യുഡിഎഫിന്റെ കസേരകളി തുടരുന്നു; അഞ്ച് വര്‍ഷം ഭരിക്കാന്‍ 5 പ്രസിഡന്റുമാര്‍

Web Desk
Posted on July 25, 2019, 6:45 pm

കോട്ടയം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോട്ടയം ജില്ലാ പഞ്ചായത്തില്‍ കസേരകളി നടക്കുന്നത് നാലാം തവണ. കസേരകളി പൂര്‍ത്തിയാവും മുമ്പേ ഒരു തവണ കൂടി അധികാര കൈമാറ്റം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.
അഞ്ച് വര്‍ഷം ഭരിക്കാന്‍ 5 പ്രസിഡന്റുമാര്‍. ആദ്യം ജോഷി ഫിലിപ്പ്, തുടര്‍ന്ന് സിപിഎം പിന്തുണയോടെ സക്കറിയാസ് കുതിരവേലി, പിന്നീട് സണ്ണി പാമ്പാടി, ഇപ്പോള്‍ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, 8 മാസം കഴിഞ്ഞാല്‍ ജോസഫ് വിഭാഗത്തിലെ അജിത് മുതിരമല. 22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് 8 അംഗങ്ങളും കേരളാ കോണ്‍ഗ്രസ് എമ്മിന് 6 അംഗങ്ങളുമാണുള്ളത്.

പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രണ്ടര വര്‍ഷം വീതം കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും പങ്കിടാനായിരുന്നു ധാരണ. ഇതിന്‍ പ്രകാരം ആദ്യ ടേമില്‍ കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് എമ്മിലെ മേരി ബൊസ്റ്റ്യന്‍ വൈസ് പ്രസിഡന്റുമായി. പിന്നീട് കേരളാ കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു. ഒന്നര വര്‍ഷത്തിന് ശേഷം ജോഷി ഫിലിപ്പ് സ്ഥാനമൊഴിഞ്ഞ് കോണ്‍ഗ്രസിലെ തന്നെ അഡ്വ. സണ്ണി പാമ്പാടിയെ പ്രസിഡന്റായി തെരഞ്ഞെടുക്കാനിരിക്കെ സിപിഎം പിന്തുണയോടെ സക്കറിയാസ് കുതിരവേലി പ്രസിഡന്റ് സ്ഥാനത്തെത്തി.

വൈസ് പ്രസിഡന്റായി മേരി സെബാസ്റ്റ്യന്‍ തുടര്‍ന്നു. വീണ്ടും ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ കേരളാ കോണ്‍ഗ്രസ് എം യുഡിഎഫില്‍ മടങ്ങിയെത്തി. തുടര്‍ന്ന് സക്കറിയാസ് കുതിരവേലി സണ്ണി പാമ്പാടിക്ക് വേണ്ടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ഇതോടൊപ്പം കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ സ്ഥാനമൊഴിഞ്ഞ് കോണ്‍ഗ്രസ് പ്രതിനിധി ജെസ്സിമോള്‍ മനോജ് സ്ഥാനമേറ്റു.
സണ്ണി പാമ്പാടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രസിഡന്റ് സ്ഥാനം പിന്നീടുള്ള ഒന്നര വര്‍ഷം കേരളാ കോണ്‍ഗ്രസിനുള്ളതാണ്. എന്നാല്‍ കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള ജോസ് കെ മാണി പി ജെ ജോസഫ് വിഭാഗങ്ങളെ തുടര്‍ന്ന് ഇരു വിഭാഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.

ഇരു വിഭാഗത്തെയും തള്ളാനാകാതെ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. മുമ്പ് മാണി വിഭാഗക്കാരനായിരുന്ന അജിത് മുതിരമല ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയാകുകയും കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നതായി അറിയിക്കുകയും ചെയ്തതോടെ കേരളകോണ്‍ഗ്രസ് ഇരു വിഭാഗവും ബുധനാഴ്ച വോട്ടെടുപ്പിന് എത്തിയില്ല. തുടര്‍ന്ന് യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ അവശേഷിക്കുന്ന 14 മാസം ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് വീതിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 8 മാസം ജോസ് വിഭാഗത്തിനും 6 മാസം ജോസഫ് വിഭാഗത്തിനും. ഇതിന്‍ പ്രകാരം ആദ്യ 8 മാസത്തേക്ക് ജോസ് വിഭാഗത്തിലെ അഡ്വ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കുളത്തുങ്കല്‍ സ്ഥാനമൊഴിഞ്ഞ് അജിത് മുതിരമല ആ കസേരയിലേക്ക് എത്തുമെന്നാണ് ധാരണ. ഇങ്ങനെ വരുമ്പോള്‍ 5 വര്‍ഷം കൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കസേരയില്‍ 5 പേരാണ് മാറിമാറി ഇരിക്കുന്നത്.