ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ആർ എസ്എസ് നിയന്ത്രിയ്ക്കുന്ന നരേന്ദ്ര മോഡി സർക്കാർ പുലർത്തുന്ന ധാര്‍ഷ്ട്യവും ധിക്കാരവും അപലപനീയമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. മോഡി ഷാ കൂട്ടുകെട്ടിന്റെ വിഭജിച്ച് ഒറ്റപ്പെടുത്തുന്ന തന്ത്രം അസമിൽ നിഷ്കളങ്കരായ രണ്ടു ഗ്രാമീണരുടെ ജീവൻ അപഹരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രക്ഷോഭങ്ങൾ തുടരുന്നു.
രാജ്യതലസ്ഥാനത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലാ വിദ്യാർഥികൾ മൃഗീയമായ പൊലീസ് അതിക്രമത്തിന് ഇരയായിരിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ പൊലീസിനെയും പട്ടാളത്തിനെയും ഉപയോഗിച്ച് അടിച്ചമർത്താനാവില്ലെന്ന് മോഡി ഷാ ദ്വയം തിരിച്ചറിയണം, ദേശീയ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങൾക്കു പിന്നിൽ രാഷ്ട്രീയപാർട്ടികളുടെ പ്രേരണ ഇല്ലെന്ന യാഥാർഥ്യവും ബോധ്യപ്പെടണം. മതേതര ആശയങ്ങളോട് ചേർന്നിരിക്കുന്ന ഇന്ത്യൻ ജനതയിൽ ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കാൻ പദ്ധതികൾ ഒരുക്കുന്ന കേന്ദ്രസർക്കാരാണ് രാജ്യത്തുയരുന്ന പ്രക്ഷോഭങ്ങൾക്ക് ഉത്തരവാദി.
സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പൗരത്വബിൽ നടപ്പിലാക്കാനാവില്ലെന്ന നിലപാട് ചില സംസ്ഥാനങ്ങൾ ഇതിനോടകം പരസ്യമാക്കിയിട്ടുണ്ട്. ജനകീയ പ്രക്ഷോഭങ്ങളോട് മുഖംതിരിഞ്ഞു നിൽക്കാതെ സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്തിരിയുകയാണ് വേണ്ടത്. പ്രതിഷേധിക്കുന്ന വിദ്യാർഥികളെയും സാധാരണ ജനത്തെയും വേട്ടയാടുന്നത് അവസാനിപ്പിക്കുകയും വേണം. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.