March 30, 2023 Thursday

Related news

March 17, 2023
March 8, 2023
February 3, 2023
December 20, 2022
November 11, 2022
August 8, 2022
July 19, 2022
July 11, 2022
March 16, 2022
February 28, 2022

മുടിയിലും തൊലിയിലും പുരട്ടുന്ന ക്രീമുകള്‍ കൊണ്ട് അവ പുഷ്ടിപ്പെടുമെന്ന അവകാശവാദം ശരിയാണെന്ന് തോന്നുന്നില്ല: ഡോക്ടര്‍ പറയുന്നു

Janayugom Webdesk
March 17, 2023 3:35 pm

എന്താണ് നല്ല ചര്‍മ്മം?
സാധാരണ ഗതിയില്‍ രോഗങ്ങള്‍ എളുപ്പം ബാധിക്കാത്ത ത്വക്കാണ് ആരോഗ്യമുള്ള ചര്‍മ്മം എന്ന് നമ്മള്‍ വിവക്ഷിക്കുന്നത്. ബാഹ്യഘടകങ്ങളുടെ — ഉദാ: സൂര്യപ്രകാശം — വിപരീത ഫലങ്ങളും ആന്തരിക രോഗങ്ങളുടെ പാര്‍ശ്വഫലങ്ങളും ബാധിക്കാത്ത ചര്‍മ്മം നമ്മുടെ ഒരു സ്വപ്നമാണ്. ചര്‍മ്മ സംരക്ഷണം എങ്ങനെ വേണം എന്നതിനെക്കുറിച്ച് സംയിപ്തമായി കുറിക്കാന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തില്‍.

സൗന്ദര്യ സംരക്ഷണം ഒരു വ്യവസായാടിസ്ഥാനത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ അവസരത്തില്‍ അതിന്റെ ഗുണദോഷങ്ങള്‍ എല്ലാവരും അറിയേണ്ടതാണ്.
സാധാരണ ചര്‍മ്മമെന്ന് (Nor­mal Skin) എന്ന് പറയുമ്പോഴും അത് ഒരുപോലെയാവണമെന്നില്ല. തൊലിയുടെ നിറവും സ്നിദ്ധതയും എല്ലാം വ്യത്യസ്തമാണ്. എണ്ണമയമുള്ള ത്വക്ക് (Oily Skin), വരണ്ട ത്വക്ക് (Dry Skin) എന്നിങ്ങനെ രണ്ടു തരം ചര്‍മ്മങ്ങളുണ്ട്. രൂക്ഷമായ രാസവസ്തുക്കളില്‍ നിന്നും, അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നുമുള്ള സംരക്ഷണം മാത്രമാണ് മിക്കവാറും ലേപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നത്. അതില്‍ കൂടുതലുള്ള പരസ്യങ്ങള്‍ വെറും വീണ്‍വാക്കുകളാണ്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ അലര്‍ജി ഉണ്ടാക്കാനിടയുണ്ട്. എന്തൊക്കെയാണ് സൗന്ദര്യ സംരക്ഷണത്തിനുള്ള ലേപനങ്ങളും ഔഷധങ്ങളും നല്‍കുന്ന ഗുണഫലങ്ങളും പാര്‍ശ്വഫലങ്ങളും എന്ന് പരിശോധിക്കാം.

