അവധിക്കാല ശില്പശാലയില്‍ അധ്യാപകനായി സി കെ ഹരീന്ദ്രന്‍ എംഎല്‍എ

Web Desk
Posted on May 22, 2019, 2:19 pm
സി കെ ഹരീന്ദ്രന്‍ എം എല്‍ എ ഇംഗ്ലീഷ് അധ്യാപക ശില്പശാലയില്‍ പങ്കെടുത്തപ്പോള്‍

ബാലരാമപുരം: നോം ചോംസ്‌കിയുടെ ഭാഷാസിദ്ധാന്തത്തെക്കുറിച്ചും വില്യം ഷേക്‌സ് പിയറുടെ കൃതികളിലെ ഭാഷാ പ്രയോഗത്തെക്കുറിച്ചും അധ്യാപകരോട് വര്‍ത്തമാനം പറഞ്ഞപ്പോള്‍ സി കെ. ഹരീന്ദ്രന്‍ എം എല്‍ എ ജനപ്രതിനിധിയ്ക്കപ്പുറം മികച്ച ഒരു അധ്യാപകനായി മാറുകയായിരുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകര്‍ക്കുള്ള ശില്പശാലകളിലെ
ഉള്ളടക്കത്തെ ക്കുറിച്ചറിയാനാണ് പാറശാല ഗവ.വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എം എല്‍ എ എത്തിയത്.

മനുഷ്യനെ മനുഷ്യനാക്കുന്നത് ഭാഷയാണ്. മാനവികത വളരണമെങ്കില്‍ ഭാഷയെക്കുറിച്ചറിയണം. മികച്ച കൃതികള്‍ തെരഞ്ഞെടുത്ത് വായിക്കണം. ഭരണാധികാരികള്‍ നല്ല തത്വചിന്തകരായി മാറണമെന്ന് പറയുന്ന പോലെ കുട്ടികളുടെ മനസിലിടം പിടിക്കുന്ന നല്ല അധ്യാപകരായി മാറാന്‍ നമുക്ക്കഴിയണം. ഇംഗ്ലീഷ് ഭാഷാധ്യാപകര്‍ ഉച്ചാരണത്തിലും ഭാഷാപ്രയോഗത്തിലും ജാഗ്രത പാലിക്കണം. ഭാഷാവിജ്ഞാനം ശരിയായി ആര്‍ജിച്ച് ക്ലാസ് മുറികളില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം ഉറപ്പാക്കാനാവുമെന്നും സി കെ ഹരീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘സൂര്യകാന്തി’ സമഗ്ര വിദ്യാഭ്യാസ പരിപാടി വിജയിപ്പിക്കാന്‍ അധ്യാപക സമൂഹം നല്‍കിയ സഹകരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

ഒരു മണിക്കൂറോളം ശില്പശാലയില്‍ പങ്കെടുത്ത അദ്ദേഹം അധ്യാപകരുടെ ശില്പശാലാനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു. ബ്ലോക്ക് പ്രോഗ്രാം ആഫീസര്‍ എസ് കൃഷ്ണകുമാര്‍, പരിശീലകന്‍ എ എസ് മന്‍സൂര്‍ എന്നിവരും എംഎല്‍എ യോടൊപ്പം ഉണ്ടായിരുന്നു. ഇംഗ്ലീഷ് അധ്യാപക ശില്പശാലക്ക് എ റീനാസ്റ്റാന്‍ലി, ലിഷാ എസ് തപസ്, സി എസ് ശ്രീകുമാര്‍, ജീവാ അമൃതജിനി എന്നിവര്‍ നേതൃത്വം നല്‍കി.

You May Also Like This: