വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നടപടികളില്ല: നിയമനം വേഗത്തിലാക്കണമെന്ന് ഉദ്യോഗാർത്ഥികൾ

Web Desk

കോഴിക്കോട്

Posted on February 24, 2020, 6:54 pm

വനിതാ സിവിൽ പൊലീസ് ഓഫീസർ നിയമനം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന അഭ്യർത്ഥനയുമായി ഉദ്യോഗാർത്ഥികൾ. 2018 ജൂലൈ 22 നാണ് പരീക്ഷ നടന്നത്. 2019 ൽ ആദ്യറാങ്ക് ലിസ്റ്റ് പുറത്തുവരികയും കായികക്ഷമത പരിശോധനയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും പൂർത്തിയാവുകയും ചെയ്തു. ഇതേ സമയത്ത് പരീക്ഷയെഴുതിയ പുരുഷൻമാർ ഫെബ്രുവരി 15 മുതൽ അവരുടെ ജോലി പരിശീലനത്തിന് പ്രവേശിച്ചു കഴിഞ്ഞെങ്കിലും വനിതകളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വനിത സിവിൽ പൊലീസ് ഓഫീസർ തസ്തിക (കാറ്റഗറി നമ്പർ. 653/17) യുടെ സാധ്യത പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഉൾപ്പെടെ ഇത് സംബന്ധിച്ച് നിവേദനം നൽകാനൊരുങ്ങുന്നത്.

2019 നവംബറിലാണ് ഇവരുടെ കായികക്ഷമത പരിശോധന നടന്നത്. ഈ വർഷം ഫെബ്രുവരിയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും പൂർത്തിയായി. എഴുത്ത് പരീക്ഷ കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായ കാലയളവിലും തങ്ങളുടെ നിയമന സാധ്യത അറിയാൻ സാധിക്കുന്നില്ലെന്ന് ഇവർ പറയുന്നു. പലവിധ പരിമിതികളിൽ നിന്നാണ് വനിതകളായ തങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ശാരീരികമായ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് കായികക്ഷമത പരീക്ഷ പരിശോധനയിൽ വിജയിച്ച തങ്ങൾ ഒരുപാട് ഉത്തരവാദിത്തങ്ങളിൽ നിന്നുകൊണ്ട് ഇവിടംവരെ എത്തിയത്. എന്നാൽ നിയമനത്തിൽ സംഭവിക്കുന്ന കാലതാമസം തങ്ങളെ പലവിധ പ്രയാസങ്ങളിലേക്ക് നയിക്കുകയാണ്. വിവാഹിതരും അവിവാഹിതരും ഉൾപ്പെടുന്ന ഈ ലിസ്റ്റിലെ ഓരോരുത്തരും ഈ ജോലി പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരാണ്. ആയതിനാൽ മാനുഷിക പരിഗണന നൽകി എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

സംസ്ഥാന തലത്തിൽ പതിനായിരത്തോളം പേരാണ് പ്രാഥമിക റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. കായികക്ഷമത പരിശോധന കഴിഞ്ഞ് പുറത്തിറക്കിയ ലിസ്റ്റിൽ രണ്ടായിരത്തോളം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. വ്യാഴാഴ്ച മന്ത്രി ടി പി രാമകൃഷ്ണന് ഇത് സംബന്ധിച്ച് നിവേദനം നൽകുമെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

 Eng­lish Sum­ma­ry; civ­il police offi­cer rank list

YOU MAY ALSO LIKE THIS VIDEO