പ്രളയബാധിതര്‍ക്ക് ആശ്വാസമായി സിവില്‍ സപ്ലൈസ് വകുപ്പ്

Web Desk
Posted on August 19, 2018, 9:32 pm

ഡാലിയ ജേക്കബ്
ആലപ്പുഴ: കാലവര്‍ഷത്തിലും പ്രളയ ദുരിതത്തിലും നട്ടം തിരിയുന്നവര്‍ക്ക് താങ്ങായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഇടപെടല്‍. പുതിയ രീതിയിലെ റേഷന്‍ സമ്പ്രദായം (ഓണ്‍ലൈന്‍ )അനുസരിച്ച് കേരളത്തിലെ ഏത് കടകളില്‍ നിന്നും കാര്‍ഡ് ഉടമയ്ക്ക് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാം എന്നുള്ളത് പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് വലിയൊരു ആശ്വാസമാകുന്നു.
കാലവര്‍ഷക്കെടുതികളില്‍ സംസ്ഥാനത്തെ ജനജീവിതം താറുമാറായ നിലയിലാണ്. പ്രളയക്കെടുതികള്‍ രൂക്ഷമായി നേരിട്ട ഭാഗങ്ങളില്‍ ദിവസങ്ങളായി ഹര്‍ത്താല്‍ പ്രതീതിയാണ്. പ്രാണരക്ഷാര്‍ത്ഥം കൈയ്യില്‍ കിട്ടിയവയും രേഖകളുമായി വീട് ഉപേക്ഷിച്ച് ഇറങ്ങേണ്ടി വന്നവര്‍ ബന്ധുവീടുകള്‍ക്കും ക്യാമ്പുകള്‍ക്ക് സമീപവുമുള്ള റേഷന്‍ കടകളില്‍ നിന്ന് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നുണ്ട്.
പ്രളയബാധിതര്‍ക്കായി ഇന്നലെ അവധി ദിനം മാറ്റി വെച്ച് സംസ്ഥാനത്തെ റേഷന്‍കടകളെല്ലാം തുറന്ന് പ്രവര്‍ത്തിച്ചു. ക്യാമ്പുകളില്‍ എത്തിക്കുവാന്‍ ദുരിതക്കയത്തില്‍ അകപ്പെടാത്തവരും റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിച്ചതായാണ് വിവരം. ഓണം വില്‍പ്പനയ്ക്കായി റേഷന്‍ കടകളില്‍ എത്തിയിട്ടുള്ള പഞ്ചസാര അതാത് കടകളിലെ കാര്‍ഡ് ഉടമകള്‍ക്ക് തന്നെ നല്‍കണമെന്നാണ് വ്യവസ്ഥയുള്ളത്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് റേഷന്‍ വ്യാപാരികള്‍ വേറേ കടകളിലെ കാര്‍ഡ് ഉടമകളായ ദുരിതബാധിതര്‍ക്ക് പഞ്ചസാര ഉള്‍പ്പടെ വിതരണം ചെയ്യുന്നുണ്ട്. ഇതിലുണ്ടാകുന്ന കുറവ് പരിഹരിക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
ആലപ്പുഴ ജില്ലയിലെ ഭൂരിഭാഗം കടകളും മൂന്നു ദിവസത്തിലേറെയായി തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കടകളില്‍ നിന്ന് പലചരക്ക്, പച്ചക്കറി സാധനങ്ങള്‍ വാങ്ങിക്കുന്നതിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രൂക്ഷമായ ഭക്ഷ്യക്ഷാമം വരുമെന്നത് മുന്‍കൂട്ടി കണ്ട് പ്രളയം കാര്യമായി ബാധിച്ചിട്ടില്ലാത്ത പ്രദേശവാസികള്‍ ഭക്ഷ്യ സാധനങ്ങള്‍ കൂടുതലായി വാങ്ങിക്കാനുള്ള തത്രപ്പാടിലാണ്.