1. സംരക്ഷണം

സണ്‍സ്‌ക്രീനുകളും സണ്‍ബ്ലോക്കിംഗ് മരുന്നുകളും ഉപയോഗിച്ചാല്‍ അള്‍ട്രാ വയലറ്റ് രശ്മി കൊണ്ട് ത്വക്കിലുണ്ടാകുന്ന വിപരീത ഫലങ്ങള്‍ — അകാല വാര്‍ദ്ധക്യം തുടങ്ങിയവ ഒഴിവാക്കാം. വെളുത്ത നിറമുള്ളവര്‍ക്ക് സൂര്യപ്രകാശം കൊണ്ടുള്ള ദോഷങ്ങള്‍ പ്രകടമായി കാണുന്നത്. ഇരുണ്ട നിറമുള്ളവരില്‍ മെലാനിന്‍ എന്ന രാസവസ്തു കൂടുതലായുള്ളതിനാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ വലുതായി ബാധിക്കാറില്ല.
സൗന്ദര്യ വര്‍ദ്ധക മരുന്നുകള്‍ തൊലിക്ക് യുവത്വം നല്‍കുമെന്ന് പറഞ്ഞ് പരസ്യപ്പെടുത്താറുണ്ട്. അതിനു കാരണമുണ്ട്. ചില രാസവസ്തുക്കള്‍ തൊലിയിലേക്ക് രക്തസംക്രമണം കൂട്ടുകയും ചര്‍മ്മം തുടുത്തതായും പുതുമയാര്‍ന്നതായി തോന്നിപ്പിക്കുകയും ചെയ്യും. പക്ഷേ മുഖത്തെ ചുളിവുകളും തൊലിയുടെ തൂങ്ങലുകളും തടയാന്‍ ഈ മരുന്നുകള്‍ക്ക് സാധിക്കുകയില്ല. ട്രറ്റിനോയിന്‍, അഡാപലിന്‍, റ്റാസറോട്ടിന്‍ ക്രീമുകള്‍ ചര്‍മ്മ ക്ഷതങ്ങളെ ചെറുക്കുകയും കൊളാജന്‍ ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യും. അങ്ങനെ ചുളിവുകള്‍ കുറയുന്നു. ഗ്ലൈക്കോളിക് ആസിഡ്, ലാക്റ്റിക് ആസിഡ് അടങ്ങിയ ലേപനങ്ങളും ഇതിന് സഹായകമാണ്.

ആസിഡുകള്‍, ആല്‍ക്കലികള്‍, തണുപ്പ്, ചൂട്, കാറ്റ്, വരള്‍ച്ച ഇവയില്‍ നിന്നൊക്കെ ചര്‍മ്മത്തെ രക്ഷിക്കാനുള്ള ക്രീമുകള്‍ കുറെയൊക്കെ ഫലപ്രദമാണ്. കലാമിന്‍ അടങ്ങിയ ലേപനങ്ങളും ലോഷനുകളും ഇതിനുവേണ്ടി ഉപയോഗിക്കുന്നു.

പോഷണം (Nutri­tion)

ചര്‍മ്മ കോശങ്ങള്‍ക്ക് പോഷകങ്ങള്‍ കിട്ടുന്നത്, തൊലിക്ക് താഴെയുള്ള രക്ത ധമനികളില്‍ നിന്നാണ്. അതുകൊണ്ട്, നഖത്തിലും മുടിയിലും തൊലിയിലും പുരട്ടുന്ന ലേപനങ്ങള്‍ കൊണ്ട് അവ പുഷ്ടിപ്പെടുമെന്ന അവകാശവാദം ശരിയാണെന്ന് തോന്നുന്നില്ല. പെല്ലാഗ്ര (Pel­la­gra) പോലെയുള്ള വിറ്റാമിന്‍ കുറവുണ്ടാകുന്ന ചര്‍മ്മ രോഗങ്ങള്‍ക്ക് അവ ഫലപ്രദമായേക്കാം. ആഹാരത്തില്‍ ആ വിറ്റാമിനുകള്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് അസുഖത്തിന് ശമനമുണ്ടാകും.

തൊലിയുടെ ഏറ്റവും പുറത്തുള്ള പാളിയും നഖവും മുടിയുമെല്ലാം മൃതകോശങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട്, അമിനോ ആസിഡ്, കൊളാജന്‍, ഇലാസ്റ്റിന്‍, ന്യൂക്ലിക് ആസിഡ് തുടങ്ങിയവ പുരട്ടി ചര്‍മ്മ ഭംഗി കൂട്ടുമെന്നുള്ള പരസ്യ കോലാഹലങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്താനാവില്ല. ചിലപ്പോള്‍ ത്വക്കിന്റെ ബാഹ്യഭംഗിയില്‍ വ്യത്യാസം വന്നേക്കാം അത് താല്‍ക്കാലികം മാത്രമാണ്.

