Web Desk

ബീജിങ്:

March 18, 2020, 10:53 pm

ചൈന‑യുഎസ് പോര് മുറുകുന്നു

Janayugom Online

മൂന്ന് അമേരിക്കന്‍ മാധ്യമങ്ങളുടെ പ്രതിനിധികളെ ചൈനയില്‍ നിന്ന് പുറത്താക്കി. അമേരിക്കയിലെ ചൈനീസ് മാധ്യമപ്രവർത്തകർ അകാരണമായി പീഡിപ്പിക്കപ്പെടുന്നുവെന്നു കാണിച്ചാണ് നടപടി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ കടുത്ത വിള്ളൽ വീണിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വാഷിംങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കാണ് ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദൈനംദിന വാർത്താസമ്മേളനത്തിനിടെ വിദേശകാര്യവക്താവ് ജെങ് ഷുവാങാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ ചൈന നിർബന്ധിതമായിക്കുകയാണെന്ന് അറിയിച്ചത്. ഏകദേശം 13 ഓളം മാധ്യമപ്രവർത്തകർക്കാണ് രാജ്യം വിട്ടുപോകാനുള്ള നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഐഡറ്റിറ്റി കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ പത്തുദിവസത്തിനകം തിരിച്ചു നൽകണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ഗതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 12 മാസത്തെ വിസയും പ്രസ് കാര്‍ഡുമാണ് ചൈന അനുവദിക്കാറുള്ളതാണ്. ചൈനയില്‍ മാത്രമല്ല, ഹോങ്കോങില്‍ പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്വയം ഭരണാധികാരമുള്ള പ്രദേശമാണ് ഹോങ്കോങ്. ചൈനയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ നേരത്തെ ഹോങ്കോങില്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ചൈനയിലും ഹോങ്കോങിലും മക്കാവുവിലും അവര്‍ക്ക് മാധ്യമ പ്രവര്‍ത്തകരായി ജോലി ചെയ്യാന്‍ സാധിക്കില്ല’ വിദേശകാര്യ വക്താവ് അറിയിച്ചു. ഹോങ്കോങിനെയും നിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തിയത് വിവാദമാകുമെന്നാണ് സൂചന.

ഹോങ്കോങിലെ വിദേശ മാധ്യമങ്ങളുടെ കാര്യങ്ങള്‍ ആ നഗരത്തിലെ ഭരണാധികാരികള്‍ തന്നെയാണ് തീരുമാനിക്കുന്നത്. ഇത് സംബന്ധിച്ച് ചൈനയും ഹോങ്കോങും തമ്മിൽ കരാറും നിലവിലുണ്ട് അതില്‍നിന്ന് ഭിന്നമാണ് ചൈനയുടെ ഇപ്പോഴത്തെ നടപടി. ചൈനീസ് നടപടി നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. കഴിഞ്ഞ മാസമാണ് രാഷ്ട്രീയ പ്രേരിതവും അനാവശ്യവുമായ വിലക്കുകൾ ചൈനയില്‍നിന്നുള്ള മാധ്യമങ്ങള്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയത്. എന്നാല്‍ ചൈനയില്‍ ഇല്ലാത്ത പത്ര സ്വാതന്ത്ര്യം അമേരിക്കയില്‍ എല്ലാവരും അനുഭവിക്കുന്നുണ്ടെന്നായിരുന്നു ചൈനീസ് അധികൃതരുടെ ആരോപണങ്ങളോട് യുഎസ് വിദേശ കാര്യ സെക്രട്ടറിയുടെ മറുപടി. ചൈന നേരത്തെ വോള്‍സ്ട്രീറ്റ് ജേണലിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. ഇതെ തുടര്‍ന്ന് ചൈനയിലെ ഔദ്യോഗിക മാധ്യമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. ഇങ്ങനെ നിരവധി മാസങ്ങളായുള്ള തര്‍ക്കമാണ് ഇപ്പോള്‍ പുതിയ നീക്കത്തിന് വഴിതെളിയിച്ചിരിക്കുന്നത്.

വ്യാപാര രാഷ്ട്രീയ രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ മാധ്യമപ്രവർത്തകരെ പുറത്താക്കാനെടുത്തുന്ന സമീപനവുമെന്നാണ് വിലയിരുത്തൽ. സ്വയം ഏർപ്പെടുത്തിയ നിയ ന്ത്രണങ്ങളിൽ അമേരിക്ക ഏറെ പശ്ചാത്താപിക്കേണ്ടതായി വരുമെന്ന് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് പത്രത്തിന്റെ എഡിറ്റർ ഹു ഷിജിൻ പറഞ്ഞു. യുഎസിൽ ചൈനയുടെ 19 ഔട്ട്‌ലെറ്റുകളും ചൈനയിൽ യുഎസിന്റെ 29 ഔട്ട്‌ലെറ്റുകളുമാണ് ഉള്ളതെന്ന് ഓർമവേണമെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന് ചൈനീസ് വൈറസെന്ന് അധിക്ഷേപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവനയിറക്കിയതിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കിയത്.

ENGLISH SUMMARY: Clash between chi­na and us

YOU MAY ALSO LIKE THIS VIDEO