Tuesday
19 Mar 2019

പൗരത്വഭേദഗതി ബില്‍ ഭരണഘടനാതത്വ നിഷേധം

By: Web Desk | Thursday 10 January 2019 10:51 PM IST


പ്രതിപക്ഷ പാര്‍ട്ടികളുടെയും മതേതര ജനാധിപത്യ സമൂഹത്തിന്റെയും ശക്തമായ എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയുടെ തുല്യതാ തത്വങ്ങളുടെ നിഷേധമാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര ‘അനധികൃത കുടിയേറ്റക്കാര്‍’ക്ക് പൗരത്വം ഉറപ്പുവരുത്തുന്നതാണ് ലോക്‌സഭ പാസാക്കിയ ബില്‍. അത് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്ന നഗ്നമായ വിവേചനമാണ്. ഇന്ത്യന്‍ ഭരണഘടന മതത്തിന്റെയും വംശത്തിന്റെയും ജാതിയുടെയും വര്‍ണത്തിന്റെയും ഭാഷയുടെയും പേരിലുള്ള യാതൊരു വിവേചനത്തെയും അംഗീകരിക്കുന്നില്ല. അയല്‍രാജ്യങ്ങളിലെ പീഡിത ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന്റെ പേരിലാണ് മോഡി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന് മുതിര്‍ന്നിരിക്കുന്നത്. അത് മുസ്‌ലിം ഭൂരിപക്ഷ അയല്‍രാജ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് പീഡിത കുടിയേറ്റക്കാരോടുള്ള സഹാനുഭൂതി എന്നതിലുപരി ഭരണകൂടത്തിന്റെ ഭൂരിപക്ഷ മതപ്രീണനം മാത്രം ലക്ഷ്യംവച്ചുള്ള നടപടിയാണ്. അസമടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തുന്ന കുത്സിത നീക്കങ്ങളുടെ ഭാഗമാണത്.

ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള വിഭാഗീയ പ്രവണതയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ എന്ന നിലയില്‍ രാഷ്ട്രപതി ഇക്കാര്യത്തില്‍ നീതിപൂര്‍വവും സമയോചിതവുമായ ഇടപെടലിന് സന്നദ്ധമാകണം. വികലമായ പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപടികളും അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിനകം രാഷ്ട്രീയ തുടര്‍ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അസമില്‍ സംസ്ഥാന കൂട്ടുകക്ഷി ഭരണത്തില്‍ പങ്കാളികളായിരുന്ന അസം ഗണപരിഷത്ത് എന്‍ഡിഎ സഖ്യം വിട്ടു. മറ്റു പല പ്രാദേശിക പാര്‍ട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. അസ്വസ്ഥവും സംഘര്‍ഷഭരിതവുമായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സാധാരണ സ്ഥിതിയിലേയ്ക്ക് മുടന്തി നീങ്ങവെയാണ് രാഷ്ട്രീയ അസ്വസ്ഥതകള്‍ക്ക് വിത്തു പാകി പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ സംരംഭവും ആ മേഖലയിലെ രാഷ്ട്രീയ വ്യവഹാരത്തിന്റെ കേന്ദ്രസ്ഥാനത്ത് ഇടംപിടിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം പൗരത്വ രജിസ്‌ട്രേഷന്‍ നടപടി ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ 40.07 ലക്ഷം ജനങ്ങളാണ് അതില്‍ നിന്ന് പുറത്തായത്.

2018 ഡിസംബര്‍ 31ന് അവസാനിച്ച പൗരത്വ അവകാശവാദം ഉന്നയിക്കല്‍ നടപടിയില്‍ 31 ലക്ഷത്തില്‍പരം പേര്‍ക്കു മാത്രമാണ് മതിയായ രേഖകളുമായി അപേക്ഷ നല്‍കാനായത്. ഒമ്പതു ലക്ഷം പേര്‍ക്ക് അതിനു കഴിഞ്ഞിട്ടില്ല. ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ പേര്‍ പൗരത്വ പട്ടികയില്‍ നിന്നു പുറത്താകും. പൗരത്വ പട്ടിക തയ്യാറാക്കുന്നതിനൊപ്പം അനധികൃത കുടിയേറ്റക്കാരെന്നു കണ്ടെത്തുന്നവരെ തിരിച്ചയക്കാന്‍ ആവശ്യമായ സംവിധാനം ബംഗ്ലാദേശുമായി കൂടിയാലോചിച്ച് തയ്യാറാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. അത്തരത്തിലുള്ള യാതൊരു ശ്രമത്തിനും സര്‍ക്കാര്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല, അത് കേവലം ഒരു ആഭ്യന്തര പ്രക്രിയ മാത്രമാണെന്ന സന്ദേശമാണ് ബംഗ്ലാദേശിന് നല്‍കിയിട്ടുള്ളതും. അത് എന്തുതന്നെയായാലും വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിച്ചുപോന്നിരുന്ന ദശലക്ഷത്തിലേറെ ജനങ്ങളെ തിരിച്ചയക്കുക അപ്രായോഗികമാണ്. ദശലക്ഷക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ഭാരം പേറേണ്ടിവരുന്ന ബംഗ്ലാദേശ് കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാന്‍ മുതിരുമെന്ന് കരുതുന്നത് മൗഢ്യമാണ്.

ദശലക്ഷത്തിലേറെ വരുന്ന, കുട്ടികളും സ്ത്രീകളുമടക്കം ജനക്കൂട്ടത്തെ രാജ്യരഹിതരായി മാറ്റുക എന്നത് അഭൂതപൂര്‍വമായ മാനുഷിക ദുരന്തത്തിനായിരിക്കും വഴിവയ്ക്കുക. പൗരത്വഹീനരായ ജനസഞ്ചയത്തെ അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാത്ത അഭയാര്‍ഥി ക്യാമ്പുകളിലേക്ക് ആട്ടിയൊതുക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക? അത് വന്‍തോതിലുള്ള പട്ടിണി മരണം, പകര്‍ച്ചവ്യാധി പീഡകള്‍, ആത്മഹത്യ എന്നിവയിലേക്കായിരിക്കും അവരെ തള്ളിവിടുക. അനധികൃത കുടിയേറ്റക്കാര്‍ എന്നപേരില്‍ തടവുക്യാമ്പുകളില്‍ തള്ളപ്പെടുന്ന ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റുക പൊതു ഖജനാവിന് താങ്ങാവുന്നതിലേറെ കനത്ത ബാധ്യതയായിരിക്കും. പൗരത്വം നിഷേധിക്കപ്പെട്ട ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ലോക രാഷ്ട്ര സമുച്ചയത്തില്‍ ഇന്ത്യയുടെ സല്‍പേരിന് തീരാക്കളങ്കമായിരിക്കും വരുത്തിവയ്ക്കുക. അവര്‍ക്കുമേല്‍ കൊടും ചൂഷണവും പീഢനങ്ങളും അവകാശലംഘനങ്ങളും നടക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പുനല്‍കാനാവുക. രാഷ്ട്രത്തിന്റെ ഭാവിയെയും കെട്ടുറപ്പിനെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നത്തില്‍ ഭരണകൂടവും രാഷ്ട്രപതിയും വിവേകപൂര്‍ണമായ സമീപനം കൈക്കൊള്ളുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.