20 April 2024, Saturday

പൗരത്വം ലഭിച്ചില്ല; 1500 പാക് ഹിന്ദുക്കള്‍ മടങ്ങി

Janayugom Webdesk
ഇസ്‌ലാമാബാദ്
August 22, 2022 10:28 pm

ഇന്ത്യന്‍ പൗരത്വം നിഷേധിച്ചതിനെ തു‍ടര്‍ന്ന് 18 മാസത്തിനിടെ 1500 പാകിസ്ഥാനി ഹിന്ദുക്കള്‍ മടങ്ങിപ്പോയി. ഈ വര്‍ഷം ജൂലൈ വരെ 344 പാകിസ്ഥാനി ഹിന്ദുക്കള്‍ മടങ്ങിപ്പോയെന്നാണ് ഔദ്യോഗിക രേഖകള്‍.
ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാനുള്ള പണമോ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സഹായമോ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഭൂരിഭാഗം അഭയാര്‍ത്ഥികളും മടങ്ങിപ്പോയതെന്ന് സീമന്ത് ലോക് സങ്കേതന്‍ പ്രസിഡന്റ് ഹിന്ദു സിങ് സോദ പറ‍ഞ്ഞു. ഹിന്ദു അഭയാര്‍ത്ഥി വിഷയത്തെ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വം ലഭിക്കുമോയെന്ന് ഉറപ്പില്ലാതെ നിരവധിപ്പേര്‍ പണം മുടക്കുന്നുണ്ട്. 25,000 പാകിസ്ഥാനി ഹിന്ദുക്കള്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 10–15 വര്‍ഷങ്ങളായി ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം നല്‍കുന്നതിനായി 2004, 2005 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. 13,000 പേര്‍ക്ക് അന്ന് പൗരത്വം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2000 പാക് ഹിന്ദുക്കള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ താമസത്തിനുള്ള അനുമതി നല്‍കിയത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടമനുസരിച്ച് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ പാകിസ്ഥാന്‍ പാസ്പോര്‍ട്ട് പുതുക്കുകയും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണം. പാസ്പോര്‍ട്ട് പുതുക്കാന്‍ 8000 മുതല്‍ 10,000 രൂപവരെയാണ് പാക് എംബസി ഈടാക്കുന്നത്. ഇതെല്ലാം പാകിസ്ഥാന്‍ ഹിന്ദുക്കളെ തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുകയാണെന്നാണ് വിലയിരുത്തല്‍. 

Eng­lish Sum­ma­ry: Cit­i­zen­ship not grant­ed; 1500 Pak­istani Hin­dus returned

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.