ഫേഷ്യലുകള്‍ (Facials)

സോപ്പിന് പകരം, ക്ലെന്‍സിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്നതു കൊണ്ട് പ്രത്യേക ഗുണമുള്ളതായി തോന്നുന്നില്ല. അധികം ക്ഷാരമില്ലാത്ത സോപ്പുപയോഗിക്കുന്നത് ഒട്ടും ഹാനികരമല്ല. ചിലര്‍ക്ക് ഈ ക്ലെന്‍സിംഗ് ലോഷന്‍ ഉപയോഗിക്കുന്നത് മുഖക്കുരു കൂടുതലാകാന്‍ ഇടയാകുന്നുണ്ട്. പക്ഷേ അധികം തവണ മുഖം സോപ്പിട്ടു കഴുകുന്നത്, മുഖത്ത് വരള്‍ച്ച കൂടുതലാകാന്‍ സാധദ്ധ്യതയുണ്ട്. മൂന്നോ നാലോ തവണയേ മുഖം കഴുകേണ്ട കാര്യമുള്ളൂ — സാധാരണ ചര്‍മ്മത്തിന്; എന്നാല്‍ എണ്ണമയമുള്ള ത്വക്കിന്, അതില്‍ കൂടുതല്‍ തവണ കഴുകേണ്ടിവരും; മൃദു സോപ്പ് ഉപയോഗിച്ച് കൈകളും മുഖവും കഴുകുന്നത് കൊണ്ട് വലിയ ദോഷങ്ങള്‍ ഉണ്ടാക്കാനിടയില്ല. തൊലിയുടെ pH 6.8 ആണ്, അതുകൊണ്ട് ഇതിനോട് അടുത്ത pH ഉള്ള സോപ്പ് ഉപയോഗിക്കുന്നത് നന്നായിരിക്കും. എന്നാല്‍ ‘pH bal­anced’ എന്ന വാദവുമായി വരുന്ന സൗന്ദര്യവര്‍ദ്ധക സാധനങ്ങള്‍ക്ക് സാധാരണ സോപ്പിനേക്കാള്‍ മേന്മയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമില്ല. അധിക ക്ഷാരഗുണവും ആസിഡ് ഗുണവുമുള്ള സോപ്പുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഫേഷ്യല്‍സ്, സൗണാ ബാത്ത് (Sauna bath) മഡ് പാക് (Mud pack) ഇവയൊക്കെ തൊലിയുടെ ഭംഗി കൂട്ടുന്നതായി തോന്നുമെങ്കിലും അത് താല്‍ക്കാലികം മാത്രമാണ്. അത് ഫേഷ്യല്‍ ചെയ്യുന്ന ആളിനെ സ്വയം ചെയ്യുന്ന ആളിന് സ്വയം സംതൃപ്തി തോന്നുന്നതും ഫേഷ്യല്‍ കൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നാന്‍ കാരണമാണ്.

ആസ്ട്രിന്‍ജെന്റ്‌സ് (Astringents)ന്റെ ഉപയോഗം കൊണ്ട് മുഖത്തിന് ഒരു പുതുമയും ഉന്മേഷവും തോന്നും. കാരണം ഇതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. ആള്‍ക്കഹോള്‍ ബാഷ്പീകരിച്ചു പോകുമ്പോള്‍ ചര്‍മ്മത്തിന് കുളിര്‍മ്മ അനുഭവപ്പെടും. അലുമിനിയം സാള്‍ട്ട് അടങ്ങിയ ആസ്ട്രിന്‍ജെന്റ്‌സ് ഉപയോഗിക്കുമ്പോള്‍ മുഖത്ത് അരുണിമയും തുടുപ്പും ഏറുന്നതുകൊണ്ട്, അത് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകുന്നു. പക്ഷേ ത്വക്ക് കൂടുതല്‍ സുന്ദരമാകുന്നു എന്നത് മിഥ്യാബോധം മാത്രമാണ്.

സാലിസിലേറ്റ്‌സ് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയ ലേപനങ്ങള്‍ തൊലിയിലെ മൃതകോശങ്ങള്‍ മാറ്റുകയും ചര്‍മ്മത്തിന് പൊതു ഭംഗി നല്‍കുകയും ചെയ്യുന്നു. സ്‌ക്രബ് (Scrub) ലേപനങ്ങളും ചര്‍മ്മത്തിന്റെ പുറത്തെ പാളികള്‍ മാറ്റി തൊലിക്ക് തുടിപ്പു നല്‍കാന്‍ കെല്‍പ്പുള്ളവയാണ് പക്ഷേ അവ താല്‍ക്കാലികം മാത്രമാണ്.

മാസ്‌ക് (Masks) — പലവിധ രാസവസ്തുക്കളും ജൈവ കണങ്ങളും അടങ്ങിയ മാസ്‌കുകള്‍ തൊലിയുടെ ചുളിവുകളും തൂങ്ങലുകളും ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. അതില്‍ അടങ്ങിയിരിക്കുന്ന പശ പോലെയുള്ള ഘടകങ്ങള്‍ പ്രായം കൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങള്‍ കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കും.

