ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം ക്ലീന്‍ ചിറ്റിനെതിരെ പ്രതിഷേധം

Web Desk
Posted on May 07, 2019, 1:12 pm
സുപ്രീം കോടതിക്ക് മുന്നില്‍ എന്‍എഫ്‌ഐഡബ്ല്യു ഉള്‍പ്പെടെയുള്ള വനിതാസംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് സിപിഐ നേതാവും എന്‍എഫ്‌ഐഡബ്ല്യു ജനറല്‍ സെക്രട്ടറിയുമായ ആനിരാജയെ അറസ്റ്റ് ചെയ്ത് പൊലീസ് വാനില്‍ കയറ്റുന്നു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതി തള്ളിയതിനെതിരെ സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം. വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

എന്‍എഫ്‌ഐഡബ്ല്യു ഉള്‍പ്പെടെയുള്ള വനിതാസംഘടനാ പ്രവര്‍ത്തകരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന കൂട്ടായ്മയാണ് ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ രംഗത്തെത്തിയത്. പരാതി നല്‍കിയ യുവതി ആഭ്യന്തര അന്വേഷണത്തില്‍ നിന്നും പിന്മാറിയിട്ടും ഏകപക്ഷീയമായി അന്വേഷണം പൂര്‍ത്തിയാക്കി ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയായിരുന്നു പ്രതിഷേധം.

ജഡ്ജിമാര്‍ക്കെതിരെ ആരോപണമുണ്ടായാല്‍ അന്വേഷിക്കേണ്ട സമിതിയല്ല ചീഫ് ജസ്റ്റിസിനെതിരെ നല്‍കിയ ലൈംഗിക അതിക്രമ പരാതി പരിശോധിച്ചതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അമ്പതോളം വരുന്ന പ്രതിഷേധക്കാരെ പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. എന്‍എഫ്‌ഐഡബ്ല്യു ജനറല്‍ സെക്രട്ടറി ആനി രാജ, സെക്രട്ടറിമാരായ അരുണ സിന്‍ഹ, ഡോ. കോണിനിഗ റേ, ഡല്‍ഹി സംസ്ഥാന സെക്രട്ടറി ഫിലോമിന ജോണ്‍, മൈമൂന (എഐഡിഡബ്ല്യുഎ), അഞ്ജലി ഭരദ്വാജ് (എസ്എന്‍എസ്), ഡോ. റുഷ്ദി സിദ്ദീഖി തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ മൂന്നരമണിക്കൂറിന് ശേഷം വിട്ടയച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതീവ സുരക്ഷാമേഖലയായ സുപ്രീംകോടതിയുടെ പരിസരത്ത് എല്ലാസമയവും നിരോധനാജ്ഞ നിലവിലുള്ളതാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.
ഏപ്രില്‍ 19ന് ആയിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇതുസംബന്ധിച്ച് 24 സുപ്രീംകോടതി ന്യായാധിപന്മാര്‍ക്ക് സത്യവാങ്മൂലം സഹിതം പരാതി സമര്‍പ്പിക്കുകയായിരുന്നു. വിഷയത്തില്‍ പ്രത്യേക വിചാരണ വിളിച്ചുചേര്‍ത്ത ചീഫ് ജസ്റ്റിസ് അവിശ്വസനീയമായ പരാതിയാണ് തനിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നതെന്നും സ്വതന്ത്രമായ ജുഡീഷ്യറിക്ക് എതിരെ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരീക്ഷിച്ചിരുന്നു.
തുടര്‍ന്ന് ചീഫ് ജസ്റ്റിസ് നിയോഗിച്ച പ്രകാരം സുപ്രീംകോടതിയിലെ മൂന്ന് ജസ്റ്റിസുമാര്‍ ഉള്‍പ്പെട്ട ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയില്‍ ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരായിരുന്നു അംഗങ്ങള്‍. അതിനിടെ മൂന്നുതവണ സിറ്റിങിന് ഹാജരായ പരാതിക്കാരി തുടര്‍ന്ന് അന്വേഷണസമിതിയോട് സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു. പതിനാലുദിവസംകൊണ്ടാണ് സമിതി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു.

പരാതി തള്ളിയ നടപടിയില്‍ കടുത്ത നിരാശയും ദുഃഖവുമുണ്ടെന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം. താന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചുവെന്നും ജുഡീഷ്യറിയില്‍ നിന്നും നീതിയും പരിഹാരവും ലഭിക്കുമെന്ന പ്രതീക്ഷ തകര്‍ന്നെന്നും പരാതിക്കാരി അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സമിതിയെ സമീപിച്ചിട്ടുണ്ട്. 2003 ലെ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.