Web Desk

December 09, 2019, 9:52 pm

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയിൽ; രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു

Janayugom Online

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു. അസം, മണിപ്പൂർ, സിക്കിം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി. ഗുവാഹത്തിയില്‍ അസം സ്റ്റുഡന്റ് യൂണിയൻ പന്തംകൊളുത്തി പ്രകടനം നടത്തി. 12 മണിക്കൂര്‍ ബന്ദിന് വിദ്യാർഥി യൂണിയൻ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെയും വസതികള്‍ക്ക് മുമ്പിലും പ്രതിഷേധം നടന്നു. അപ്പര്‍ അസമിലെ ശിവസാഗറില്‍ വിദ്യാര്‍ഥികള്‍ നഗ്നരായി പ്രകടനം നടത്തി. അസം മതക് വിദ്യാര്‍ഥി യൂണിയന്‍ അംഗങ്ങളാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സിക്കിമിലും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ഡൽഹിയില്‍ ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ ജെഎന്‍യു, ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മണിപ്പൂരിന്റെ പല ഭാഗങ്ങളിലും വൻ പ്രതിഷേധമാണ് നടക്കുന്നത്. ഇംഫാലിൽ നടന്ന പ്രകടനത്തിൽ തെരുവ് കച്ചവടക്കാരായ സ്ത്രീകൾ കച്ചവടം നിർത്തിവച്ചാണ് അണിനിരന്നത്. വനിതാ പ്രതിഷേധക്കാർ പ്രത്യേക ടെന്റ് കെട്ടിയാണ് സമരം നടത്തുന്നത്. ഇത് നീക്കം ചെയ്യുന്നതിനുള്ള പൊലീസ് ശ്രമം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

625 പ്രമുഖ വ്യക്തികൾ ഭരണഘടനയെ വഞ്ചിക്കരുതെന്നും ബിൽ പിൻവലിക്കണമെന്നും സംയുക്തമായി ആവശ്യപ്പെട്ടു. രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരത്തോളം ശാസ്ത്രജ്ഞരും വിചക്ഷണരും ബില്ലിനെതിരെ രംഗത്തുവന്നു.
വന്‍ പ്രതിപക്ഷ പ്രതിഷേധമാണ് ബില്ലിനെതിരെ പാർലമെന്റിൽ ഉണ്ടായത്. ഇടതു പാര്‍ട്ടികളും കോൺഗ്രസും എന്‍സിപിയും മുസ്ലിംലീഗും ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസിന്റെ സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ ബില്‍ .001 ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നായിരുന്നു അമിത് ഷായുടെ വാദം. ചർച്ചയ്ക്കിടെ അസദുദ്ദീൻ ഒവൈസി ബിൽ കീറിയെറിഞ്ഞു.

ബില്ല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ബാധകമാകില്ല. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ ബില്ല് ബാധകമാകില്ല. ഇതുസംബന്ധിച്ച് ബിജെപിയും ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും തമ്മില്‍ ധാരണയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 പാസാക്കാന്‍ നടത്തിയ അതേ നീക്കമാണ് പൗരത്വ ബില്ല് പാസാക്കാനും മോഡി സർക്കാർ നടത്തിയിരിക്കുന്നത്. എഐഎഡിഎംകെയുമായി റയില്‍വെ മന്ത്രി പീയുഷ് ഗോയൽ ചർച്ച നടത്തി. ബിജെഡിയുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചർച്ച നടത്തി.

ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ജെഡിയുവിന്റെ പിന്തുണ ഉറപ്പാക്കി. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി എന്നീ കക്ഷികളുമായും ചർച്ച നടത്തി. തെലങ്കാനയിലെ ടിആര്‍എസിന്റെ ആറ് അംഗങ്ങള്‍, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ടു അംഗങ്ങള്‍ എന്നിവരും ബില്ലിനെ അനുകൂലിക്കുമെന്നാണ് വിവരം. ടിഡിപിക്ക് രണ്ട് അംഗങ്ങളുണ്ട്. രാജ്യസഭയിൽ 132 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന.

ലോക്‌സഭ
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ സഭയുടെ മേശപ്പുറത്തുവച്ചത്. വോട്ടെടുപ്പിലൂടെയാണ് ബില്ലിന് സഭ അവതരണാനുമതി നല്‍കിയത്. അമിത് ഷാ സ്പീക്കറോട് അനുമതി തേടുകയും, പ്രതിപക്ഷ ബഹളത്തിനിടെ ഓം ബിര്‍ള വോട്ടെടുപ്പിന് അനുമതി നല്‍കുകയുമായിരുന്നു. 293 പേര്‍ ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചു. 82 പേർ എതിർത്ത് വോട്ട് ചെയ്തു.

രാജ്യസഭ
രാജ്യസഭയിലും ഈ ആഴ്ചതന്നെ ബിൽ അവതരിപ്പിച്ചേക്കും. രാജ്യസഭയിലെ മൊത്തം അംഗങ്ങളുടെ എണ്ണം 245. ഇതില്‍ അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. രണ്ടു പേര്‍ അവധിയിലുമാണ്. ബാക്കി 238 അംഗങ്ങളാണ് സഭയിലുണ്ടാകുക. 120 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചാല്‍ രാജ്യസഭയില്‍ പാസാകും. യുപിഎക്ക് നൂറില്‍ താഴെ അംഗങ്ങളേ ഉള്ളൂ.

പൗരത്വ ഭേദഗതി
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലങ്ങളല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ അനുവാദം നല്‍കുന്ന ബിൽ. 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം തേടിയവർക്കാണ് പൗരത്വം അനുവദിക്കുക. ബില്‍ പാസാകുന്നതോടെ എന്‍ആര്‍സിയില്‍ നിന്ന് ഒഴിവായ എല്ലാ ഹിന്ദുക്കള്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കും. അതേസമയം മുസ്ലിം വിഭാഗക്കാർ പുറത്താകും.