റേഷന്‍ മുന്‍ഗണനാപട്ടികയില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോകണം; അല്ലാത്തവര്‍ക്കെതിരെ നടപടി

Web Desk
Posted on February 05, 2018, 10:08 am

തിരുവനന്തപുരം: തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. അനര്‍ഹമായി പട്ടികയില്‍ കടന്നുകൂടിയവര്‍ക്ക് സ്വയം ഒഴിഞ്ഞുപോകാമെന്നും ഇല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഭക്ഷ്യപൊതുവിതരണവകുപ്പ് അറിയിച്ചു.
അല്ലാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ക്രിമിനല്‍ ശിക്ഷാനിയമപ്രകാരവും 1955ലെ അവശ്യസാധന നിയമപ്രകാരവും കേസെടുക്കുമെന്നും ഭക്ഷ്യപൊതുവിതരണവകുപ്പ് കൂട്ടിച്ചേര്‍ത്തു.
റേഷന്‍കാര്‍ഡിനായുള്ള സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുവഴി പത്തരലക്ഷത്തോളം അനര്‍ഹര്‍ മുന്‍ഗണനപ്പട്ടികയില്‍ കയറിക്കൂടിയെന്നാണ് കണക്കുകള്‍. ഇവരുടെ വിവരങ്ങള്‍ അതത് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്.
അനര്‍ഹരായിട്ടുള്ള മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ക്ക് കലക്ടര്‍മാര്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കും. എന്നിട്ടും പട്ടികയില്‍ തുടരുന്നവര്‍ക്കെതിരെയാകും നിയമനടപടികള്‍. ഇതുസംബന്ധിച്ച നിര്‍ദേശം കലക്ടര്‍മാക്ക് ഭക്ഷ്യവകുപ്പ് കൈമാറിയിട്ടുണ്ട്. പട്ടികയില്‍നിന്ന് ഒഴിഞ്ഞുപോകുന്നതിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സ്വമേധയാ കാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ ആരും തയാറായിട്ടില്ല. ഇതാണ് കര്‍ശന നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ഇതുവരെ മൂന്നരലക്ഷത്തോളം കാര്‍ഡുടമകളെയാണ് ഭക്ഷ്യവകുപ്പിന്റെ പരിശോധനയില്‍ അനര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്.
ഔദ്യോഗികകണക്കുകള്‍ പ്രകാരം പരമാവധി 154.80 ലക്ഷം ഗുണഭോക്താക്കള്‍ മാത്രമാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകുക.
അനര്‍ഹര്‍ പലരും പട്ടികയില്‍ കയറിപ്പറ്റിയതോടെ പഴയ ബി.പി.എല്‍ കാര്‍ഡുകാരില്‍ നല്ലൊരു ശതമാനവും ആനുകൂല്യങ്ങള്‍ക്ക് പുറത്താവുകയും ചെയ്തു. സ്വന്തമായി നാലുചക്ര വാഹനമുള്ള 41,312 പേരുടെ റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണപ്പട്ടികയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ അനര്‍ഹരെ കണ്ടെത്തിയിട്ടുള്ളത് മലപ്പുറം ജില്ലയില്‍നിന്നാണ് ‑5700. 1000 ചതുരശ്ര അടിക്കുമേല്‍ വീടുള്ള 1,70,470 പേരെയും പട്ടികയില്‍നിന്ന് പിടികൂടിയിട്ടുണ്ട്. ഇവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും.
ഇതുവരെ 91,169 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ മുന്‍ഗണന കാര്‍ഡ് വകുപ്പ് മേധാവികള്‍ക്ക് മുന്നില്‍ ഹാജരാക്കി ശിക്ഷാനടപടികളില്‍നിന്ന് ഒഴിവായിട്ടുണ്ട്. ഇനി 2013നുശേഷം മരണമടഞ്ഞവരെ മുന്‍ഗണനപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി 7,42,278 ലക്ഷം പരാതികളാണ് ഭക്ഷ്യവകുപ്പിന് ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അപേക്ഷ ആലപ്പുഴയില്‍നിന്നാണ് ‑1,10,839.

Pho­to Cour­tesy: Malay­ala­manora­ma