എവിൻ പോൾ

തൊടുപുഴ:

February 03, 2021, 7:28 pm

ഇടുക്കി സീറ്റിനെ ചൊല്ലി യുഡിഎഫിൽ തമ്മിലടി

Janayugom Online

ഇടുക്കി സീറ്റിനെ ചൊല്ലി യുഡിഎഫിൽ തമ്മിലടി. ഇത്തവണ എന്തുവിലകൊടുത്തും കേരള കോൺഗ്രസിനെ ഇവിടെ മൽസരിപ്പിക്കില്ലെന്ന് ഉറച്ചാണ് കോൺഗ്രസ് രംഗ പ്രവേശനം ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇടതുമുന്നണിയുടെ ഭാഗമായ റോഷി അഗസ്റ്റിന്റെ കുത്തകയായാണ് ഇടുക്കി നിയമസഭാ മണ്ഡലം അറിയപ്പെടുന്നത്. 2001 നിയമസഭ തെരഞ്ഞെടുപ്പ് മുതൽ തുടർച്ചായി ഇവിടെ റോഷി അഗസ്റ്റിൻ എംഎൽഎയാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഇവിടെ കേരള കോൺഗ്രസാണ് മൽസരിച്ച് ജയിച്ചത്. അന്ന് സീറ്റ് പിടിക്കാനായെങ്കിലും ഒപ്പമുണ്ടായിരുന്ന റോഷി അഗസ്റ്റിൻ ഇത്തവണ ഇടതുകോട്ടയിലായതോടെ ഇടുക്കിയിൽ യുഡിഎഫിനെ കൂടുതൽ ദുർബലമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഇടുക്കി നിയമസഭ മണ്ഡലങ്ങളിൽപ്പെടുന്ന പഞ്ചായത്തുകളിൽ യുഡിഎഫ് തിരിച്ചടി നേരിട്ടിരുന്നു.

ജോസഫ് വിഭാഗം ശക്തികാണിക്കുമെന്ന തോന്നിപ്പിച്ച പലയിടത്തും മുട്ടുകുത്തുകയും ചെയ്തു. ഇതോടെയാണ് എന്തുവിലകൊടുത്തും കേരള കോൺഗ്രസിൽ നിന്നും സീറ്റ് തിരിച്ച് പിടിക്കാനുറച്ച് കോൺഗ്രസ് കച്ചക്കെട്ടിയിറങ്ങിയിരിക്കുന്നത്. കട്ടപ്പന മുൻസിപ്പാലിറ്റിയിലുള്ള മേൽക്കൈയും കോൺഗ്രസിനെ ഇടുക്കി സീറ്റ് ചോദിക്കാൻ നിർബന്ധിതിരാക്കി. ഇടുക്കി സീറ്റ് വേണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസിസിയുടെ ഈ ആവശ്യം കേരള കോൺഗ്രസും ജോസഫും എങ്ങനെ നേരിടുമെന്ന ആകാംഷയിലാണ് ഇടുക്കിയിലെ ജനങ്ങൾ.

ENGLISH SUMMARY: Clash between UDF over Iduk­ki seat

YOU MAY ALSO LIKE THIS VIDEO