വരണ്ട ചര്‍മം

ത്വക്കിനെ മൃദുലമാക്കാന്‍ ഏറ്റവും നല്ലത് ശുദ്ധജലം തന്നെയാണ്. എന്നാല്‍ എമോലിയന്റ്‌സ് (Emol­lients) അല്ലെങ്കില്‍ മോയിസ്റ്ററൈസര്‍ (Mois­turis­er) വരണ്ട ചര്‍മ്മത്തിന് ഈര്‍പ്പം കൊടുക്കുന്നതിന് സഹായകമാണ്. കുളി കഴിഞ്ഞ ഉടനെ പുരട്ടുന്നതാണ് നല്ലത്. ഇവ അടങ്ങിയ ലേപനങ്ങള്‍ ചുളിവുകളും ജരയും തടയുകയില്ലെങ്കിലും ചര്‍മ്മത്തിന് ഒരു നവത്വം നല്‍കുന്നതായി കാണപ്പെടുന്നു. പക്ഷേ ചിലര്‍ ഇത് മുഖക്കുരു കൂടുന്നെന്നും കറുപ്പുണ്ടാക്കുന്നെന്നും പരാതിപ്പെടുന്നു. പെട്രോലാറ്റം, ബേബി ഓയില്‍, മിനറല്‍ ഓയില്‍ ഇവയാണ് സാധാരണ മോയിസ്റ്ററൈസറുകള്‍. ചില ലേനങ്ങളില്‍ ഫാറ്റി ആസിഡുകള്‍, വാക്‌സ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. പക്ഷേ ഇവയില്‍ അടങ്ങിയിരിക്കുന്ന കളറുകള്‍, സുഗന്ധ വസ്തുക്കള്‍, പ്രിസര്‍വേറ്റിവ്‌സ് അലര്‍ജി ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. ചില രാസവസ്തുക്കള്‍ ചര്‍മ്മ പാളികള്‍ക്കുള്ളിലെ ഘര്‍ഷണം ഒഴിവാക്കി തൊലിക്ക് മൃദുത്വം നല്‍കുന്നു. ലാക്റ്റിക് ആസിഡ് അതിനൊരു ഉദാഹരണമാണ്. ഇവയെ ‘ഹ്യുമിക്റ്റന്റ്’ (Humec­tants) എന്ന് പറയുന്നു. അവ ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് കൂട്ടുന്നു.

ജോജോബാ ഓയില്‍, കറ്റാര്‍വാഴ, വൈറ്റമിന്‍ ഇ, ഇവയുടെ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശേഷി ഉണ്ടെന്ന അവകാശ വാദവുമായി ചില ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നുണ്ട്. ഇതില്‍ അത്ര വാസ്തവമൊന്നുമില്ല. വര്‍ഷങ്ങള്‍ നീണ്ട പഠനം ഇതിനാവശ്യമാണ്. തന്നെയുമല്ല ഇവ അലര്‍ജി ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

തലമുടിയുടെ സംരക്ഷണം

മൃദുവായ ഷാംപൂ കൂടെക്കൂടെ ഉപയോഗിക്കുന്നത് മൃതകോശങ്ങളെ മാറ്റാന്‍ പര്യാപ്തമാണ്. ക്ഷാരഗുണം കൂടുതലുള്ള ഷാംപൂ മുടി വരണ്ടതും ജീവനറ്റതുമായി തോന്നിപ്പിക്കും. ലോറില്‍ സള്‍ഫേറ്റ് അടങ്ങിയ ഷാംപൂ ക്ഷാരഗുണം കൂടുതലുള്ളവയാണ്. അവ ഉപയോഗിക്കുമ്പോള്‍ കണ്ടീഷണര്‍ കൂടി ചേര്‍ന്നത് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

