പൗരത്വത്തിന്റെ പേരില്‍ നയിക്കുന്നത് വിനാശത്തിലേക്ക്

Web Desk
Posted on November 27, 2019, 9:48 pm

ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവയ്ക്കുവേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദഗതികള്‍‍ കരുത്താര്‍ജിക്കുന്നതിന് നടപ്പ് പാര്‍ലമെന്റ് സമ്മേളനം സാക്ഷ്യം വഹിക്കുകയാണ്. ഓരോ പത്തുവര്‍ഷം കൂടുമ്പോഴും നടക്കുന്ന സെന്‍സസ് 2021ല്‍ നടക്കാനിരിക്കെ ദേശീയ പൗരത്വ രജിസ്റ്ററിനു വേണ്ടിയുള്ള മോഡി സര്‍ക്കാരിന്റെ തിടുക്കം രാജ്യത്തിനു നല്‍കുന്നത് കടുത്ത അപകട സൂചനയാണ്. ദശവത്സര ഇടവേളകളിലെ സെന്‍സസിനു പുറമെ ഏതാണ്ട് 123 കോടി ജനങ്ങള്‍ക്ക് അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ച് ആധാര്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. അവയിലൊന്നും ഉള്‍പ്പെടാത്ത ആരെങ്കിലും അവശേഷിക്കുന്നു എങ്കില്‍ അത്തരക്കാരെ കണ്ടെത്തുക അസാധ്യമാണെന്ന് കരുതുകവയ്യ. ഈ പശ്ചാത്തലത്തില്‍ വേണം പൗരത്വ രജിസ്റ്ററിനും ഭേദഗതി നിയമത്തിനും വേണ്ടിയുള്ള നീക്കം വിലയിരുത്തപ്പെടാന്‍. നിലവിലുള്ള പൗരത്വ നിയമത്തിലോ നിര്‍ദ്ദിഷ്ട ഭേദഗതി നിയമത്തിലോ വിദേശ പൗരത്വം നിര്‍ണയിക്കാനുള്ള യാതൊരു സ്വതന്ത്ര സംവിധാനവും നിര്‍ദേശിക്കുന്നില്ല. അതിന്റെ വെളിച്ചത്തിലാണ് ‘നിയമവിരുദ്ധ കുടിയേറ്റ നിര്‍ണയ ട്രൈബ്യൂണല്‍’ നിയമം, 2005 ല്‍ സുപ്രീം കോടതി റദ്ദാക്കിയത്. വിദേശി ആരെന്നു കൃത്യമായി നിര്‍ണയിക്കാനുള്ള സംവിധാനമോ അതിര്‍ത്തികളില്‍ അനധികൃത കുടിയേറ്റക്കാരെ ഫലപ്രഥമായി തടയാനോ കഴിയാത്ത ഭരണകൂടം പൗരത്വ രജിസ്റ്റര്‍ തയാറാക്കാനുള്ള യത്നത്തിനു പുറപ്പെടുന്നത് പൗരന്മാരെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന നടപടിയായിരിക്കും.

പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ അസമിന്റെ അവസ്ഥ ഭരണകൂടത്തിന് ഗുണപാഠമാകണം. അവിടെ പൗരത്വ രജിസ്റ്ററില്‍ നിന്നും ഒഴിവാക്കപ്പെട്ട 19 ലക്ഷം പേരില്‍ ഗണ്യമായ തോതില്‍ ഹിന്ദുക്കളും ഗോത്രവര്‍ഗക്കാരും ഉള്‍പ്പെടുന്നു. അത്തരത്തില്‍ ഒഴിവാക്കപ്പെട്ട നിരവധി പേര്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തിയതും വിസ്മരിക്കരുത്. പൗരത്വ രജിസ്റ്ററിന്റെ ധാര്‍മ്മികത വിലയിരുത്തും മുമ്പ് അതിന്റെ പ്രായോഗികത പരിശോധിക്കപ്പെടേണ്ടതുണ്ട്. അസമിലെ 3.3 കോടി ജനങ്ങളുടെ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതിന് 50,000 സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴു വര്‍ഷക്കാലം സമയമെടുത്തു. അതിനായി 1,600 കോടി രൂപയാണ് ചെലവഴിക്കേണ്ടിവന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാ­ല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതിന് 1.33 കോടി സര്‍ക്കാര്‍ ഉ­ദ്യോഗസ്ഥര്‍ പത്തുവര്‍ഷക്കാലം പണിയെടുത്താലും ദൗത്യം പൂര്‍ത്തീകരിക്കാനാവുമോ എന്ന് വിദഗ്ധര്‍ സംശയിക്കുന്നു. അതിന് ചുരുങ്ങിയത് 4.26 ലക്ഷം കോടി രൂപയെങ്കിലും ചെ­ല­­വഴിക്കേണ്ടിവരും. വിദ്യാഭ്യാസത്തിനുവേണ്ടി വാര്‍ഷിക ബജറ്റി­ല്‍ വകയിരുത്തുന്ന തുകയുടെ നാലിരട്ടിയിലധികമാണ് അത്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്ത് ഇതിനെക്കാള്‍ വലിയ അനര്‍ഥം മറ്റെന്താണ്? 1.33 കോടി സര്‍ക്കാര്‍ ജീവനക്കാര്‍ എന്നാല്‍,‍ 2.9 കോടി വരുന്ന ജീവനക്കാരുടെ പകുതിയില്‍ അധികമാണ്. ഫലത്തില്‍ ഒരു ദശകക്കാലം രാജ്യത്തെ സമ്പൂര്‍ണമായി സ്തംഭിപ്പിക്കുന്ന ഭ്രാന്തന്‍ സാഹസികതയായി പൗരത്വ രജിസ്റ്റര്‍ തയാറാക്കല്‍ പ്രക്രിയ മാറും. രജിസ്റ്ററില്‍‍ ഇന്ത്യന്‍ പൗരനാണ് താനെന്ന് സ്ഥാപിക്കേണ്ട ബാധ്യത പൗരന്റേതായിരിക്കും. ആഭ്യന്തര മന്ത്രി പൗരത്വത്തിനു തെളിവായി ഹാജരാക്കേണ്ട രേഖകളുടെ ഒരു പട്ടിക പുറത്തുവിട്ടിട്ടുണ്ട്. നിരക്ഷരരായ 25 ശതമാനത്തിലധികം ജനങ്ങള്‍ (അതായത് ഏതാണ്ട് 30–35 കോടി ജനങ്ങള്‍) അത്തരത്തില്‍ രേഖകള്‍ ഹാജരാക്കുമെന്ന് അധികാരദുരകൊണ്ട് അന്ധത ബാധിച്ചവര്‍ക്ക് മാത്രമെ കരുതാനാവു. പൗരത്വ രജിസ്റ്ററും പൗരത്വനിയമവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്.

അസമില്‍ പൗരത്വ രജിസ്റ്റര്‍ എന്ന ആവശ്യം ഉന്നയിച്ചവര്‍ തന്നെ ഇപ്പോള്‍ അതിനെതിരെ തിരിഞ്ഞിരിക്കുന്നു. ബിജെപി നേതാക്കളും സഖ്യകക്ഷികളും രജിസ്റ്ററിനും പൗരത്വ നിയമത്തിനും എതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ബിജെപിയും സംഘ്പരിവാറും പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമം എന്നിവയിലൂടെ ലക്ഷ്യം വയ്ക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ്. അത് യാതൊരു മറയും കൂടാതെ നിര്‍ദ്ദിഷ്ട പൗരത്വ ഭേദഗതി നിയമം വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് ബില്‍ പറയുന്നത്. അതില്‍ നിന്നുതന്നെ ആര്‍ക്കാണ് പൗരത്വം നിഷേധിക്കപ്പെടുകയെന്നും പകല്‍പോലെ വ്യക്തം. ഇന്ത്യ ശക്തമായ രാഷ്ട്രീയ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ട റിപ്പബ്ലിക്കാണ്. ഇവിടെ പൗരത്വത്തിന് മത, ജാതി, വംശ, വര്‍ണ, ഭാഷാ പരിഗണനകള്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെയും അതിന് ആധാരമായ ഭരണഘടനയുടെയും നിര്‍മാതാക്കള്‍ വിഭാവനം ചെയ്യുന്നില്ല. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപന സങ്കല്‍പങ്ങളെയും തത്വങ്ങളെയും അട്ടിമറിക്കാനാണ് പൗരത്വത്തിന്റെ പേരില്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്.