കെ പി സതീഷ്ചന്ദ്രന്റെ പൊതുയോഗത്തിന് നേരെ ബിജെപി ആര്‍എസ്എസ് അക്രമം

Web Desk

കാസര്‍കോട്

Posted on March 26, 2019, 9:36 pm

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കൂഡ്ലുവില്‍ സംഘടിപ്പിച്ച പൊതുയോഗത്തിന് നേരെ ബിജെപി ആര്‍എസ്എസ് അക്രമം. സിപിഐ എം ലോക്കല്‍സെക്രട്ടറിക്കും സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രാംദാസ് നഗര്‍ ലോക്കല്‍ സെക്രട്ടറി കെ ഭുജംഗഷെട്ടിയെ ചെങ്കള ഇ കെ നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ബിജെപി പ്രവര്‍ത്തകരായ മന്നിപ്പാടിയിലെ സുദീപ്, അജിത്ത്, കൂഡ്‌ലുവിലെ ശരത്, ശിവശക്തി നഗറിലെ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി സി ജെ സജിത്തിന്റെ പ്രസംഗം അവസാനിച്ചയുടന്‍ ‘ഞങ്ങളുടെ നാട്ടിലെത്തി മോഡിക്കും ബിജെപിക്കുമെതിരെ പ്രസംഗിക്കുമോ’ എന്നാക്രോശിച്ചായിരുന്നു ഇരുപതോളം സംഘത്തിന്റെ അക്രമം. സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ളവരെ മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭുജംഗഷെട്ടിയെ മാരകായുധങ്ങളുമായി അക്രമിച്ചത്.

ബിജെപി ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന കൂഡ്‌ലുവില്‍ എല്‍ഡിഎഫിന് വര്‍ധിച്ചുവരുന്ന ജനപിന്തുണയില്‍ വിറളിപൂണ്ട ബിജെപി ആര്‍എസ്എസ് സംഘം ഏതുവിധേനയും സ്ഥാനാര്‍ഥി പര്യടനം അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്. അക്രമം നടക്കുമ്പോള്‍ തിരിച്ചടിയുണ്ടായാല്‍ ശക്തമായ സംഘര്‍ഷത്തിന് കോപ്പുകൂട്ടി ബിജെപി ക്രിമിനല്‍ സംഘം മാരകായുധങ്ങളുമായി സമീപത്ത് തമ്പടിച്ചിരുന്നു. ബിജെപി നിയന്ത്രണത്തിലുള്ള രാംദാസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കേന്ദ്രീകരിച്ചാണ് അക്രമിസംഘം എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കാനെത്തിയത്. സ്വീകരണകേന്ദ്രത്തില്‍ പൊലീസില്ലാതിരുന്നത് അക്രമികള്‍ക്ക് തുണയായി. അതേസമയം സംഭവം നടന്നയുടന്‍ പൊലീസ് സ്ഥലത്തെത്തിയതിനാല്‍ വലിയതോതിലുള്ള സംഘര്‍ഷം ഒഴിവാക്കാനായി.