August 19, 2022 Friday

Related news

May 6, 2022
May 5, 2022
April 9, 2022
February 18, 2022
November 30, 2021
November 29, 2021
September 4, 2021
May 30, 2021
March 31, 2021
March 30, 2021

പൗരത്വ ഭേദഗതി നിയമം: ഷഹീൻബാഗിലെ പ്രതിഷേധം രാജ്യവ്യാപകമാകുന്നു

Janayugom Webdesk
ന്യൂഡൽഹി
January 21, 2020 9:49 pm

മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമാകുന്നു. രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് ഷഹീൻബാഗിന് ലഭിച്ച വിശേഷണം രാജ്യത്തെ ജനങ്ങൾ സമരത്തെ ഉൾക്കൊള്ളുന്നുവെന്നാണ് ബോധ്യമാകുന്നത്. ഷഹീൻബാഗിലെ പ്രിതഷേധാഗ്നി ഇവിടേയും എന്ന ബാനറുകൾ ഉയർത്തിയാണ് സൗത്ത് ഡൽഹിയിലെ മൈതാനിയിൽ ജനങ്ങൾ തടിച്ചുകൂടിയത്. ഇവിടേയും ദിനംപ്രതി ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40ലിധികം സ്ഥലങ്ങളിലാണ് ഷഹീൻബാഗ് മാതൃകയിൽ സമരം തുടരുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രം പതിനൊന്ന് സ്ഥലങ്ങളിലാണ് സമരം തുടരുന്നത്.

ന്യൂഡൽഹിയിലെ ഖുറേജിയിൽ ആയിരക്കണക്കിന് സ്ത്രീകളാണ് രാപ്പകൽ സമരത്തിൽ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പൊലീസിന്റെ തന്ത്രങ്ങൾ സമരക്കാർ ചെറുത്തുതോൽപ്പിച്ചു. ഡൽഹിയിലെ ടർക്മാൻ ഗേറ്റിലെ പ്രതിഷേധത്തിലും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. സീലാംപൂരിലെ ജഫ്രാബാദിലെ സമരത്തിൽ 2000 പേരാണ് പങ്കെടുക്കുന്നത്. കാർദംപുരിയിലെ പ്രതിഷേധത്തിലും ആയിരക്കണക്കിന് പ്രദേശവാസികളായ വനിതകളാണ് പങ്കെടുക്കുന്നത്. എന്നാൽ ഇവരുടെ സമരത്തിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടുന്നില്ലെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. മുസ്തഫാബാദിൽ നടക്കുന്ന പ്രതിഷേധത്തിൽ പതിനായിരം പ്രദേശവാസികൾ പങ്കെടുക്കുന്നു. ചന്ദബാഗിൽ നടക്കുന്ന പ്രതിഷേധത്തിൽ സിഖ് വിഭാഗക്കാരാണ് ഭൂരിഭാഗവും. ശ്രീറാം കോളനിയിൽ തുടരുന്ന പ്രതിഷേധത്തിൽ ആയിരങ്ങളാണ് ആസാദി മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്നത്. വസീരാബാദിലെ പ്രതിഷേധത്തിലും ആയിരത്തോളം വനിതകളാണ് പങ്കെടുക്കുന്നത്. ജാമിയ മിലിയ ഇസ്ലാമിയയുടെ ഏഴാമത് ഗേറ്റിന് മുന്നിലാണ് പ്രതിഷേധം തുടരുന്നത്. ഇന്റർലോക് മെട്രോ സ്റ്റേഷന് സമീപത്തുള്ള പ്രതിഷേധത്തിലും നൂറ് കണക്കിന് പേർ പങ്കെടുക്കുന്നു.

കൊൽക്കത്തയിലെ പാർക് സർക്കസ് മൈതാനിയിൽ ജനുവരി ഏഴിന് ആരംഭിച്ച പ്രതിഷേധത്തിൽ ഇപ്പോഴും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ബിഹാറിലെ ശാന്തിബാഗിൽ നടക്കുന്ന രാപകൽ സമരത്തിൽ ആയിരങ്ങൾ ഇപ്പോഴും പ്രതിഷേധം തുടരുന്നു. പട്നയിലെ സബ്സിബാഗിലും ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. പട്നയിലെ പുൽവാരി ഷരീഫ്, ദിഖ എന്നീ സ്ഥലങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ സ്ത്രീകൾക്കൊപ്പം വിദ്യാർത്ഥികളും പങ്കെടുക്കുന്നു.
മധ്യപ്രദേദേശിലെ ഇൻഡോറിലെ ഷഹീൻബാഗ് എന്ന അറിയുന്ന ബഡ്‌വാലി ചൗക്കിൽ ശക്തമായ പ്രതിഷേധ സമരമാണ് തുടരുന്നത്. മണിക് ബാഗ്, ഭോപ്പാലിലെ ഇഖ്ബാൽ മൈതാനം എന്നിവിടങ്ങളിൽ ആയിരങ്ങളാണ് പൗരത്വ ഭേഗഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നത്.

യുപി തലസ്ഥാനമായ ലഖ്നൗവിലെ ക്ലോക്ക് ടവറിൽ തുടരുന്ന പ്രതിഷേധത്തിൽ 5000ത്തിലധികം വനിതകളാണ് പങ്കെടുക്കുന്നത്. പ്രയാഗ് രാജിലെ മൻസൂർ അലി പാർക്, കാൺപൂരിലെ മുഹമ്മദ് അലി പാർക്ക് എന്നിവിടങ്ങളിൽ കൊടിയ തണുപ്പിനെ അവഗണിച്ചാണ് ജനത പ്രതിഷേധിക്കുന്നത്.
ഗുജറാത്തിലെ റാഖിയാൽ, മഹാരാഷ്ട്രയിലെ കോഡ്വ, നാനേദ് ജില്ലാ കളക്ടറേറ്റ് അങ്കണം, നാഗൂപൂരിലെ സാംവിധാൻ ചൗക്ക്, ഔറംഗാബാദ്, രാജസ്ഥാനിലെ കിഷോർപുര, ജയ്പൂരിലെ ആൽബർട്ട് ഹാൾ, ഹൈദരാബാദിലെ ടോലിചൗക്ക്, യുപിയിലെ ദിയോബന്ദ്, ബറേലിയിലെ ഇസ്ലാമിയ കോളജ്, ബിഹാറിലെ കിഷൻ ഗഞ്ച്, മോത്തിഹാരി, ഗോപാൽ ഗഞ്ച് , സിവാൻ, മൽമൽ, ഭോപ്പാലിലെ സെൻട്രൽ ലൈബ്രറി ഹാൾ, ഇൻഡോറിലെ ഖജിരാനയിലും ഷഹീൻബാഗ് മോഡൽ പ്രതിഷേധം ശക്തമായി തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.