സ്ട്രെറ്റനിംഗ് പോളിപ്പിംഗ് മുതലായവ ചെയ്യുന്നത് മുടിയിഴകള്‍ക്ക് ഹാനികരമാണ്. രോമകൂപങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും തന്മൂലം മുടി വളര്‍ച്ച തടസ്സപ്പെടുകയും ചെയ്യും. ചിലര്‍ക്ക് അസാധാരണമായ മുടികൊഴിച്ചില്‍ ഉണ്ടാകാന്‍ ഇത് കാരണമാകും. മുടിയിഴകള്‍ വലയുന്നതു കൊണ്ട് പൊട്ടിപ്പോകാനും സാദ്ധ്യതയുണ്ട്.
ആസിഡ് ചേര്‍ന്ന് ഷാംപൂകള്‍ മുടിയിഴകളുടെ ബാഹ്യരൂപത്തിന് മാറ്റം ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. ആല്‍ക്കലി അടങ്ങിയ ഷാംപൂ മുടിയുടെ ഇലക്ട്രിക്കല്‍ ചാര്‍ജിന് മാറ്റമുണ്ടാക്കാന്‍ മാറ്റമുണ്ടാകാന്‍ കാരണമാകുന്നുണ്ട്.
ഷാംപൂ ഉപയോഗിച്ചു കഴിഞ്ഞ ഉടനെ കണ്ടീഷണര്‍ കൊണ്ടു കഴുകിയാല്‍, മുടിയിലെ എണ്ണമയം നിലനിര്‍ത്തുകയും മുടിക്ക് കൂടുതല്‍ കട്ടി തോന്നിപ്പിക്കുകയും ചെയ്യും. അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം മുടിക്കുണ്ടാകുന്ന ദോഷങ്ങള്‍ മാറ്റാനും കണ്ടീഷണര്‍ സഹായിക്കും. കെമിക്കല്‍ ഉപയോഗിച്ച് ചെയ്യുന്ന സ്ട്രെയ്റ്റനിംഗ്, സ്മൂത്തനിംഗ് കാരണം മുടി വരണ്ടതായി കാണപ്പെടുന്നെങ്കില്‍ കണ്ടീഷണര്‍ ഉപയോഗിക്കാം.

അലര്‍ജി
ഏതെങ്കിലും സൗന്ദര്യവര്‍ദ്ധക സാമഗ്രികള്‍ വാങ്ങിക്കുമ്പോള്‍ അതില്‍ ‘ഹൈപ്പോ അലര്‍ജനിക്’ (Hypo aller­genic) എന്ന് എഴുതിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. എങ്കിലും കോസ്‌മെറ്റിക്‌സ് അലര്‍ജി ഉണ്ടാക്കാന്‍ സാദ്ധ്യത കൂടുതലായിട്ടുണ്ട്, കാരണം ഒരു തുള്ളി സുഗന്ധദ്രവ്യത്തില്‍ പോലും 200ല്‍ അധികം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അലര്‍ജി ഉള്ളവര്‍ പാച്ച് ടെസ്റ്റിംഗ് (Patch test­ing) ചെയ്തിട്ട് ഉപയോഗിക്കുന്നതായിരിക്കും സുരക്ഷിതം.

അക്‌നി കോസ്മറ്റിക (Acne Cos­met­i­ca) എണ്ണമയമുള്ള കോസ്‌മെറ്റിക്‌സ് തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ കാണുന്ന ഒരു ദോഷഫലമാണ്. മേക്ക് അപ്പ് ഉപയോഗിച്ച ശേഷം അധികമായി മുഖക്കുരു ഉണ്ടാകുന്ന ഒരു സ്ഥിതി വിശേഷമാണിത്. സോഡിയം ലോറെന്‍ സള്‍ഫേറ്റ്, ലെനോലില്‍, കൊക്കോ ബട്ടര്‍ എന്നിവയാണ് സാധാരണ ഈ അസുഖം ഉണ്ടാക്കുന്നത്. ക്രീം അധികമായുള്ളതും മോയ്സ്റ്ററൈസര്‍ കൂടുതലുള്ളതുമായ സോപ്പുകളും ഈ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.

സൗന്ദര്യവര്‍ദ്ധക ഉല്‍പ്പനങ്ങള്‍ ആകര്‍ഷകമായ പരസ്യങ്ങളോടൊപ്പം അനേകം സുന്ദര വാഗ്ദാനങ്ങള്‍ നല്‍കുന്നു. പക്ഷേ അവ വിപരീത ഫലങ്ങള്‍ അനവധി ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അവരവരുടെ ചര്‍മ്മത്തിന്റെ സവിശേഷത മനസ്സിലാക്കി സൂക്ഷിച്ചുപയോഗിക്കുന്നതാണ് അഭിലഷണീയം.

ഡോ.ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.