Web Desk

December 29, 2019, 11:06 pm

പൗരത്വ ഭേദഗതിബിൽ തികച്ചും സ്ത്രീവിരുദ്ധം: ദേശീയ മഹിളാ ഫെഡറേഷൻ

Janayugom Online

ന്യൂഡൽഹി: മോഡി സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതിബിൽ തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ദേശീയ മഹിളാ ഫെഡറേഷൻ (നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമിൻ- എൻഎഫ്ഐഡബ്ലിയു) ദേശീയ സമ്മേളനം. പുരുഷ മേധാവിത്തമുള്ള ഹിന്ദു രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. പുരുഷൻമാരെ സേവിക്കാനാണ് സ്ത്രീകളെന്ന ധാരണയാണ് ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നത്.

ഇത് കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പൗരത്വ ഭേദഗതി ബില്ലും അനുബന്ധമായ ദേശീയ പൗരത്വ രജിസ്റ്റർ സംവിധാനവും. മുസ്ലിം വിഭാഗങ്ങളെ മതത്തിന്റെ പേരിൽ ഒഴിവാക്കുക എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. ലോകത്തെ പ്രധാനപ്പെട്ട എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങളിലും സ്ത്രീകളുടെ പങ്കും പ്രവർത്തനങ്ങളും നിസ്തുലമാണെന്നും സമ്മേളനം പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.

രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യം മറച്ചുവയ്ക്കാനുള്ള മോ‍ഡി സർക്കാരിന്റെ തന്ത്രമാണ് പൗരത്വ ഭേഗഗതി ബില്ലെന്ന് സമ്മേളനത്തിൽ മുഖ്യാതിഥി ആയിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുമായി ചർച്ച ചെയ്യുന്ന സമീപനം അംഗീകരിക്കാൻ തയ്യാറാകാത്ത മോഡി സർക്കാരിന്റെ നയങ്ങൾ അപലപനീയമാണെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പറഞ്ഞു. രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനുള്ള കാരണം ഉൾക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു നേതാവും സ്വന്തം തെറ്റുകൾ ഉൾക്കൊള്ളാനും തിരുത്താനും തയ്യാറാകുന്നില്ല. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ നിർമ്മിക്കാനാകും. എന്നാൽ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാരമാണ് രാജ്യത്തെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.