Web Desk

December 11, 2019, 8:28 am

പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ

Janayugom Online

 ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ ലോക്സഭ കടന്നു. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ലോക്‌സഭയിൽ എഴുമണിക്കൂർ നീണ്ട ചർച്ചയ്ക്കു ശേഷം തിങ്കളാഴ്ച അർധരാത്രിയ്ക്ക് ശേഷമാണ് ബില്ലിന്മേൽ വോട്ടെടുപ്പ് നടന്നത്. ബില്ലിനെ 80 അംഗങ്ങൾ എതിർത്തപ്പോൾ 311 അംഗങ്ങൾ അനുകൂലിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന ഭേഭഗതികൾ വോട്ടിനിട്ട് തള്ളിയതിന് ശേഷമാണ് ബില്ലിന്മേലുള്ള വോട്ടെടുപ്പിലേക്ക് സഭ കടന്നത്. അതേസമയം എൻഡിഎ വിട്ട ശിവസേന പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബിൽ അവതരിപ്പിച്ചത്. അയല്‍ രാജ്യങ്ങളില്‍നിന്ന് കുടിയേറിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതാണ് വിവാദ ബില്‍.

you may also like this video

238 അംഗസംഖ്യയുള്ള രാജ്യസഭയിൽ 105 എംപിമാർ എൻഡിഎ പക്ഷത്തുനിന്നാണ്. ഇതിൽ 83 അംഗങ്ങൾ ബിജെപിയും ആറ് പേർ ജനതാദൾ (യു) മൂന്നു പേർ ശിരോമണി അകാലി ദളിൽ നിന്നാണ്. കൂടാതെ എൽജെപി, ആർപിഐ (എ) എന്നിവയിൽ നിന്ന് ഒന്നു വീതവും നാമനിർദ്ദേശം ചെയ്യപ്പെട്ട 11 എംപിമാരും എൻഡിഎയിലുണ്ട്. അതേസമയം രാജ്യസഭയിൽ 11 അംഗങ്ങളുള്ള എഐഎഡിഎംകെ, ഏഴ് അംഗങ്ങളുള്ള ബിജെഡി, രണ്ട് അംഗങ്ങൾ വീതമുള്ള വൈഎസ്ആർസിപി, ടിഡിപി എന്നിവരുമായി ബിജെപി ചർച്ച നടത്തി. ഈ 22 അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയാൽ 120 ഭൂരിപക്ഷം വേണ്ടിടത്ത് 127 അംഗങ്ങളുടെ പിന്തുണ ബില്ലിന് ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.