേഷ് അൻഗാഡി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. മന്ത്രിയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചുവെങ്കിലും ഔദ്യോഗികമായി തിരുത്തലുകളൊന്നും വന്നിരുന്നില്ല. എന്നാൽ മന്ത്രിയുടെ പരാമർശം അനുചിതവും നിലവിലെ സംഘർഷാവസ്ഥ ആളിക്കത്തിക്കുന്നതുമാണെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചത്.
എന്നാൽ സുരേഷ് അൻഗാഡിയുടെ പരമാർശത്തെ കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‍വി എതിർത്തു. കേന്ദ്രമന്ത്രിയെന്ന നിലയിൽ രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത്തരത്തിലൊരു പരാമർശം നടത്തിയത് തെറ്റായിപ്പോയി. സിങ്‌വി ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ കിഴക്കൻ മേഖലയിലാണ്. വെസ്റ്റ് ബംഗാൾ, ബിഹാറിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടുന്ന തെക്ക് കിഴക്ക്, വടക്ക് ഫ്രണ്ടിയർ മേഖലയിലും കാര്യമായ രീതിയിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. യുലുബരിയ,സൻക്രെൽ,ബരിയ സ്റ്റേഷനുകളാണ് പ്രതിഷേധത്തെ തുടർന്ന് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.
നാശനഷ്ടങ്ങളെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ നിർത്താലാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേന യാത്രാക്ലേശം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ റയിൽവെ ഇതുവരെ ഔദ്യോഗികമായി നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

you may also like this video