20 April 2024, Saturday

സിസ തോമസിന്റെ ഹർജി തള്ളി; സർക്കാരിന് തുടർനടപടി സ്വീകരിക്കാം

Janayugom Webdesk
തിരുവനന്തപുരം
March 30, 2023 9:36 pm

ചട്ടം ലംഘിച്ചതിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ഡോ. സിസ തോമസ് നൽകിയ ഹർജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാകില്ലെന്നും നോട്ടീസിൽ സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്നും ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി. സിസയുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന് തുടർനടപടി സ്വീകരിക്കാമെന്നും അതിനു മുമ്പ് സിസിയുടെ ഭാഗം കേൾക്കണമെന്നും ഉത്തരവിൽ പറയുന്നു.

സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല ഇടക്കാല വൈസ് ചാൻസലറുടെ സ്ഥാനമേറ്റെടുത്തതിൽ സർക്കാരിന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയിൽ ചട്ടലംഘനം നടത്തിയതിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ സിസ നൽകിയ ഹർജിയിൽ ഒരാഴ്ചക്കകം മറുപടി നൽകണമെന്ന് 16ന് ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. ഹർജിയിൽ സർക്കാർ മറുപടി പത്രിക ഫയൽ ചെയ്യണമെന്നും കേസ് വീണ്ടും പരിഗണിക്കും വരെ നടപടി സ്വീകരിക്കരുതെന്നും അന്ന് നിർദേശിച്ചിരുന്നു. തുടർന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് സിസയുടെ ഹർജി തള്ളിയത്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെ നവംബറിലാണ് സിസ തോമസിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക സർവകലാശാല ഇടക്കാല വിസിയായി നിയമിച്ചത്. സർക്കാർ അനുമതിയില്ലാതെ ജീവനക്കാർ മറ്റൊരു തൊഴിലോ വ്യവസായമോ ഏറ്റെടുക്കരുതെന്ന സർക്കാർ ജീവനക്കാർക്കുള്ള ചട്ടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിസ ചട്ടലംഘനം നടത്തി സർക്കാരിനെ അറിയിക്കാതെ സ്ഥാനമേറ്റെടുത്തത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. നിലവിൽ ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളജിലെ പ്രിൻസിപ്പലായ സിസ തോമസ് ഇന്ന് വിരമിക്കും.

Eng­lish Sum­ma­ry: ciza thomas plea dismissed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.