Web Desk

June 12, 2020, 5:14 pm

സോഷ്യൽ മീഡിയയിൽ നടി മാലാ പാർവ്വതിയെ പഴി ചാരും മുൻപ്‌ അറിയണം ഇക്കാര്യങ്ങൾ, വൈറലായി ഒരു കുറിപ്പ്‌

Janayugom Online

നടി മാലാ പാർവ്വതിയുടെ മകനെതിരെ ഉയർന്ന ആരോപണങ്ങളോട്‌ സമ്മിശ്രമായിട്ടാണ്‌ സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്‌. പ്രായപൂർത്തിയായ മകന്റെ പ്രവർത്തികൾക്ക്‌ അമ്മയെ കുറ്റം പറയുന്ന പ്രവണതയെ എതിർക്കുന്നവരും ഏറെയാണ്‌. എന്നാൽ മുതിർന്ന മക്കൾ ചെയ്യുന്ന തെറ്റുകളുടെ പേരിൽ മാതാപിതാക്കളെ കുറ്റം പറയേണ്ടതില്ലെന്നാണ്‌ പ്രമുഖ സൈക്യാട്രിസ്റ്റായ സി ജെ ജോൺ പറയുന്നത്‌. ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണ്‌ അദ്ദേഹം തന്റെ നിലപാട്‌ പറഞ്ഞിരിക്കുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

‘പ്രായപൂർത്തിയായ മക്കൾ ചെയ്യുന്ന കുരുത്തക്കേടുകളുടെ പേരിൽ മാതാപിതാക്കളെ പഴി പറയുന്ന ഒരു പ്രവണത പൊതു സമൂഹത്തിനുണ്ട്. ധനപരമായ ആശ്രയത്വം വേണമെന്നു ബഹളം കൂട്ടുകയും ബാക്കി ഒരു കാര്യത്തിലും ഇടപെടാൻ പാടില്ലെന്നുമുള്ള വിചാരമുള്ള മക്കളെ വാർത്തെടുക്കുന്ന ഒരു സമൂഹത്തിനു ഇങ്ങനെയേ പ്രതികരിക്കാൻ സാധിക്കൂ.

രണ്ടും തെറ്റാണ്. പ്രായപൂർത്തിയാകും വരെ സ്വഭാവ രൂപീകരണത്തിനുള്ള അടിത്തറയൊക്കെ ഇട്ടു കൊടുക്കുകയും പഠനാവസരമൊക്കെ നൽകുകയും ചെയ്തിട്ട് ഒരു പ്രായമാകുമ്പോൾ തള്ള പക്ഷി, പക്ഷിക്കുഞ്ഞുങ്ങളെ കൊത്തി പറപ്പിച്ചു വിടുന്നതുപോലെ സ്വന്തം ജീവിതം സ്വയം ജീവിക്കാൻ വിടണം. മുതിർന്നു കഴിഞ്ഞാൽ പിന്നെ അവരുടെ കുരുത്തക്കേടുകൾ ചൂണ്ടി കാട്ടി മാതാ പിതാക്കളെ കുറ്റം പറഞ്ഞു രസിക്കാനായി സമൂഹം ഇറങ്ങേണ്ടതുമില്ല. സമൂഹത്തിൽ അറിയപ്പെടുന്ന ആളുകളുടെ സന്തതികളാണെങ്കിൽ സമൂഹത്തിനു കുറ്റം പറയാൻ ആവേശം കൂടും.

അവനായി അവന്റെ പാടായിയെന്ന നിലപാടാണ് മാതാ പിതാക്കളും സ്വീകരിക്കേണ്ടത്. നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവതി മകനെ കുറിച്ച് ലൈം-ഗിക കുറ്റ കൃത്യ ആരോപണം വന്നപ്പോൾ ആ നിലപാട് എടുത്തതായാണ് മനസ്സിലാകുന്നത്. മുതിർന്നതിനു ശേഷം ഉണ്ടാകുന്ന എല്ലാ ചീത്ത പ്രവൃത്തിയേയും വളർത്തു ദോഷമായും മാതാ പിതാക്കളുടെ വീഴ്ചയായും വ്യാഖ്യാനിക്കുവാൻ പറ്റില്ല. അങ്ങനെയൊരു പൊക്കിൾ കൊടി ബന്ധം ആ പ്രായത്തിലും ആരോപിച്ചാൽ എങ്ങനെ മക്കളിൽ അവരുടെ പ്രവൃത്തികളിൽ സ്വയം ഉത്തരവാദിത്തം ഉണ്ടാകും ?

മൂക്കിൽ പല്ലു മുളയ്ക്കുന്ന പ്രായമെത്തിയിട്ടും അവരുടെ കുഴപ്പങ്ങൾക്ക് കാരണം അമ്മയും അച്ഛനുമാണെന്ന് ന്യായീകരണം പറയുന്ന തലമുറയെയാണോ ഉണ്ടാക്കേണ്ടത് ? മക്കളുടെ വീഴ്ചകൾക്കായി മാതാ പിതാക്കളെ ചെളി വാരി എറിയുന്നവർ ഉത്തരം പറയട്ടെ.’